സഹിഷ്ണുതയുണ്ടെങ്കില്‍ മാന്ദ്യത്തിനു മരുന്നുണ്ട്
#ടി.എച്ച് ദാരിമി (8111814829)
ലോകം പൊതുവെയും ഇന്ത്യ വിശേഷിച്ചും ഭീതിതമായ സാമ്പത്തിക പ്രതിസന്ധിയുടെ മുമ്പിലാണ് എന്ന് എല്ലാ വാര്‍ത്തകളും സൂചിപ്പിക്കുന്നു. സാമ്പത്തിക വളര്‍ച്ച ഏതാണ്ട് നിലച്ചുകഴിഞ്ഞു. നേരത്തെ സ്വരുക്കൂട്ടിയ ശക്തിയും ശേഷിയും ഉപയോഗിച്ചുള്ള ഒരു ഇഴഞ്ഞിഴഞ്ഞുള്ള പോക്കാണ് ഇപ്പോള്‍ ദൃശ്യത്തില്‍. ഈ സ്വഭാവം വെച്ച് 2020 ആകുമ്പോഴേക്കും ഏതാണ്ട് സാമ്പത്തിക മേഖല ചലനമറ്റു നില്‍ക്കും. ഇന്ത്യയില്‍ ഇതു ഏതാണ്ട് രൂപപ്പെട്ടുകഴിഞ്ഞു. നീതി ആയോഗിന്റെ ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍ പറയുന്നത് രാജ്യത്തിന്റെ സാമ്പത്തികനില കഴിഞ്ഞ എഴുപതു വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ഗുരുതരമായ പ്രതിസന്ധിയിലാണ് എന്നാണ്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് നിതിന്‍ റോയിയും ഇതു വ്യക്തമായി പറയുകയുണ്ടായി. രാഷ്ട്രീയ സമ്മര്‍ദങ്ങളില്‍ പെട്ട് അദ്ദേഹത്തിന് പ്രസ്താവന പിന്‍വലിക്കേണ്ടിവന്നു എങ്കിലും. ഏറ്റവും വളരുന്ന സാമ്പത്തിക സ്വഭാവമുള്ള രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യ 5ല്‍ നിന്ന് 7ലേക്കു വീണു. വലിയ കമ്പനികളിലും സ്ഥാപനങ്ങളിലും മാന്ദ്യം പിടിമുറുക്കിക്കഴിഞ്ഞു. 2018 ഓഗസ്റ്റില്‍ 1,58,189 കാറുകള്‍ വിറ്റ മാരുതി സുസുകിക്ക് ഈ ഓഗസ്റ്റായപ്പോഴേക്ക് 1,06,413 കാറുകളേ വിറ്റുപോയുള്ളൂ. 34.5 ശതമാനം കുറവ്. ഇതുവെച്ച് അവര്‍ 3,000 പേരെ പിരിച്ചുവിട്ടു. ചില പ്ലാന്റുകള്‍ അടച്ചുപൂട്ടുവാനും കൂടുതല്‍ പേരെ പിരിച്ചുവിടുവാനും സുസുക്കി ആലോചിക്കുന്നു. ടാറ്റ ഇതേ കാരണങ്ങളാല്‍ 60,000 പേരെ പിരിച്ചുവിട്ടു. പ്രതിദിനം 450 കാറുകള്‍ നിര്‍മിച്ചിരുന്ന അവര്‍ ഇപ്പോള്‍ 100 കാറുകളേ ഉണ്ടാക്കുന്നുള്ളൂ. പാര്‍ലെ തുടങ്ങിയ കമ്പനികള്‍ ഇതേ കാരണത്താല്‍ എണ്ണായിരം പേരെ പിരിച്ചുവിട്ടു. ലക്‌സും പിയേഴ്‌സും ഡോവുമെല്ലാം കൊണ്ട് കുളിപ്പുരകളെ സുഗന്ധമണിയിച്ച ഹിന്ദുസ്ഥാന്‍ യൂണീലിവര്‍ സാധനങ്ങള്‍ വിലകുറച്ചു വില്‍ക്കുവാന്‍ നിര്‍ബന്ധിതരായത് മുമ്പില്‍ രൂപപ്പെടുന്ന പ്രതിസന്ധിയുടെ പ്രതിബിംബം കണ്ടു ഭയന്നാണ്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അതിലേറെ പ്രതിസന്ധിയിലാണ്. എണ്‍പതുശതമാനം വായ്പകള്‍ കിട്ടാക്കടം എന്ന ചാപ്പകുത്തപ്പെട്ട അവസ്ഥയിലാണ്. ബാങ്കുകളെ പരസ്പരം ലയിപ്പിച്ച് കേന്ദ്രഗവണ്‍മെന്റും 1.76 ലക്ഷം കോടി രൂപ കരുതല്‍ ധനത്തില്‍ നിന്നും കേന്ദ്ര ഗവണ്‍മെന്റിന് എടുത്തുകൊടുക്കുവാന്‍ ആലോചിക്കുന്ന റിസര്‍വ് ബാങ്കും ചെയ്യുന്നത് വെറും പൊടിെൈക്കകള്‍ മാത്രമാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് ഇന്ത്യ കടുത്ത സാമ്പത്തിക ഞെരുക്കത്തിന്റെ കരങ്ങളിലാണ് എന്നതാണ്.
