കാറില്‍ അറവുമാലിന്യം തള്ളാനെത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി
ഫറോക്ക്: അറവുമാലിന്യം കാറിലെത്തിച്ച് രാമനാട്ടുകര തോട്ടുങ്ങല്‍ പാതയോരത്ത് തള്ളാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു. കരിപ്പൂര്‍ വട്ടപ്പറമ്പില്‍ ഉമര്‍ (39) ആണ് അറസ്റ്റിലായത്. വാഹനം പൊലിസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞദിവസം രാത്രിയാണു ദേശീയപാതയില്‍ നീലിത്തോടിനു സമീപം അറവുമാലിന്യം തള്ളാന്‍ ശ്രമിച്ചത്. കാറിലെത്തി മാലിന്യം വലിച്ചെറിയാന്‍ ശ്രമിക്കുന്നതു കണ്ട നാട്ടുകാര്‍ വാഹനം തടയുകയായിരുന്നു. ഫറോക്ക് എസ്.ഐ ഹരീഷിന്റെ നേതൃത്വത്തില്‍ പൊലിസെത്തി പ്രതിയെയും വാഹനവും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ പറമ്പില്‍പീടിക കരുവാന്കല്ലിലെ കോഴിക്കടയിലെ മാലിന്യമാണിതെന്ന് ഉമര്‍ മൊഴി നല്കി. അറവുമാലിന്യ സംസ്കരണം കരാറെടുക്കുന്ന പ്രതി കടകളില്‍നിന്നു ശേഖരിച്ച് പൊതുസ്ഥലത്തു തള്ളാറാണു പതിവെന്ന് പൊലിസ് പറഞ്ഞു.
കാറിലുള്ള മാലിന്യം സംസ്കരിക്കാന്‍ പൊലിസ് നഗരസഭാ അധികൃതരെ സമീപിച്ചെങ്കിലും മാര്‍ഗമില്ലെന്നു പറഞ്ഞ് കൈയൊഴിഞ്ഞു. ഇതോടെ സ്റ്റേഷന് പരിസരത്തു നിര്‍ത്തിയിട്ട കാറില്‍ നിന്ന് ചീഞ്ഞുനാറുന്നത് പൊലിസിനും ഇവിടെയെത്തുന്നവര്‍ക്കും ദുരിതമായി. തോട്ടുങ്ങല്‍ നീലിത്തോട് പരിസരപ്രദേശങ്ങളില്‍ മാലിന്യം തള്ളുന്നതിനാല്‍ പരിസരവാസികളില്‍ ആരോഗ്യപ്രശ്നങ്ങള്‍ക്കു വഴിവച്ചിരുന്നു. കൗണ്‍സിലര്‍ കെ.എം ബഷീറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച നീലിത്തോട് സംരക്ഷണസമിതിയും തോട്ടുങ്ങല്‍ റസിഡന്‍സ് അസോസിയേഷനും ചേര്‍ന്നു നിരീക്ഷണം നടത്തവെയാണു രാത്രി കാറില്‍ മാലിന്യം തള്ളാനെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."