മലബാര്‍ ഇനിയും പാളത്തിലിഴയണോ
മലബാറിന്റെ ട്രെയിന്‍ യാത്രയുടെ വേഗസ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കുന്ന മെമു (മെയ്ന്‍ലൈന്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂനിറ്റ്) സര്‍വിസിന് ഇനിയും എത്രനാള്‍ കാത്തിരിക്കേണ്ടിവരുമെന്ന ചോദ്യത്തിന് ഈ നാട്ടുകാരോട് അധികൃതര്‍ ഇനിയെങ്കിലും കൃത്യമായ മറുപടി നല്‍കണം. ഇന്ത്യന്‍ റെയില്‍വേയുടെ അഭിമാന സര്‍വിസായ ട്രെയിന്‍ 18ന് സമാനമായ ആദ്യ ത്രീഫേസ് മെമു കോട്ടയം വഴി ഓടിത്തുടങ്ങിയത് ഈ മാസമാണ്. ഇതിനിടെ കേരളത്തിനു ലഭിക്കേണ്ട പുതിയ രണ്ട് മെമു ട്രെയിനുകള്‍ ചെന്നൈ ഡിവിഷനു നല്‍കാനും നീക്കമുണ്ടെന്ന വാര്‍ത്തയുണ്ടായിരുന്നു.
റെയില്‍ വികസനരംഗത്ത് കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായിരുന്ന ഷൊര്‍ണൂര്‍-മംഗളൂരു പാത നവീകരണം പൂര്‍ത്തിയായി രണ്ടര വര്‍ഷം പിന്നിടുമ്പോഴും മലബാറിലെ യാത്രക്കാര്‍ക്കു പ്രതീക്ഷിച്ച ഗുണം ഇനിയും ലഭിച്ചിട്ടില്ല. യാത്രാദുരിതത്തിനു വലിയ പരിഹാരമാകുന്ന മെമു സര്‍വിസ് ഇനിയും എന്നു തുടങ്ങുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. വൈദ്യുതീകരണം പൂര്‍ത്തിയായ ഉടനെ മെമു സര്‍വിസ് തുടങ്ങുമെന്നാണ് രണ്ടര വര്‍ഷം മുന്‍പ് അന്നത്തെ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ വിസിഷ്ഠ ജോഹരി പറഞ്ഞിരുന്നത്. മലബാറിന്റെ യാത്രാപ്രശ്‌നത്തിനു വലിയ തോതില്‍ പരിഹാരമാകുന്ന ഈ പദ്ധതി പക്ഷേ, ഇപ്പോഴും പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങുകയാണ്. മെമു തുടങ്ങുമെന്ന് പലതവണ എം.പിമാരുടെ യോഗത്തില്‍ റെയില്‍വേ ഉറപ്പുനല്‍കിയിട്ടുണ്ട്. മെമു റേക്കുകള്‍ ലഭ്യമായാലേ സര്‍വിസ് തുടങ്ങാനാകൂ എന്നായിരുന്നു പിന്നീട് റെയില്‍വേയുടെ വിശദീകരണം. തിരക്കുള്ള റൂട്ടില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ മാറ്റി മെമു ഓടിക്കുമെന്നായിരുന്നു റെയില്‍വേ പറഞ്ഞിരുന്നത്. പാസഞ്ചര്‍ ട്രെയിനുകളെ അപേക്ഷിച്ച് മെമു സര്‍വിസില്‍ ഇരട്ടിയിലധികം യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും. സംസ്ഥാനത്തെ റെയില്‍പാത പൂര്‍ണമായി നവീകരിച്ചതിനാലും ജനസാന്ദ്രത കൂടിയ സംസ്ഥാനമെന്ന നിലയിലും മെമു സര്‍വിസ് റെയില്‍വേക്ക് ആദായകരവും ജനങ്ങള്‍ക്ക് സൗകര്യപ്രദവുമാകും.