രാജ്യത്തിന്റെ സാമ്പത്തിക കിതപ്പും കുതിപ്പും അളക്കുന്നത് ജി.ഡി.പി റേറ്റ് വെച്ചാണ്. അതിപ്പോള്‍ കുറേയായി താഴേട്ടു മാത്രമാണ് എന്നാണ് സൂചികകള്‍ പറയുന്നത്. 9.2 ഉണ്ടായിരുന്നത് 7.9ലേക്കും അവിടെ നിന്നും 6.7ലേക്കും വീണ് ഇപ്പോള്‍ അത് 6.1ല്‍ എത്തിനില്‍ക്കുന്ന കാഴ്ചയാണ്. സ്വകാര്യ നിക്ഷേപം വരികയും വര്‍ധിക്കുകയും ചെയ്താല്‍ രക്ഷപ്പെടാം എന്നു കണക്കുകൂട്ടുന്നവരുമുണ്ട്. പക്ഷെ, ഇവ രണ്ടും ഉണ്ടാവണമെങ്കില്‍ നിക്ഷേപകര്‍ക്കു പ്രതീക്ഷ നല്‍കുവാന്‍ കഴിയണം. നിരന്തരമായി വന്‍കിട കമ്പനികളുടെ നഷ്ടങ്ങള്‍ പുറത്തുവന്നാല്‍ പിന്നെ അതുണ്ടാവില്ല. അതോടൊപ്പം കൂനിന്‍മേല്‍ കുരു എന്ന പോലെയാണ് അനുദിനം വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ.
കാരണങ്ങളെ കുറിച്ചു ചര്‍ച്ച ചെയ്യുമ്പോഴും പരിഹാരങ്ങള്‍ പരതുമ്പോഴും ആരു പറയുന്നതിലും വിശ്വസിക്കുവാന്‍ കഴിയാത്ത ഒരു അവസ്ഥയുണ്ട്. ഇന്ത്യന്‍ മാന്ദ്യത്തിന് എന്തെങ്കിലും കാരണങ്ങള്‍ കണ്ടെത്തുവാന്‍ കഴിഞ്ഞാല്‍ തന്നെയും ലോകം നേരിടുന്ന മാന്ദ്യത്തിനു അതിനെ കാരണമായി പറയുക വയ്യല്ലോ.
ഇന്ത്യയിലേതിനു നോട്ടു നിരോധനം, ജി.എസ്.ടി യുടെ പോരായ്മകള്‍, ഭീതിയുളവാക്കുന്ന രാഷ്ട്രീയ തീരുമാനങ്ങള്‍ ഉണ്ടാക്കുന്ന ഭീതി, ഗവണ്‍മെന്റിന്റെ മറ്റു ലക്ഷ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പൊതു അപകടങ്ങള്‍ ഇങ്ങനെ കുറേ ന്യായങ്ങള്‍ അധികമായി പറയുവാനുണ്ട് എന്നതു ശരിതന്നെ. പക്ഷെ, ലോകം എന്തുകൊണ്ട് സാമ്പത്തിക മാന്ദ്യത്തില്‍ പെടുന്നു എന്നു ചോദിക്കുന്നതോടെ ഇവിടെയുള്ള വാദങ്ങളുടെ കാറ്റു പോകുകയാണ്. ശരിയായ കാരണങ്ങള്‍ വേറിട്ടു മനസ്സിലാക്കേണ്ടിയിരിക്കുന്നു എന്നാണ് ഇതു സൂചിപ്പിക്കുന്നത്. അങ്ങനെ അന്വേഷിക്കുമ്പോള്‍ വ്യക്തമായും പറയുവാന്‍ കഴിയുന്ന ചില അടിസ്ഥാന കാരണങ്ങളുണ്ട്. ഊഹം, പലിശ, സ്വാര്‍ഥത എന്നീ മൂന്നു സ്വഭാവങ്ങളിലധിഷ്ടിതമായ സാമ്പത്തിക ക്രമത്തിനുണ്ടാകുന്ന അനിവാര്യമായ പതനം തന്നെയാണ് ഇത് എന്നതാണത്. അതുകൊണ്ടുതന്നെയാണ് ഉള്ളുതുറന്ന ചര്‍ച്ചകളില്‍ പലപ്പോഴും ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥിതി