കോര്‍പറേഷനിലും നഗരസഭകളിലും വിജിലന്‍സ് പരിശോധന
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനിലും തലശ്ശേരി, പാനൂര്‍, മട്ടന്നൂര്‍ മുനിസിപ്പാലിറ്റി ഓഫിസുകളിലും വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം കണ്ണൂര്‍ വിജിലന്‍സ് ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് മധുസൂദനന്റെ മേല്‍നോട്ടത്തിലാണ് റെയ്ഡ് നടത്തിയത്. പരിശോധനയില്‍ കഴിഞ്ഞ ജനുവരി ഒന്നുമുതല്‍ ഈ മാസം മൂന്നുവരെ ലഭിച്ച ആയിരക്കണക്കിന് കെട്ടിട നിര്‍മാണ അപേക്ഷകള്‍ തീരുമാനമാകാതെ കെട്ടിക്കിടക്കുന്നതായി കണ്ടെത്തി. കൂടാതെ കെട്ടിടനിര്‍മാണ അനുമതി നല്‍കുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറില്‍ ഉദ്യോഗസ്ഥര്‍ ആരും കൃത്യമായി വിവരങ്ങള്‍ രേഖപ്പെടുത്താത്തതും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. കണ്ണൂര്‍ കോര്‍പറേഷനില്‍ നിന്ന് 450 ലേറെ അപേക്ഷകള്‍ പിടിച്ചെടുത്തു. സേവനാവകാശ നിയമപ്രകാരം 15 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കേണ്ട ഫയലുകളും വിവിധ ഓഫിസുകളില്‍ യഥാവിധി സൂക്ഷിച്ചിട്ടില്ല. സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായാണ് കണ്ണൂരിലും പരിശോധന നടത്തിയത്. ഉദ്യോഗസ്ഥരുടെ കുറവും സ്ഥലംമാറ്റവും കാരണമാണ് ഫയല്‍ നീക്കം വൈകുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ കാരണം പറഞ്ഞത്. പരിശോധനയില്‍ വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍മാരായ ബാബു പെരിങ്ങോത്ത്, കെ.വി ബാബു, ബാലചന്ദ്രന്‍, ടി.പി സുമേഷ്, അസിസ്റ്റന്റ് എന്‍ജിനിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."