കോഴിക്കോട്-കണ്ണൂര്‍-മംഗലാപുരം റൂട്ടില്‍ 221 കിലോമീറ്ററില്‍ പ്രതിദിന യാത്രയ്ക്കു പാസഞ്ചര്‍ ട്രെയിന്‍ മാത്രമാണ് നിലവില്‍ ആശ്രയം. ഇതാകട്ടെ പലപ്പോഴും ഒച്ചിഴയും വേഗതയിലുമാണ്. ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സമയത്തിന് എത്തുകയെന്നത് വലിയ വെല്ലുവിളിയാണ്. പഴക്കംചെന്ന പരമ്പരാഗത കോച്ചുകള്‍ നിര്‍മിക്കുന്നത് ഇന്റഗ്രല്‍ കോച്ച് ഫാക്ടറി നിര്‍ത്തിയതിനാല്‍ മെമു സര്‍വിസ് തുടങ്ങുകയേ മാര്‍ഗമുള്ളൂ. ഇല്ലെങ്കില്‍ ഇപ്പോഴത്തെ യാത്രാസൗകര്യം പോലും ഇല്ലാതായേക്കും.
പരശുറാം എക്‌സ്പ്രസിന്റെ കോച്ചുകള്‍ കൂട്ടത്തോടെ തകരാറിലായതോടെയാണ് വീണ്ടും മെമു ആവശ്യം സജീവമായത്. ഈ സാഹചര്യം വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ റെയില്‍വേക്ക് അറിയാമായിരുന്നു. രാവിലെ 7.20ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് ഒന്‍പതിനു കോഴിക്കോട്ടെത്തുന്ന പരശുറാം എക്‌സ്പ്രസായിരുന്നു കണ്ണൂരിനും കോഴിക്കോടിനും ഇടയിലുള്ളവര്‍ക്ക് രാവിലെ ഓഫിസിലെത്താനുള്ള ട്രെയിന്‍. തിരൂര്‍, കോഴിക്കോട് ഭാഗത്തുനിന്നുള്ള വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും കണ്ണൂര്‍ ഭാഗത്തേക്ക് പോകാനും ഈ ട്രെയിന്‍ തന്നെയായിരുന്നു ആശ്രയം. എന്നാല്‍ പരശുറാം എക്‌സ്പ്രസിന്റെ കോച്ചുകളുടെ തകരാര്‍ മലബാറിലെ ട്രെയിന്‍ യാത്രികര്‍ക്കു നല്‍കിയ ദുരിതം കുറച്ചൊന്നുമല്ല.
കണ്ണൂരിനും മംഗലാപുരത്തിനും ഇടയില്‍ 132 കിലോമീറ്റര്‍ റൂട്ടില്‍ മെമു സര്‍വിസ് തുടങ്ങിയാല്‍ 19 സ്‌റ്റേഷനുകളിലെ ആയിരക്കണക്കിനു യാത്രക്കാര്‍ക്ക് ഉപകാരപ്രദമാകും. ഈ റൂട്ടില്‍ ഇരുപതിലധികം ട്രെയിനുകള്‍ ഉണ്ടെങ്കിലും നാലു പാസഞ്ചറുകള്‍ മാത്രമാണ് എല്ലാ സ്റ്റേഷനിലും നിര്‍ത്തുക. കോഴിക്കോടിനും കണ്ണൂരിനും ഇടയിലുള്ള സ്റ്റേഷനുകളിലും സമാന അവസ്ഥയാണ്. എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തുന്ന മെമു സര്‍വിസാണ് ഇതിനു പരിഹാരമെന്ന് മെട്രോമാന്‍ ഡോ.ഇ.ശ്രീധരനും അഭിപ്രായപ്പെട്ടിരുന്നു. വേഗത കൂടിയതും യാത്രക്കാര്‍ക്ക് സൗകര്യപ്രദമായതുമായ മെമു ഓടിക്കാന്‍ റെയില്‍വേക്കും ചെലവു കുറവാണ്. തെക്കന്‍ കേരളത്തില്‍ മെമു സര്‍വിസ് തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും മലബാറിനോടു മാത്രം റെയില്‍വേ അധികൃതര്‍ അവഗണന കാണിക്കുന്നതിനെ നീതീകരിക്കാനാകില്ല. അനുകൂല സാഹചര്യങ്ങളെല്ലാം ഉണ്ടായിട്ടും മലബാറിലെ ജനങ്ങള്‍ക്ക് അര്‍ഹമായ യാത്രാസൗകര്യം ഏര്‍പ്പെടുത്താനാകാത്തത് റെയില്‍വേക്ക് നാണക്കേടാണ്, കൂടെ ഒരു പ്രദേശത്തെ ജനങ്ങളോടുള്ള അവഗണനയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."