പെരിയ ഇരട്ടക്കൊല; സര്‍ക്കാരിന് തിരിച്ചടി: സി.ബി.ഐ അന്വേഷിക്കും, പൊലിസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി: പെരിയ ഇരട്ടക്കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. സംസ്ഥാന പൊലിസിന്റെ അന്വേഷണത്തെ രൂക്ഷമായി വിമര്‍ശിച്ച ശേഷമാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേസ് സി.ബി.ഐക്ക് വിട്ടത്. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി. കേസില്‍ രാഷ്ട്രീയക്കളികളും വിശദമായി അന്വേഷണിക്കണമെന്നാവശ്യപ്പെട്ടാണ് കോടതി കേസ് സി.ബി.ഐക്ക് വിട്ടത്. പൊലിസ് അന്വേഷണത്തില്‍ രാഷ്ട്രീചായ്‌വ് കോടതി സംശയിക്കുന്നു.
കേസില്‍ കൃത്യമായ അന്വേഷണം നടന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. രണ്ട് യുവാക്കള്‍ അതിക്രൂരമായ കൊലപ്പെട്ട കേസാണിതെന്ന് ഓര്‍മിപ്പിച്ച കോടതി കാര്യക്ഷമവുമായ അന്വേഷണം നടന്നിട്ടില്ലെന്ന് നിരീക്ഷിച്ചു. കുറ്റപത്രം സമര്‍പ്പിച്ചതില്‍ പോലും ഇത് വ്യക്തമാണെന്ന് പറഞ്ഞ കോടതി വിചാരണ നടന്നാല്‍ പോലും പ്രതികള്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടു.
വിശ്വാസ്യത നഷ്ടപ്പെട്ട അന്വേഷണമാണ് നടന്നതെന്ന് പറഞ്ഞ കോടതി കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത് ആദ്യ പ്രതിയുടെ മൊഴി മാത്രം വിശ്വാസത്തിലെടുത്താണെന്ന് ചൂണ്ടിക്കാട്ടി. അഞ്ചാം പ്രതിയുടെ മൊഴി സുവിശേഷമാക്കിയാണ് അന്വേഷണം നടന്നതെന്നും കോടതി കുറ്റപ്പെടുത്തി. സാക്ഷികളെക്കാള്‍ പ്രതികളെയാണ് പൊലിസ് അന്വേഷണത്തില്‍ വിശ്വാസത്തിലെടുത്തതെന്നും കോടതി ആരോപിച്ചു.
വ്യക്തി വൈരാഗ്യമാണ് കൊലപാതക കാരണമെന്നാണ് അന്വേഷണ സംഘം പറയുന്നത്, പ്രതികള്‍ സി.പി.എം പ്രവര്‍ത്തകരും കൊല്ലപ്പെട്ടവര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ്. രാഷ്ട്രീയ കൊലപാതകമാണെന്ന് എഫ്.ഐ.ആറില്‍ വ്യക്തമായുണ്ടെന്ന് കോടതി പറയുന്നു.കോടതിയുടെ പരാമര്‍ശത്തിന് ശേഷം ശരത്തിന്റെ കുടുംബം കോടതിയുടെ നിലപാടില്‍ സംതൃപ്തിയുണ്ടെന്നും നന്ദിയും അറിയിച്ചു.
അതേ സമയം ഇരട്ടക്കൊലക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യത്തിനെതിരേ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
പൊലിസ് അന്വേഷണത്തില്‍ എന്താണ് കുഴപ്പമെന്ന് അറിയില്ല. അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കണമെന്നു പറയുന്നവര്‍ അക്കാര്യം പറയേണ്ട സ്ഥലത്തു പറയട്ടെ. സര്‍ക്കാരിനിപ്പോള്‍ ചാടിക്കയറി സി.ബി.ഐയെ വിളിക്കാന്‍ കഴിയില്ല. എല്ലാ കാര്യങ്ങളും സി.ബി.ഐക്ക് കൈമാറാനാണെങ്കില്‍ പിന്നെ എന്തിനാണ് സംസ്ഥാനത്ത് പൊലിസെന്നും കോടിയേരി ചോദിച്ചു.
പ്രതി പീതാംബരനു സി.പി.എം നിയമ സഹായം നല്‍കില്ല. പീതാംബരന്റെ കുടുംബത്തെ ആരെങ്കിലും വ്യക്തിപരമായി സമീപിച്ചിട്ടുണ്ടോ എന്നറിയില്ല. പാര്‍ട്ടി തീരുമാനപ്രകാരമല്ല പീതാംബരന്‍ പ്രവര്‍ത്തിച്ചത് എന്നതിനാലാണ് പുറത്താക്കിയത്. കൊലപാതകത്തില്‍ അദ്ദേഹം പങ്കെടുത്തതായി ബോധ്യപ്പെട്ടതുകൊണ്ടാണ് നടപടി. സംഭവത്തില്‍ എം.എല്‍.എക്ക് പങ്കുണ്ടെന്നതിനു തെളിവുണ്ടെങ്കില്‍ അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."