തിരിച്ചുവരും കരുത്തോടെ
ന്യൂഡല്‍ഹി: ഈയിടെയായി പരുക്ക് വല്ലാതെ അലട്ടുന്നുണ്ടെങ്കിലും കരുത്തോടെ തിരിച്ചുവരുമെന്ന സൂചനയാണ് ഇന്ത്യന്‍ പേസ് വജ്രായുധം ജസ്പ്രീത് ബുംറയില്‍ നിന്നും ആരാധകര്‍ക്ക് ലഭിക്കുന്നത്. ചൊവ്വാഴ്ച രാത്രി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ താരം ടീമില്‍ നിന്ന് പിന്‍മാറിയിരുന്നു. സാധാരണ ചെയ്യാറുള്ള പരിശോധനയിലാണ് താരത്തെ പരുക്ക് പിടികൂടിയതായുള്ള വിവരം പുറത്തുവന്നത്. പുറംവേദന മൂലമാണ് ബുംറയെ ഉള്‍പ്പെടുത്താതിരുന്നതെന്ന് ടീം പ്രഖ്യാപന വേളയില്‍ ബി.സി.സി.ഐ അറിയിക്കുകയും ചെയ്തു. എന്നാല്‍ തന്നിലുള്ള പരുക്കിനെ പോസിറ്റീവായി കാണാനാണ് യോര്‍ഡക്കര്‍ വിരുതന്‍ ശ്രമിച്ചത്. ഇത് ക്രിക്കറ്റ് ലോകത്തോട് വിളിച്ചു പറയുകയും ചെയ്തു.
'പരുക്കുകള്‍ സ്‌പോര്‍ടിസിന്റെ ജീനിലുള്ളതാണ്. നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ കരുത്തോടെ തിരിച്ചുവരാനാണ് ലക്ഷ്യം'- പരുക്കിനെ വെല്ലുവിളിച്ചുകൊണ്ട് ബുംറ ട്വിറ്ററില്‍ കുറിച്ചതാണിത്.
പരുക്കില്‍നിന്ന് മോചിതനാവുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായി താരം ബംഗളൂരുവിലേക്ക് തിരിക്കും.
2018ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അരങ്ങേറ്റം കുറിച്ചതു മുതല്‍ ഉറങ്ങിക്കിടന്ന ഇന്ത്യന്‍ ബൗളിങ്ങിനെ ഉണര്‍ത്തിയതില്‍ താരത്തിന് മികച്ചൊരു പങ്കുണ്ട്. ഇതുവരെ കളിച്ച 12 മത്സരങ്ങളില്‍നിന്ന് 16.24 ശരാശരിയില്‍ 62 വിക്കറ്റാണ് ഈ അഹമ്മദാബാദുകാരന്‍ സ്വന്തമാക്കിയത്.
കഴിഞ്ഞ വിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യ നേടിയ പരമ്പര വിജയത്തില്‍ താരത്തിന്റെ 13 വിക്കറ്റും തിളങ്ങി നില്‍ക്കുന്നു. ഇതില്‍ രണ്ട് അഞ്ച് വിക്കറ്റ് നേട്ടത്തിനൊപ്പം ഒരു ഹാട്രിക്കും ബുംറയുടെ ബൗളിങ് പ്രകടനത്തിന്റെ മാറ്റ് കൂട്ടുന്നു.
നേരത്തേ തന്റെ 11ാം ടെസ്റ്റില്‍ എത്തിനില്‍ക്കുമ്പോള്‍ ആസ്‌ത്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീ മണ്ണില്‍ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും സ്വന്തം പേരിലാക്കി.
ഒക്ടോബര്‍ രണ്ടിന് ബുംറയില്ലാതെ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുമ്പോള്‍ താരത്തിന്റെ അസാന്നിധ്യം ആതിഥേയര്‍ക്ക് മുന്നില്‍ ഇന്ത്യ മറികടക്കുമോ എന്ന് കണ്ടറിയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."