വിദ്യാര്‍ഥികള്‍ ചികിത്സയില്‍; സ്‌കൂളിനെതിരെ പ്രതിഷേധം ശക്തം
കൊല്ലം:സ്‌കൂളിലെ പ്രഭാത ഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷ ബാധയേറ്റതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ആശുപത്രിയിലായ സംഭവത്തില്‍ സ്‌കൂളിനെതിരെ പ്രതിഷേധം വ്യാപകമായി. പട്ടത്താനം ഗവ. എല്‍.പി.എസില്‍ വ്യാഴാഴ്ചയുണ്ടായ സംഭവത്തെ തുടര്‍ന്ന് കൊല്ലത്തെ വിവിധ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ് വിദ്യാര്‍ഥികള്‍. ഇവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കിലും കേസ് അട്ടിമറിക്കാനുള്ള നീക്കംനടക്കുന്നുവെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. കൊല്ലം ഗവ. വിക്‌ടോറിയ ആശുപത്രിയില്‍ കഴിയുന്ന 20 കുട്ടികളെ കൂടാതെ മറ്റു സ്വകാര്യ ആശുപത്രികളിലും കുട്ടികള്‍ ചികില്‍സയിലാണ്. വിക്‌ടോറിയയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത ചില വിദ്യാര്‍ഥികളെ വീണ്ടും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും പറയുന്നു.
വ്യഴാഴ്ച രാവിലെ ആഹാരത്തിനൊപ്പം നല്‍കിയ പാലില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സൂചന. ക്ലാസിലിരിക്കെ പല കുട്ടികള്‍ക്കും അസ്വസ്ഥതയും ഛര്‍ദിയുമുണ്ടായി. സ്‌കൂള്‍ അധികൃതര്‍ ഉടന്‍തന്നെ കുട്ടികളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടികളില്‍ ചിലരെ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. ബാക്കിയുള്ളവരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. വെള്ളിയാഴ്ചയാണ് സംഭവമെന്നു പറയുന്നുണ്ടെങ്കിലും വ്യാഴാഴ്്ച സ്‌കൂളിലെത്തിയ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് രക്ഷകര്‍ത്താക്കള്‍ പറയുന്നു. സംഭവം അറിഞ്ഞയുടന്‍ തന്നെ ജില്ലാ കലക്ടര്‍ സ്‌കൂളിലെത്തി പരിശോധന നടത്തിയിരുന്നു.
സംഭവത്തില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് ഇന്ന് ഈസ്റ്റ് പൊലിസില്‍ പരാതി നല്‍കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സദക്കത്ത് അറിയിച്ചു. ഇതിനിടെ,കൊല്ലം വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട കുട്ടികളെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം സി.ജെ ആന്റണി ഇന്നലെ സന്ദര്‍ശിച്ചു. പ്രത്യേകവാര്‍ഡ് സജ്ജമാക്കി മതിയായ ചികിത്സ ലഭ്യമാക്കിയതില്‍ സംതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം വിഷയം സംബന്ധിച്ചു സ്വമേധയാ കേസെടുത്തു. ഭക്ഷ്യ സുരക്ഷ അസി.കമ്മീഷണര്‍, ഹെഡ്മാസ്റ്റര്‍, ജില്ലാ സപ്‌ളൈ ഓഫീസര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി, ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്ക് 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ടു നല്‍കാന്‍ നിര്‍ദ്ദേശിച്ച് നോട്ടീസ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."