പാലാ ഫലം കേരളാ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ക്ക് നിര്‍ണായകമാകും
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് ഫലം കേരളാ കോണ്‍ഗ്രസ് (എം)ലെ ജോസഫ്-ജോസ് വിഭാഗങ്ങള്‍ക്കും നിര്‍ണായകമാകും. കെ.എം മാണിയുടെ അന്ത്യനാളുകള്‍ മുതല്‍ രൂക്ഷമായ ഭിന്നത ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ യു.ഡി.എഫ് നേതൃത്വത്തെയും പ്രതിസന്ധിയിലാക്കിയിരുന്നു. കേരളാ കോണ്‍ഗ്രസ് (എം)ന്റെ മേലുള്ള അവകാശത്തിനുമേല്‍ ഇരുവിഭാഗങ്ങളും അവകാശവാദങ്ങളുന്നയിക്കുന്നതാണ് പ്രശ്‌നപരിഹാരത്തിനുള്ള പ്രധാന തടസം. ജോസ്.കെ മാണി കോട്ടയത്ത് യോഗം വിളിച്ച് ചെയര്‍മാനായി പ്രഖ്യാപിക്കപ്പെട്ടതോടെ പിളരേണ്ടതായിരുന്നുവെങ്കിലും പി.ജെ ജോസഫ് കോടതിയെ സമീപിച്ചതോടെ പ്രശ്‌നപരിഹാരം അസാധ്യമാകുകയായിരുന്നു. യു.ഡി.എഫില്‍ വ്യത്യസ്ത പാര്‍ട്ടികളായി നില്‍ക്കുന്നത് മുന്നണി നേതൃത്വത്തിന് പ്രശ്‌നമാകില്ലെങ്കിലും ഇരുവരും ഒരേ പാര്‍ട്ടിയില്‍ രണ്ട് വിഭാഗങ്ങളായി തുടരുന്നതാണ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നത്. ഇനി നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളുടെ പ്രചാരണ വേളയിലും മുന്നണി നേതൃത്വത്തിന് കേരള കോണ്‍ഗ്രസിലെ പ്രശ്‌നം ഊരാക്കുടുക്കാകും.
പാലാ ഉപതെരഞ്ഞെടുപ്പിനിടയിലെ സംഭവവികാസങ്ങളോടെ രണ്ട് വിഭാഗത്തെയും ഒരുമിച്ച് മുന്നണിയില്‍ ഒന്നിച്ചു കൊണ്ടുപോകുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്. പാലായില്‍ പ്രചാരണത്തിനിടെയും വോട്ടെടുപ്പ് ദിനത്തില്‍പോലും ഇരുവിഭാഗം നേതാക്കളും പരസ്പരം വാക്‌പോരിനിറങ്ങിയിരുന്നു. ഓരോ തവണയും കോണ്‍ഗ്രസ് നേതാക്കളും മുന്നണിയിലെ ഘടകകക്ഷി നേതാക്കളും ഇരുവിഭാഗത്തെയും താക്കീത് ചെയ്തിരുന്നുവെങ്കിലും മുന്നറിയിപ്പ് ലംഘിക്കുന്നതാണ് പിന്നീട് കണ്ടത്. ഇക്കാര്യങ്ങള്‍ പരിഗണിച്ചാല്‍ മുന്നണി നേതൃത്വത്തിന്റെ അനുനയ ശ്രമങ്ങളോട് സഹകരിച്ച വിഭാഗത്തെ നിലനിര്‍ത്താനാകും സാധ്യത. ഇനി നടക്കാനിരിക്കുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളുടെ പ്രചാരണ പരിപാടികളോടുള്ള സഹകരണവും മുന്നണി നേതൃത്വം പരിഗണിച്ചേക്കും.
യു.ഡി.എഫിന്റെ പാലാ കണ്‍വന്‍ഷനില്‍ ജോസഫിനുണ്ടായ അപമാനത്തിലും ജോസഫിനെതിരേയുള്ള പ്രതിഛായ ലേഖനത്തിലും കോണ്‍ഗ്രസ് നേതൃത്വം ജോസ്.കെ മാണിയെ അതൃപ്തി അറിയിച്ചിരുന്നു. കൂടാതെ പാലാ ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ദിനത്തില്‍ ജോസ്.കെ മാണിക്കെതിരേയും സ്ഥാനാര്‍ഥി ജോസ് ടോമിനെതിരേയും ജോയി ഏബ്രഹാം നടത്തിയ പരാമര്‍ശങ്ങള്‍ അനവസരത്തിലുള്ളതാണെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന യു.ഡി.എഫ് നേതൃയോഗവും വിലയിരുത്തിയിരുന്നു. പരസ്പരമുണ്ടായ വാക്‌പോരിന്റെ പേരില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇരു വിഭാഗവും യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഉപതെരഞ്ഞെടുപ്പുകളുടെ തിരക്കിലേക്ക് മുന്നണി നേതൃത്വം നീങ്ങുന്നതോടെ കേരള കോണ്‍ഗ്രസ് (എം)ലെ ഇരുവിഭാഗങ്ങളുടെയും പരാതികള്‍ പരിഗണിക്കുന്നത് വൈകിയേക്കും. ഉപതെരഞ്ഞെടുപ്പില്‍ ജോസ് ടോമിന് കിട്ടുന്ന ഭൂരിപക്ഷത്തിന്റെ കണക്കുകളുടെ പേരിലും ജോസഫ്-ജോസ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."