ജിഷ്ണു പ്രണോയിയുടെ മരണം സി.ബി.ഐ ഏറ്റെടുത്തിട്ടും രക്ഷയില്ല: പി.കൃഷ്ണദാസിനെ കുറ്റമുക്തനാക്കി കുറ്റപത്രം, ആത്മഹത്യയെന്ന് സി.ബി.ഐയും
തൃശൂര്‍: പാമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തിട്ടും രക്ഷയില്ല. മരണം ആത്മഹത്യയാണെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. രണ്ടുപേര്‍ക്കെതിരേ ആത്മഹത്യാപ്രേരണാക്കുറ്റവും ചുമത്തി. പ്രതിപ്പട്ടികയില്‍ നിന്ന് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് പുറത്താണ്.
എറണാകുളം സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ജിഷ്ണുവിന്റേത് ആത്മഹത്യയാണെ പരാമര്‍ശമുള്ളത്. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍ ശക്തിവേല്‍, ഇന്‍വിജിലേറ്ററും അസിസ്റ്റന്റ് പ്രൊഫസറുമായ സി.പി പ്രവീണ്‍ എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയത്. അതേ സമയം ഏറെ ആരോപണ വിധേയനയായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് പ്രതിപ്പട്ടികയില്‍ നിന്ന് പുറത്താണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പ്രതിയായി കണ്ടെത്തിയ ഇദ്ദേഹത്തിനെതിരേ തെളിവില്ലെന്നു പറഞ്ഞാമ് സി.ബി.ഐ കുറ്റമുക്തനാക്കിയിരിക്കുന്നത്.
നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോള്‍ അഞ്ചുപേരെയാണ് പ്രതികളായി കണ്ടെത്തിയിരുന്നത്. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ്, എന്‍.ശക്തിവേല്‍, പി പി പ്രവീണ്‍, പി.ആര്‍.ഒ സഞ്ജിത് വിശ്വനാഥന്‍, പരീക്ഷാച്ചുമതലയിലുണ്ടായിരുന്ന അധ്യാപകന്‍ ബിപിന്‍ എന്നിവരാണ് അന്ന് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്.
2017 ജനുവരി ആറിനാണ് ജിഷ്ണുവിനെ കോളേജ് ഹോസ്റ്റലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരീക്ഷയില്‍ കോപ്പിയടിച്ചത് കണ്ടുപിടിച്ചതിന്റെ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തുവെന്നായിരുന്നു പ്രാഥമികനിഗമനം. പിന്നീട് വിദ്യാര്‍ഥികള്‍ ഇവിടെയുള്ള ഇടിമുറിയെപ്പറ്റി പൊലിസിന് മൊഴി നല്‍കി. പോസ്റ്റുമോര്‍ട്ടത്തില്‍ ജിഷ്ണുവിന്റെ കണ്ണിലും മൂക്കിലും രക്തക്കറയും കണ്ടെത്തിയിരുന്നു. പൊലിസ് നടത്തിയ പരിശോധനയില്‍ വൈസ് പ്രിന്‍സിപ്പലിന്റെ ഓഫിസ് മുറിയിലും രക്തക്കറ കണ്ടെത്തി. തുടര്‍ന്നാണ് സംഭവം വിവാദമായത്. ആദ്യം ലോക്കല്‍ പൊലിസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ്, വിവാദങ്ങള്‍ ശക്തമായതിനെത്തുടര്‍ന്നാണ് സുപ്രിം കോടതി നിര്‍ദ്ദേശപ്രകാരം സി.ബി.ഐ ഏറ്റെടുത്തത്. അതേ സമയം സി.ബി.ഐ നടപടിയില്‍ തൃപ്തരല്ല ബന്ധുക്കള്‍. സത്യം തെളിയിക്കാന്‍ ഏതറ്റംവരേയും പോകുമെന്നാണ് ഇവരുടെ പക്ഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."