മത്സ്യഫെഡിലെ അനധികൃത നിയമനം വിജിലന്‍സ് അന്വേഷിക്കണം: ബിന്ദുകൃഷ്ണ
കൊല്ലം: മത്സ്യഫെഡിന് കീഴിലുള്ള കൈറ്റോസാണ്‍ പ്ലാന്റില്‍ വകുപ്പ് മന്ത്രിയുടെ അറിവോടെ അനധികൃത നിയമനം നടത്തിയതായി ഡി.സി.സി അധ്യക്ഷ ബിന്ദുകൃഷ്ണ. പ്ലാന്റില്‍ ആള്‍ കേരള മാര്‍ക്കറ്റിങ് ഓഫിസറായി എ അരുണ്‍കുമാര്‍ എന്നയാളിനെ നിയമിച്ചത് മാനദണ്ഡങ്ങള്‍ മറികടന്ന് മന്ത്രിയുടെ നേരിട്ടുള്ള നിര്‍ദേശത്തെ തുടര്‍ന്നാണെന്നും ഈ പിന്‍വാതില്‍ നിയമനത്തെ കുറിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ മറുപടി പറയണമെന്നും ബിന്ദുകൃഷ്ണ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഡി.വൈ.എഫ്.ഐയുടെ പ്രാദേശിക നേതാവായ അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത് കൈറ്റോസോണ്‍ പ്ലാന്റില്‍ ചെമ്മീന്‍ തോട് വാങ്ങിയവരുമായി ബന്ധപ്പെട്ട് നടക്കുന്ന കോടികളുടെ ക്രമക്കേട് മറച്ച് വയ്ക്കാനാണെന്നും ബിന്ദുകൃഷ്ണ ആരോപിച്ചു.
കൈറ്റോണ്‍ ഗുളിക വിതരണക്കാര്‍ക്ക് നല്‍കിയതിലും അഴിമതിയുണ്ട്. കൈറ്റിന്‍ കയറ്റുമതിയുമായി ബന്ധപ്പെട്ട് സ്വകാര്യ കമ്പനികള്‍ കോടികളുടെ ലാഭം ഉണ്ടാക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കൈറ്റോസാണ്‍ പ്ലാന്റ് ലക്ഷങ്ങളുടെ നഷ്ടത്തിലാണ്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ സ്വകാര്യ കമ്പനികള്‍ കിലോയ്ക്ക് 200 രൂപയ്ക്ക് നല്‍കിക്കൊണ്ടിരുന്ന കൈറ്റിന്‍ ഇപ്പോള്‍ 175 രൂപയ്ക്കാണ് നല്‍കുന്നത്.
കുറഞ്ഞ തുകയ്ക്ക് വാങ്ങിച്ച് ഗുളികയാക്കി സ്വകാര്യ കമ്പനികള്‍ കോടികളുടെ ലാഭം ഉണ്ടാക്കുമ്പോള്‍ സര്‍ക്കാര്‍ പ്ലാന്റ് അടച്ച് പൂട്ടലിന്റെ ഭീഷണിയിലാണ്. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബേലൂര്‍ ബയെസ് എന്ന സ്വകാര്യ കമ്പനി ആരുടെ ബിനാമി കമ്പനിയാണെന്ന് വിജിലന്‍സ് അന്വേഷിക്കണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."