ഇടതുസര്‍ക്കാര്‍ ദലിത് ആദിവാസികളെ വേട്ടയാടുന്നു: ഷംസുദ്ദീന്‍ എം.എല്‍.എ
മണ്ണാര്‍ക്കാട്: ഇടതു സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ദലിത് ആദിവാസി വിഭാഗങ്ങള്‍ പൊലിസ്, വനം വകുപ്പ്, മറ്റു വകുപ്പ് ഉദ്യോസ്ഥരുടെ നേതൃത്വത്തില്‍ വേട്ടയാടപ്പെടുകയാണെന്ന് അഡ്വ. ഷംസുദ്ദീന്‍ എം.എല്‍.എ കുറ്റപ്പെടുത്തി. ആദിവാസികളെ ക്രൂരമായി മര്‍ദിച്ച വനപാലകര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാറിനോട് എം.എല്‍.എ ആവശ്യപ്പെട്ടു. വനം വകുപ്പ് ജീവനക്കാര്‍ മര്‍ദിച്ച ആദിവാസികളെയും ബന്ധുക്കളെയും ഊരിലെത്തി സന്ദര്‍ശിച്ചതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എം.എല്‍.എ.
അട്ടപ്പാടി ഷോളയൂര്‍ ഗ്രാമപഞ്ചായത്തിലെ ബോഡിച്ചാള ഊരിലെ ആദിവാസികള്‍ക്കാണ് വനം വകുപ്പിന്റെ മര്‍ദനമേറ്റത്. നായ കൊന്നിട്ട മാനിറച്ചി ഭക്ഷിച്ചതുമായി ബന്ധപ്പെട്ടാണ് ആദിവാസികളെ വനം വകുപ്പ് അധികൃതര്‍ ക്രൂരമായി മര്‍ദിക്കുകയും നാലുപേരെ പിടിച്ചുവെക്കുകയും ചെയ്തിരിക്കുന്നത്. സംഭവത്തിന്റെ പേരില്‍ ഊരിലെ ഭൂരിഭാഗം ആദിവാസികളെയും വനം വകുപ്പ് ഓഫിസില്‍ കൊണ്ടുപോയി 48 മണിക്കൂറോളം വെള്ളമൊ ഭക്ഷണമൊ നല്‍കാതെ പീഡിപ്പിച്ചതായി ഊരുവാസികള്‍ എം.എല്‍.എയോട് പരാതിയായി പറഞ്ഞു.
വനം വകുപ്പ് ഉദ്ദ്യോഗസ്ഥരുടെ മര്‍ദനം കണ്ട മാനസിക രോഗിയായ ഒരു ആദിവാസി കാട്ടിലേക്ക് ഓടിപോയി. എന്നാല്‍ കാട്ടിലേക്ക് പോയ ആദിവാസി ഇതുവരെയും തിരിച്ചത്തിയിട്ടില്ലെന്ന് ആദിവാസികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."