പാപ്പിനിശ്ശേരി മേല്‍പ്പാലം റോഡ് യാത്ര ദുരിതത്തില്‍
പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി റെയില്‍വേ മേല്‍പ്പാല ജോലികള്‍ കാരണം നടുവൊടിഞ്ഞ് യാത്രക്കാര്‍. മഴക്ക് മുന്‍പേ റോഡിന്റെ ജോലികള്‍ തീര്‍ക്കാത്തതിനാല്‍ കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലൂടെയുള്ള ദുരിത യാത്ര സാഹസികം.
പഴയങ്ങാടി, പയ്യന്നൂര്‍, കണ്ണൂര്‍ ഭാഗങ്ങളിലേക്കുള്ള നിരവധി വാഹനങ്ങളാണ് പാപ്പിനിശ്ശേരി പാലം വഴി ദിനംപ്രതി കടന്ന് പോകുന്നത് . പഴയങ്ങാടി ജങ്ഷന്‍ മുതല്‍ കാട്ടിലെപള്ളി വരെയുള്ള റോഡ് വലിയ കുഴികള്‍ നിറഞ്ഞ് വെള്ളക്കെട്ടിനാല്‍ യാത്ര വളരെ ദുസഹമായിരിക്കുകയാണ്.
പാലം വഴി കടന്ന് പോകുന്ന മടക്കര, ചെറുകുന്ന് തറ, കച്ചേരിത്തറ, ഇരിണാവ് ഭാഗങ്ങളിലേക്കുള്ള ബസ് യാത്രക്കാരും റോഡ് കാരണമായി ദുരിതം അനുഭവിക്കുന്നു. മഴ വെള്ളം നിറഞ്ഞതിനാല്‍ സമീപത്തെ സ്‌കൂളുകളായ ഗവ. മാപ്പിള എല്‍.പി സ്‌കൂള്‍, ഹിദായത്ത് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ തുടങ്ങിയവയിലേക്ക് വിദ്യാര്‍ഥികള്‍ക്ക് നടന്ന് പോകാന്‍ വഴികളില്ല. ചളി നിറഞ്ഞ റോഡരികിലൂടെ വളരെ ബുദ്ധിമുട്ടി നടന്ന് പോകുന്നുവെങ്കിലും ചളികള്‍ തെളിപ്പിച്ചാണ് വാഹനങ്ങള്‍ കടന്ന് പോകുന്നത്.
ആളുകള്‍ക്ക് ഇത് വഴി നടന്ന് പോകുന്നതിന് നടപ്പാത പോലും നിര്‍മിച്ച് നല്‍കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
പഴയങ്ങാടി ജങ്ഷന്‍ മുതല്‍ കാട്ടിലെ പള്ളി വരെയുള്ള ഒരു കി.ലോ മീറ്റര്‍ ദൂരം വരുന്ന റോഡിന്റെ ജോലികളാണ് ഇനിയും ബാക്കിയുള്ളത്.
റോഡ് പാലത്തിനോട് സമമായി നിരപ്പാക്കുന്നതടക്കമുള്ള ജോലികള്‍ ഇനിയും ബാക്കിയാണ്. മഴയെത്തും മുന്‍പേ റോഡിന്റെ ജോലികള്‍ ദ്രുതഗതിയില്‍ തീര്‍ക്കുന്നതിന് കരാറുകാരനായ ആര്‍.ഡി.എസ് അലംഭാവം കാണിച്ചതിനാലാണ് മഴക്കാലത്ത് ജനങ്ങള്‍ ദുരിതമനുഭവിക്കുന്നത്.
ലോക ബാങ്ക് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുന്നതന് മുന്നോടിയായി ജോലികള്‍ക്ക് വേഗം കൂടിയെങ്കിലും ഇപ്പോള്‍ മന്ദഗതിയിലാണ് നിര്‍മാണ പ്രവൃത്തികള്‍ നടന്ന് വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."