കെ.ഐ.പി കനാലിന്റെ കരകളില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ അനാഥമായി കിടക്കുന്നു
ചാരുംമൂട്: കെ.ഐ.പി കനാലിന്റെ പഴകുളം മുതല്‍ ചാരുംമൂട് ഭാഗം വരെയുള്ള മെയില്‍ കനാലിനു ഇരുകരകളിലും നൂറുക്കണക്കിനു അക്വേഷ്യാ മരങ്ങള്‍ കടപുഴുകി കനാലിലേക്കും കരകളിലേക്കും വീണു കിടക്കാന്‍ തുടങ്ങിയിട്ടു മാസങ്ങളായി. ഉദ്യോഗസ്ഥരുടെ ശ്രദ്ധ ഇല്ലാത്തതു കാരണം വീണു കിടക്കുന്ന മരങ്ങള്‍ കടത്തിക്കൊണ്ടു പോകുന്നതായും പരാതിയുണ്ട്.
പല സ്ഥലങ്ങളിലും വീണു കിടക്കുന്ന വന്‍ മരങ്ങള്‍ കാണാന്‍ പറ്റാത്ത തരത്തില്‍ കടുകയറി മൂടിയനിലയിലാണ്. ആദിക്കാട്ടുകുളര കനാല്‍ഭാഗം, കരിമാന്‍ക്കാവ് പ്രദേശം, എരുമക്കുഴി, കാവുംപാട്, നൂറനാട് കനാല്‍ ഭാഗം, തത്തം മുന്ന, ഇടക്കുന്നംഭാഗങ്ങളിലും, കെ.പി റോഡിലെ ലെപ്രസി സാനിട്ടോറിയം ഭാഗത്തും അക്വേഷ്യാ മരങ്ങള്‍ പല കക്ഷണങ്ങളായി വെട്ടിമാറ്റിയ നിലയിലാണുള്ളത്.
കെ.പി റോഡിലേക്കും കനാല്‍ ഭാഗത്തെ വാഹനസഞ്ചാരമുള്ള റോഡിലേക്കും കാറ്റിലും മഴയിലും കടപുഴകി വീഴുന്ന മരങ്ങള്‍ അഗ്‌നിശമന സേന എത്തി തടസം ഒഴുവാക്കുന്ന തരത്തില്‍ മരങ്ങള്‍ നീക്കം ചെയ്ത ഇരുവശങ്ങളിലേക്കും മാറ്റി ഇടുകയാണു പതിവ്. ഇത്തരത്തിലുള്ള മരങ്ങളാണ് ഉപേക്ഷിക്കപ്പെട്ട അവസ്ഥയില്‍ കാണപ്പെടുന്നത്. വീണു കിടക്കുന്ന മരങ്ങള്‍ ലേലം ചെയ്ത് മാറ്റണമെങ്കില്‍ കടമ്പകള്‍ ഏറെയാണ്. കല്ലട ഇറിഗേഷന്‍ വക സ്ഥലത്താണു മരമെങ്കിലും ഇത് സ്വന്തം ഇഷ്ടപ്രകാരം നീക്കം ചെയ്യുവാനോ വില്‍പ്പന നടത്തുവാനോ അവര്‍ക്ക് അവകാശമില്ല. മരംവെച്ചു പിടിപ്പിച്ചതു വനം വകുപ്പാണ്. മരം വില്‍പ്പന നടത്താനുള്ള അവകാശവും അവര്‍ക്കു തന്നെ. വീണു കിടക്കുന്നതും അപകടാവസ്ഥയിലുള്ളതുമായ മരങ്ങള്‍ കണ്ടെത്തി ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ ഫോറസ്റ്റ് വകുപ്പിനു റിപ്പോര്‍ട്ട് നല്‍കണം. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് മരങ്ങളുടെ അളവും നമ്പറും എടുത്ത ശേഷം ലേലം ചെയ്യുവാനുള്ള അനുവാദം ഇറിഗേഷനു കൈമാറുന്നു. മരങ്ങളുടെ മതിപ്പുവിലയും ലേലത്തില്‍ പങ്കെടുക്കുന്ന വ്യക്തികള്‍ കെട്ടിവെയക്കേണ്ട തുകയും നിശ്ചയിച്ചു ലേല നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങളെടുക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുപ്പോഴേക്കും പകുതി മരവും നഷ്ടപ്പെട്ടിരിക്കും. നിലംപതിക്കുന്ന മരങ്ങള്‍ വേഗത്തില്‍ ലേലം ചെയ്ത് പൊതുഖജനാവിലേക്ക് മുതല്‍കൂട്ടുവാന്‍ ഇറിഗേഷന്‍ വകുപ്പും ഫോറസ്റ്റും നടപടികള്‍ വേഗത്തിലാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."