പനിപ്പേടിയില്‍ ജില്ല; ചികിത്സ തേടിയവര്‍ 15,059 ഡെങ്കി സ്ഥിരീകരണം 90
തൊടുപുഴ: ജില്ലയില്‍ പനി നിയന്ത്രണവിധേയമാകുന്നില്ല. ഒന്നരമാസമായി വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇതിനകം 15,059 പേര്‍ പനിക്ക് ചികില്‍സത്തേടി.ഡെങ്കിപ്പനിക്ക് ഇതുവരെ 690 പേര്‍ നിരീക്ഷണത്തിലായി. ഇതില്‍ 90 പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തൊടുപുഴ താലൂക്കിലാണ് പനിബാധിതര്‍ കൂടുതല്‍. സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടിയവരുടെ കണക്ക് ലഭ്യമായിട്ടില്ല. എന്നാല്‍ ഹൈറേഞ്ച് പ്രദേശങ്ങളില്‍ പനി ബാധിതരുടെ എണ്ണം കൂടാതിരിക്കാന്‍ പ്രതിരോധ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.
വെള്ളിയാഴ്ചത്തെ ഒ.പി 445, കിടത്തിചികില്‍സ (ഐപി) 22 എന്നിങ്ങനെയാണ്. ഡെങ്കിപ്പനിക്ക് നിരീക്ഷണത്തിലുള്ളത് 12 പേരാണ്. അറക്കുളത്ത് ഒരാളില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. നിരീക്ഷണത്തിലുള്ളവര്‍ വണ്ണപ്പുറം 3, കുമാരമംഗലം, കോടിക്കുളം, ഇളംദേശം, ആലക്കോട്, വെള്ളത്തൂവല്‍, കൊന്നത്തടി, തൊടുപുഴ മുനിസിപ്പാലിറ്റി ഓരോന്നുവീതം എന്നിങ്ങനെയാണ് നിരീക്ഷണത്തിലുള്ളത്.
ഡെങ്കിപ്പനി അടിമാലി മേഖലയില്‍ വ്യാപകമാകുന്നത് ആശങ്ക പടര്‍ത്തുന്നു. ചിന്നപ്പാറ, ചൂരക്കട്ടന്‍ ആദിവാസി കോളനികളിലെ രണ്ടു ആദിവാസികളുള്‍പ്പെടെ മൂന്നുപേരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതോടെ ആശങ്ക കനത്തു. അടിമാലിക്ക് പുറമെ വെള്ളത്തൂവല്‍ കൊന്നത്തടി പഞ്ചായത്തുകളിലേക്കും ഡെങ്കിപ്പനി പടര്‍ന്നിട്ടുണ്ട്. രണ്ട് ദിവസത്തിനിടെ അടിമാലിയില്‍ ആറ്, വെളളത്തൂവല്‍ മൂന്ന്, കൊന്നത്തടി രണ്ടുള്‍പ്പെടെ 11 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഈ പഞ്ചായത്തുകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. വൈറല്‍ പനിയും വ്യാപകമാകുന്നുണ്ട്.
താലൂക്കാശുപത്രി, കമ്യൂണിറ്റിഹെല്‍ത്ത് സെന്റര്‍, പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ നടപടിയാരംഭിച്ചിട്ടുണ്ടെങ്കിലും അടിയന്തര നടപടി ഉണ്ടാകണമെന്നാണ് ഏവരുടെയും ആവശ്യം. ആവശ്യത്തിന് ഡോക്ടറില്ല, മരുന്നില്ല, മറ്റു ജീവനക്കാരില്ല എന്നിങ്ങനെ പരാതികള്‍ നിരവധിയാണ്. അടിസ്ഥാന സൗകര്യമില്ലാതെ മിക്ക താലൂക്കാശുപത്രികളും വീര്‍പ്പുമുട്ടുകയാണ്. താലൂക്കാശുപത്രികളില്‍ സ്റ്റാഫ് പാറ്റേണ്‍ കടലാസില്‍ മാത്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."