കടന്നുവരുന്നത്. ഇവ മൂന്നും ഇല്ല എന്ന് തീര്‍ത്തും പറയുകയും സമര്‍ഥിക്കുകയും ചെയ്യാവുന്ന ഒന്നാണല്ലോ ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥിതി. ആധുനിക സാമ്പത്തിക ലോകത്തിന്റെ നട്ടെല്ല് തന്നെ ഷെയര്‍ മാര്‍ക്കറ്റുകളാണല്ലോ. ഷെയര്‍ മാര്‍ക്കറ്റില്‍ വില്‍ക്കപ്പെടുന്നതും വാങ്ങപ്പെടുന്നതും വെറും ഊഹങ്ങള്‍ മാത്രമാണ്. അവിടെ വാങ്ങുന്നവനും വില്‍ക്കുന്നവനും കമ്പനിയുടെ ഉല്‍പ്പന്നവുമായി യാതൊരു നിലക്കും ബന്ധപ്പെടുന്നില്ല.
കമ്പനിയുടെ ഉല്‍പ്പന്നത്തിന്റെ ചോദനം മാത്രം ആധാരമാക്കി ഷെയറുകള്‍ വാങ്ങുന്നു, വില്‍ക്കുന്നു. ഓരോ ഷെയറും വാങ്ങുന്നത് കമ്പനിയുടെ ഖ്യാതിയും ഡിമാന്റും വര്‍ധിച്ചേക്കാം, അപ്പോള്‍ കൂടിയ വിലക്ക് ഇതു വിറ്റ് ലാഭം കൊയ്യാം എന്ന ഊഹത്തില്‍ മാത്രമാണ്. അതിനാല്‍ തന്നെ വെറുമൊരു ഭാഗ്യപരീക്ഷണമാണ് ഓരോ വാങ്ങലും വില്‍ക്കലും. എന്തെങ്കിലും ചെറിയ കാരണത്താല്‍ മാര്‍ക്കറ്റ് ആടിയുലഞ്ഞാല്‍ ഈ സാങ്കല്‍പ്പിക സാമ്പത്തിക ഗോപുരം തകര്‍ന്നുവീഴുന്നു. ഇന്ത്യയിലെ വാഹനവിപണിയില്‍ ഇപ്പോള്‍ സംഭവിച്ചതുപോലെ. കച്ചവടം എന്നത് ഒരു വസ്തുവിന്റെ വാങ്ങലും വില്‍ക്കലുമാണ്.
വസ്തു കണ്ടും അതിന്റെ മൂല്യവും മാന്യമായ ലാഭവും ചേര്‍ത്തുള്ള വില ഒടുക്കുകയും ചെയ്തു വാങ്ങിക്കുകയാണ് എങ്കില്‍ ഒരു പക്ഷെ, കരുതിയ വിലക്കു വില്‍ക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും ഒന്നും കയ്യിലില്ലാതെ വിഷണ്ണനായി നില്‍ക്കേണ്ട ഗതിയുണ്ടാവില്ല. അവിടെയാണ് ഇസ്‌ലാമിക സാമ്പത്തിക വീക്ഷണത്തിന്റെ പ്രസക്തി. അത് വ്യക്തതയും സ്പഷ്ടതയും അതുവഴി ബോധ്യവും ഇല്ലാത്ത ഒരു കച്ചവടവും അനുവദിക്കുന്നില്ല. പഴങ്ങളും ധാന്യങ്ങളും മറ്റും ഉണ്ടാകുന്നതിനു മുമ്പെ മുന്‍കൂര്‍ വില്‍പന നടത്തുന്ന സമ്പ്രദായം ഇസ്‌ലാം വരുമ്പോള്‍ അറേബ്യയില്‍ ഉണ്ടായിരുന്നു. അത് ഇസ്‌ലാം നിരോധിച്ചു. 'അല്ലാഹു ആ വിളവിനെ പിടിച്ചുവെച്ചാല്‍ അവന്‍ ആ വില തിന്നുന്നത് എന്തു ന്യായത്തിന്‍മേലാണ്' എന്നായിരുന്നു ഇത്തരം മുന്‍കൂര്‍ കച്ചവടങ്ങളോട് നബി(സ) പ്രതികരിച്ചത് (ബുഖാരി).
