അടിസ്ഥാന സൗകര്യങ്ങളില്ലാതെ പുതുതായി രൂപീകരിച്ച നഗരസഭകള്‍
കൊണ്ടോട്ടി: യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 2015ല്‍ രൂപീകരിച്ച നഗരസഭകള്‍ നാലു വര്‍ഷമാകുമ്പോഴും പ്രവര്‍ത്തിക്കുന്നത് ഗ്രാമപഞ്ചായത്ത് നിലവാരത്തില്‍. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് സംസ്ഥാനത്ത് 28 നഗരസഭകള്‍ യു.ഡി.എഫ് സര്‍ക്കാര്‍ രൂപീകരിച്ചത്. എന്നാല്‍ ഇവയില്‍ മിക്കവയും നഗരവല്‍ക്കരണമില്ലാതെ ഗ്രാമവല്‍ക്കരണ നിലവാരത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. പുതിയ നഗരസഭകളില്‍ തനതു ഫണ്ടിന്റെ കുറവും ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 2015ല്‍ രൂപീകരിച്ച 28 നഗരസഭകളടക്കം 87 മുനിസിപ്പാലിറ്റികളാണുള്ളത്.
ഗ്രാമപഞ്ചായത്തുകള്‍ നഗരസഭകളാവുമ്പോള്‍ ഒരുക്കേണ്ട കെട്ടിട, വാഹന, ജീവനക്കാരുടെ സൗകര്യങ്ങളൊന്നും ഇതുവരെ ഒരുക്കാനായിട്ടില്ല.
മതിയായ കെട്ടിടങ്ങള്‍ നിര്‍മിക്കാതെ പഴയ പഞ്ചായത്ത് ഓഫിസുകളില്‍ തന്നെ ഇപ്പോഴും നഗരസഭകള്‍ മിക്കവയും പ്രവര്‍ത്തിക്കുന്നത്. മതിയായ ജീവനക്കാരില്ലാതെയാണ് നഗരസഭകളുടെ ഇപ്പോഴുമുളള പ്രവര്‍ത്തനം. നഗര മാലിന്യ നിര്‍മാര്‍ജനത്തിന് ആവശ്യമായ നടപടികള്‍ പലയിടക്കും കാര്യമായിട്ടില്ല. ആവശ്യമായ ശുചീകരണ തൊഴിലാളികളെ വരെ ഇതുവരെ കണ്ടെത്താനുമായിട്ടില്ല.
എന്‍ജിനിയറിങ് വിഭാഗത്തില്‍ മിക്ക നഗരസഭകളും ഗ്രാമപഞ്ചായത്ത് നിലവാരത്തിലാണ്. കൈയേറ്റം കണ്ടെത്തല്‍, പുതിയ കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കല്‍ തുടങ്ങിയവക്കെല്ലം പരിമിതമായ ജീവനക്കാരാണുളളത്. ആരോഗ്യരംഗത്തും നഗരസഭാ തലത്തിലുള്ള ഉയര്‍ച്ചകള്‍ പുതിയ നഗരസഭകളില്‍ ഇതുവരെയുണ്ടായിട്ടില്ല. പുതിയ നഗരസഭകള്‍ കൂടുതല്‍ രൂപീകരിച്ചത് മലപ്പുറം ജില്ലയിലാണ്.
തദ്ദേശ സ്ഥാപനങ്ങളുടെ വിഭജനം, രൂപീകരണം എന്നിവയുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ തദ്ദേശസ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ അധ്യക്ഷനായ അഞ്ചംഗ സമിതി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ നഗരസഭകളോ കോര്‍പറേഷനുകളോ രൂപീകരിക്കേണ്ടെന്നാണ് ശുപാര്‍ശ ചെയ്തത്. ഇതിനു കാരണമായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതും പുതിയ നഗരസഭകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനായിട്ടില്ലെന്നാണ്. ഗ്രാമപഞ്ചായത്തുകളെ നഗരസഭകളാക്കി ഉയര്‍ത്തിയതിനാല്‍ പൊതുജനത്തിന് ഉയര്‍ന്ന നികുതിയടക്കം നല്‍കേണ്ടി വരുമ്പോഴും മതിയായ സൗകര്യങ്ങള്‍ നല്‍കാന്‍ അധികൃതര്‍ക്ക് ഇതുവരെയായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."