49 വിദേശരാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിച്ച് സഊദി
ഒരു വര്‍ഷത്തില്‍ വിദേശ ടൂറിസ്റ്റുകള്‍ 180 ദിവസത്തില്‍ കൂടുതല്‍ രാജ്യത്ത് തങ്ങാന്‍ പാടില്ല
ജിദ്ദ: 49 വിദേശ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ സഊദി ഭരണകൂടം തീരുമാനിച്ചു. എണ്ണ ഇതര വരുമാനം ഉറപ്പാക്കുന്നതിനായി സഊദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആവിഷ്‌കരിച്ച വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് ചരിത്രപരമായ തീരുമാനം. 28 മുതല്‍ വിസ അനുവദിക്കും.
ഏഷ്യയില്‍നിന്ന് ബ്രൂണെ, ജപ്പാന്‍, സിംഗപ്പൂര്‍, മലേഷ്യ, ദക്ഷിണ കൊറിയ, കസാഖിസ്ഥാന്‍, ചൈന, ഉത്തര അമേരിക്കയില്‍നിന്ന് കാനഡ, അമേരിക്ക, ആസ്‌ത്രേലിയയില്‍ നിന്ന് ന്യൂസിലാന്റ്, ആസ്‌ത്രേലിയ, യൂറോപ്പില്‍നിന്ന് ഓസ്ട്രിയ, ബെല്‍ജിയം, ചെക്ക് റിപ്പബ്ലിക്, ഡെന്മാര്‍ക്ക്, എസ്‌റ്റോണിയ, ഫിന്‍ലാന്റ്, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഹംഗറി, ഐസ്‌ലാന്റ്, ഇറ്റലി, ലാത്വിയ, ലിച്‌ടെന്‍സ്‌റ്റൈന്‍, ലിത്വാനിയ, ലക്‌സംബര്‍ഗ്, മാള്‍ട്ട, ഹോളണ്ട്, നോര്‍വെ, പോളണ്ട്, പോര്‍ച്ചുഗല്‍, സ്ലൊവേനിയ, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്റ്, അയര്‍ലാന്റ്, മൊണാകൊ, ഉക്രൈന്‍, ഇംഗ്ലണ്ട്, ബള്‍ഗേറിയ, റുമാനിയ, ക്രൊയേഷ്യ, സൈപ്രസ്, അന്‍ഡോറ, റഷ്യ, മോണ്ടിനെഗ്രോ, സാന്‍ മറിനോ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഓണ്‍അറൈവല്‍ വിസ അനുവദിക്കുക.
ടൂറിസ്റ്റ് വിസാ ഫീസ് 300 റിയാലായിരിക്കും. കൂടാതെ ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് ആയി 140 റിയാലും ടൂറിസ്റ്റുകള്‍ വഹിക്കണം. ഇതോടൊപ്പം മൂല്യവര്‍ധിത നികുതിയും വിസാ പ്രോസസിംഗ് നിരക്കും വഹിക്കേണ്ടിവരും. മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ കാലാവധി 360 ദിവസമാകും. ഓരോ തവണയും സഊദി അറേബ്യ സന്ദര്‍ശിക്കുമ്പോള്‍ പരമാവധി 90 ദിവസം രാജ്യത്ത് തങ്ങുന്നതിനാണ് അനുമതിയുണ്ടാവുക. ഒരു വര്‍ഷത്തില്‍ വിദേശ ടൂറിസ്റ്റുകള്‍ രാജ്യത്ത് തങ്ങുന്ന ആകെ കാലം 180 ദിവസത്തില്‍ കൂടാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ടാവും.
ജിദ്ദ, റിയാദ്, ദമാം, മദീന എയര്‍പോര്‍ട്ടുകളില്‍ നിന്നും കിംഗ് ഫഹദ് കോസ്‌വേയില്‍നിന്നും ഓണ്‍അറൈവല്‍ വിസ ലഭിക്കും. മിനിറ്റുകള്‍ക്കകം വിസ നേടുന്നതിന് ടൂറിസ്റ്റുകളെ സഹായിക്കുന്ന മെഷീനുകള്‍ ഇവിടങ്ങളില്‍ സ്ഥാപിക്കും. മറ്റു രാജ്യക്കാര്‍ വിദേശങ്ങളിലെ സഊദി എംബസികളില്‍നിന്നും കോണ്‍സുലേറ്റുകളില്‍ നിന്നും മുന്‍കൂട്ടി ടൂറിസ്റ്റ് വിസ സമ്പാദിക്കണം. അമുസ്‌ലിംകളായ ടൂറിസ്റ്റുകള്‍ക്ക് മക്കയിലും മദീനയിലും പ്രവേശന വിലക്കുണ്ടാകും.
18ല്‍ കുറവ് പ്രായമുള്ളവരെ ഒറ്റക്ക് ടൂറിസ്റ്റ് വിസയില്‍ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കില്ല. രാജ്യത്ത് ചികിത്സ പ്രയോജനപ്പെടുത്തുന്നതിന് ടൂറിസ്റ്റ് വിസകള്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ടാകും. ഹജ്ജ് കാലത്ത് ഹജ്ജും ഉംറയും നിര്‍വഹിക്കുന്നതിനും ടൂറിസ്റ്റ് വിസകളിലെത്തുന്നവരെ അനുവദിക്കില്ല.
സഊദി അറേബ്യയുടെ വാതിലുകള്‍ വിനോദസഞ്ചാരികള്‍ക്ക് മുന്നില്‍ തുറക്കുന്നത് ചരിത്രപരമായ തീരുമാനമാണെന്ന് ടൂറിസം വകുപ്പ് മേധാവി അഹമ്മദ് അല്‍ ഖത്തീബ് പറഞ്ഞു. യുനെസ്‌കോയുടെ പൈതൃക പട്ടികയിലുള്ള അഞ്ച് സ്ഥലങ്ങളടക്കം സഊദിയുടെ എല്ലാ പ്രത്യേകതകളും വിനോദസഞ്ചാരികള്‍ക്ക് ആസ്വദിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിന്റെ ഭാഗമായി വിദേശ വനിതകളുടെ വസ്ത്രധാരണ നയത്തിലും ഇളവ് വരുത്തി. പൊതു ഇടത്തില്‍ വിദേശവനിതകള്‍ ശിരോവസ്ത്രം ധരിക്കേണ്ടതില്ലെന്നും അതേസമയം, ശരീരഭാഗങ്ങള്‍ പുറത്തുകാണാത്ത മാന്യമായ വസ്ത്രം ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ തൊഴില്‍ വിസക്കാര്‍ക്കും തീര്‍ഥാടകര്‍ക്കും മാത്രമാണ് സഊദി സന്ദര്‍ശനം അനുവദിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."