തുലാത്തുമ്പിക്കൂട്ടം ആകാശത്തേക്ക് പറന്നുയര്‍ന്നു; കൗതുകക്കണ്ണുമായി കുരുന്നുകള്‍
തൃക്കരിപ്പൂര്‍: തുലാത്തുമ്പിക്കൂട്ടം ആകാശത്തേക്ക് പറന്നുയര്‍ന്നു. കൗതുകക്കണ്ണുമായി കുരുന്നുകള്‍. ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദി സംഘടിപ്പിച്ച തുമ്പി നിരീക്ഷണമാണ് ഋതുഭേദങ്ങളുടെ സൂചകങ്ങളായ തുമ്പികളുടെ ജീവിതത്തെപ്പറ്റി ആഴത്തില്‍ അറിയാനുള്ള വേദിയായി മാറിയത്. തുലാമഴ തുടങ്ങുന്നതോടെ നമ്മുടെ നാട്ടില്‍ ദേശാടകരായി എത്തുന്ന പറക്കുന്ന ഷഡ്പദങ്ങളാണ് തുലാത്തുമ്പികള്‍. ഭൂഖണ്ഡങ്ങള്‍ താണ്ടി ഇവ കടന്നു വരുന്നതോടെ നമ്മുടെ ദേശത്തെ കൊതുകുകളെ കൂട്ടത്തോടെ കൊന്നൊടുക്കും. ചിക്കുന്‍ഗുനിയ പോലുള്ള രോഗങ്ങള്‍ക്ക് വിരാമമാവുകയും ചെയ്യുന്നു. പരിസ്ഥിതി സന്തുലനം നിലനിര്‍ത്തുന്നതില്‍ ഇവയ്ക്ക് ഏറെ പ്രാധാന്യമാണുള്ളത്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ പറക്കാന്‍ കഴിയുന്ന തുമ്പികള്‍ പലയിനത്തിലുണ്ട്. തലയെക്കാള്‍ വലിപ്പമുള്ള കണ്ണുകളുള്ള മാംസഭുക്കുകളായ ഇവയുടെ മുഖ്യ ഭക്ഷണം ചെറു പ്രാണികളാണ്. തുമ്പിപ്പാട്ടുകളിലും തുമ്പിതുള്ളലുകളിലുമൊക്കെ തുമ്പികളെ തേനുണ്ണാന്‍ വിളിക്കാറുണ്ടെങ്കിലും ഇവയ്ക്ക് തേന്‍ വേണ്ടെന്ന വസ്തുത നിരീക്ഷണത്തിലൂടെ കുട്ടികള്‍ തിരിച്ചറിഞ്ഞു. ആറ് ദിശകളിലേക്കുള്ള പറക്കലും ഇണചേരുന്നതും വെള്ളത്തില്‍ മുട്ടയിടുന്നതുമൊക്കെ കുട്ടികള്‍ കണ്ടറിഞ്ഞു. തുലാത്തുമ്പിക്കു പുറമെ കാര്‍ത്തുമ്പി, മതില്‍ത്തുമ്പി, മരതകക്കണ്ണന്, മരതക മയില്പ്പീലിത്തുമ്പി, കനല് വാലന്‍, സിന്ദൂരച്ചിറകന്, നീല വാലന്‍, പവിഴവാലന്‍, തവിടന്‍ തുരുമ്പന്‍, വരയന്‍ തുമ്പി, നീല വ്യാളി തുടങ്ങിയ ഇനം തുമ്പികളെ നിറം, ചിറക്, ഉടല് എന്നിവയുടെ വ്യത്യസ്തകളിലൂടെ കണ്ടറിഞ്ഞു. പേരു ചൊല്ലി വിളിക്കാനും പഠിച്ചു.
പരിസ്ഥിതി പ്രവര്ത്തകന് ആനന്ദ് പേക്കടം, ഗ്രന്ഥാലയം സെക്രട്ടറി പി വേണുഗോപാലന്‍ എന്നിവര്‍ ക്ലാസെടുത്തു. ഗ്രന്ഥാലയം പ്രസിഡന്റ് പി.വി പ്രഭാകരന്, ബാലവേദി കണ്‍വീനര്‍ എം. ബാബു, സി. പൃഥ്വിരാജ്, ദിവ്യാ ശ്രീജിത്ത്, കെ. നിഖില, ആര്യാ എം. ബാബു, വി. ഫിദല്‍, ടി.പി ശ്രീരാഗ്, വി.എം സ്നിഗ്ദ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."