രണ്ടാമത്തെ ഘടകം പലിശയാണ്. വേര്‍തിരിക്കുവാന്‍ ആവാത്ത വിധം പലിശ സാമ്പത്തിക രംഗത്തെ പിടിച്ചുകീഴടക്കിയിരിക്കുന്നു. പലിശയുമായി ബന്ധപ്പെടുന്നവന് സുസ്ഥിരമായി എഴുന്നേറ്റു നില്‍ക്കുവാന്‍ കഴിയില്ല എന്ന് വിശുദ്ധ ഖുര്‍ആന്‍ ആണയിടുന്നുണ്ട് (2:235). പലിശ കൊടുത്ത് നിക്ഷേപങ്ങളെ ആകര്‍ഷിച്ചും ലിബറല്‍ മോഹങ്ങള്‍ നല്‍കി മറുഭാഗത്ത് പാവപ്പെട്ടവരില്‍ മോഹം ജനിപ്പിച്ച് അവരെകൊണ്ട് പലിശക്ക് കടമെടുപ്പിച്ചും പലിശയുടെ ലോകം അനുദിനം വീര്‍ത്തു വലുതാവുകയാണ്. ഇത് ഒരു വ്യവസ്ഥിതിയായി വളരുമ്പോള്‍ ഈ രണ്ടു കണ്ണികള്‍ക്കും ഒരിക്കലും വേര്‍പ്പെട്ടുപോകുവാന്‍ കഴിയാത്ത ഒരു കുടുക്കില്‍ പെടുകയാണ്. അതു വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങള്‍ രാജ്യങ്ങള്‍ തുടങ്ങിയവയിലേക്കു വളരുമ്പോള്‍ പലിശ ലോകത്തെ തന്നെ വിറവിറപ്പിക്കുന്നു.
പലിശ വാങ്ങുന്നവന്‍ എന്നും തടിച്ചുകൊഴുത്തിരിക്കുമ്പോള്‍ മറുവശത്ത് ദരിദ്രരാജ്യങ്ങള്‍ വീണ്ടും വീണ്ടും ദുര്‍ബലമായിത്തീരുന്നു. മൂന്നാമത്തെ ഘടകം സമ്പത്തിനോടുള്ള സമീപനത്തിന്റെ ആത്മാര്‍ഥതക്കുറവാണ്. ഒരു പ്രത്യയശാസ്ത്രമല്ല, സ്വയം നിശ്ചിത താല്‍പര്യങ്ങളാണ് മേഖലയിലെ എല്ലാവരെയും നയിക്കുന്നത്. എല്ലാവരുടെയും എല്ലാ ശ്രമത്തിനും പിന്നില്‍ മറ്റുള്ളവരുടെ കുതിക്കാല്‍വെട്ടുക, സ്വന്തം താല്‍പര്യങ്ങള്‍ ഏതുവിധേനയും സാധിപ്പിച്ചെടുക്കുക, ആര്‍ത്തി, ദുര്‍വ്യയം ചെയ്യുവാനുള്ള ത്വര തുടങ്ങിയവയായിത്തീര്‍ന്നിരിക്കുന്നു സാമ്പത്തിക ലോകത്തിന്റെ ലക്ഷ്യങ്ങളും ചോദനകളും. ഏതു വിധേനയും പണം സമ്പാദിക്കുക എന്നതായി മാറിയിരിക്കുന്നു പുതിയ ലോകത്തിന്റെ സാമ്പത്തിക ലക്ഷ്യം.
ഇവിടെയും ഇസ്‌ലാമിനു മാത്രമേ ഫലപ്രദമായി ഇടപെടാനാകൂ. കാരണം, ഇസ്‌ലാം അതിന്റെ സാമ്പത്തിക കാര്യങ്ങളിലേക്കു കാലെടുത്തുവെക്കുന്നതുതന്നെ സ്വത്തെല്ലാം അല്ലാഹുവിന്റേതു മാത്രമാണെന്നും അതു അവന്‍ മനുഷ്യനെ അവന്റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുവാന്‍ വേണ്ടി മാത്രം ഏല്‍പ്പിച്ചതാണെന്നും അവന്‍ തനിക്കു കിട്ടിയത് ശേഷക്കാര്‍ക്ക് നല്‍കി വെറുംകയ്യോടെ പോകേണ്ടവനാണെന്നും പറഞ്ഞുകൊണ്ടാണല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."