നഗരസഭാ കൗണ്‍സിലില്‍ വീണ്ടും ബഹളം സി.പി.എം, കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയി
പാലക്കാട്: നഗരത്തിലെ മാലിന്യപ്രശ്‌നവും തെരുവുവിളക്കുകള്‍ കത്താത്തത് സംബന്ധിച്ചും നഗരസഭ പൂര്‍ണമായി പരാജയപ്പെട്ടു എന്നാരോപിച്ച് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. തുടര്‍ന്ന് യോഗം ബഹിഷ്‌കരിക്കുന്നതായി സി.പി.എം നേതാവ് കുമാരി അറിയിച്ചു. നഗരസഭയുടെ വികസനകാര്യങ്ങളില്‍ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് കോണ്‍ഗ്രസ് കക്ഷി നേതാവ് ഭവദാസും ആരോപിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും യോഗം ബഹിഷ്‌കരിച്ചു.
തെരുവു വിളക്ക് പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണാമെന്ന് ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനും കഴിഞ്ഞ മാസം നടന്ന കൗണ്‍സില്‍ യോഗത്തില്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും ഇത്‌വരെ നടപടികളൊന്നും ആരംഭിച്ചിട്ടില്ല.
തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുന്നതിന് പുതിയ ടെന്റര്‍ വിളിച്ച് ഒരാഴ്ചക്കകം നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ ഒരു മാസം കഴിഞ്ഞും പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. നഗരത്തിലെ തെരുവുവിളക്കുകള്‍ കത്തിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം സി.പി.എം കൗണ്‍സിലര്‍മാര്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുകയുംനടത്തിയിരുന്നു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും നഗരസഭയുടെയും ഫണ്ട് വിനിയോഗിക്കുന്ന കാര്യത്തില്‍ നഗരസഭ വിവേചനം കാണിക്കുകയാണെന്നും രാഷ്ട്രീയ ഭേദമില്ലാതെ ആനുകൂല്യങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് യോഗം ബഹിഷ്‌കരിച്ചതെന്നും ഭവദാസ് പറഞ്ഞു. നഗരസഭാ യോഗത്തില്‍ ബി.ജെ.പി നേതാവ് എസ്.ആര്‍ ബാലസുബ്രഹ്മണ്യം അനുനയ നീക്കം നടത്തിയെങ്കിലും പ്രതിപക്ഷം യോഗം ബഹിഷ്‌കരിക്കുന്നതില്‍ നിന്നും പിന്മാറിയില്ല.
അരമണിക്കൂറിന് ശേഷം നടന്ന കൗണ്‍സില്‍ യോഗത്തില്‍ മാലിന്യ ശുചീകരണത്തിന് ഒന്നരലക്ഷം രൂപയും തെരുവു വിളക്കു പ്രശ്‌നം പരിഹരിക്കാമെന്നും ചെയര്‍പേഴ്‌സണ്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് യോഗം ഒരു മണിയോടെ സമാപിച്ചു. നഗരത്തിലെ തെരുവു വിളക്കുകള്‍ നന്നാക്കുന്നതിനായി കഴിഞ്ഞ വര്‍ഷം 48 ലക്ഷം രൂപ വകയിരുത്തിയിരുന്നെങ്കിലും കരാറുകാരെ കിട്ടിയില്ലെന്ന പേരില്‍ പദ്ധതി മുരടിക്കുകയായിരുന്നു.
എന്നാല്‍ അടുത്ത കാലത്ത് ഭരണത്തിലേറിയ ഭരണ സാരഥികള്‍ നഗരത്തിലെ 52 വാര്‍ഡുകളില്‍ 100 വീതം എല്‍.ഇ.ഡികള്‍ സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും വിരലിലെണ്ണാവുന്ന തെരുവുവിളക്കുകള്‍ സ്ഥാപിച്ച് പദ്ധതി പൂര്‍ത്തീകരിക്കുകയായിരുന്നു.
വന്ധ്യകരണം പദ്ധതി താളം തെറ്റി. നഗരത്തിലെ തെരുവനായ ശല്യവും കന്നുകാലിപിടുത്തവും പ്രഹസനമായതോടെ നഗരനിരത്തുകളില്‍ കന്നുകാലികളുടെ വിളയാട്ടവും അപകടങ്ങള്‍ക്കും അപകടമരണങ്ങള്‍ക്കും വരെ കാരണമായിരിക്കുകയാണ്.
പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ പരസ്പരം പഴി ചാരി ബഹളത്തില്‍ പിരിയുന്ന ഒരു കൗണ്‍സില്‍ യോഗം കൂടി ആവുകയായിരുന്നു ഇന്നലത്തേത്.
നേരത്തെ നടന്ന കൗണ്‍സില്‍ യോഗത്തിലേക്ക് എതിര്‍പക്ഷക്കാര്‍ തെരുവുനായ്ക്കളുമായി കൗണ്‍സില്‍ ഹാളിലേക്ക് ഇരച്ചുകയറിയിരുന്നു. കഴിഞ്ഞ മാസം നഗരത്തിലെ കന്നുകാലിപ്രശ്‌നത്തിന് പരിഹാരം കാണാനായി യൂത്ത് കോണ്‍ഗ്രസ്സുകാര്‍ കന്നുകാലികളെ നഗരസഭാ വളപ്പില്‍ കെട്ടിയിട്ട് പ്രതിഷേധം നടത്തിയതും കൗണ്‍സില്‍ യോഗങ്ങള്‍ പരാജയപ്പെടുന്നതും നഗരസഭാ തലത്തില്‍നിന്നും അന്തിമതീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ പറ്റാത്തതിന്റെ മറ്റൊരുദാഹരണം കൂടിയായിട്ടാണ് പ്രതിപക്ഷ അംഗങ്ങള്‍ വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."