കാഴ്ചയില്ലാത്തവര്‍ക്ക് ജില്ലാ പഞ്ചായത്ത് സ്മാര്‍ട്ട്‌ഫോണ്‍ നല്‍കി; ഇനി അവരും 'സ്മാര്‍ട്ട് ലോകം' കീഴടക്കും
കോഴിക്കോട്: കാഴ്ചയില്ലാത്തവര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കി അറിവിന്റെയും അനുഭവങ്ങളുടെയും ആശയവിനിമയത്തിന്റെയും പുതിയ വാതിലുകള്‍ തുറന്നിടുകയാണ് ജില്ലാ പഞ്ചായത്ത്. ചെങ്ങോട്ടുകാവിലെ ഋഷികലയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കി ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് ബാബു പറശ്ശേരി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഭിന്നശേഷിക്കാര്‍ക്ക് പരമ്പരാഗത രീതിയില്‍ മാത്രം പദ്ധതി നടപ്പിലാക്കുന്നതില്‍നിന്ന് വ്യത്യസ്തമായാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കാഴ്ചയില്ലാത്തവര്‍ക്ക് ആധുനികമായ ഉള്‍ക്കാഴ്ച നല്‍കാന്‍ ഇതു സഹായകമാകും. ഇവരുടെ സംഘടനാ നേതാവായ ഗിരീഷ് കീര്‍ത്തിയാണ് പദ്ധതി ജില്ലാ പഞ്ചായത്തിന് മുന്നില്‍ വച്ചത്.
പ്ലസ്ടു മുതലുള്ള വിദ്യാര്‍ഥികള്‍ക്കും ജോലിക്ക് ശ്രമിക്കുന്നവര്‍ക്കും പഠനത്തിന് സഹായമായാണ് ഫോണ്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2016-17 സാമ്പത്തിക വര്‍ഷം അഞ്ചു ലക്ഷം രൂപ ചെലവഴിച്ചുള്ള പദ്ധതിയില്‍ 69 അപേക്ഷകളാണ് ലഭിച്ചത്. അതില്‍ 45 പേര്‍ക്ക് ശനിയാഴ്ച ഫോണ്‍ വിതരണം ചെയ്തു. ഗുണഭോക്തൃപട്ടിക ഗ്രാമപഞ്ചായത്ത് ബോര്‍ഡ് അംഗീകരിച്ച് സമര്‍പ്പിക്കുന്ന മുറയ്ക്ക് ശേഷിക്കുന്നവര്‍ക്കും ഫോണ്‍ നല്‍കുമെന്ന് പദ്ധതി നടപ്പാക്കുന്നതിന്റെ ചുമതലയുള്ള ജില്ലാ സാമൂഹികനീതി ഓഫിസര്‍ ടി.പി സാറാമ്മ അറിയിച്ചു. 7250 രൂപ വിലയുള്ള ഫോണാണ് നല്‍കിയത്. കാഴ്ചശേഷിയില്ലാത്തവര്‍ക്ക് ശബ്ദ സഹായത്തോടെ ഉപയോഗിക്കാനാകും. ഫോണ്‍ മറ്റൊരാള്‍ക്ക് കൈമാറാന്‍ പാടില്ലെന്ന് ജില്ലാ പഞ്ചായത്തിന്റെ പ്രത്യേക നിര്‍ദേശമുണ്ട്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് അധ്യക്ഷയായി. ഫോണിന്റെ പ്രവര്‍ത്തനം ഗിരീഷ് കീര്‍ത്തി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.ജി ജോര്‍ജ് മാസ്റ്റര്‍, പി.കെ സജിത, മുക്കം മുഹമ്മദ്, സെക്രട്ടറി പി.ഡി ഫിലിപ്പ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."