ഇത്തിത്താനത്ത് കടയുടെ ഷട്ടര്‍ തകര്‍ത്ത് മോഷണം
ചങ്ങനാശേരി: ഇത്തിത്താനത്ത് കടയുടെ ഷട്ടര്‍ കമ്പി പാര ഉപയോഗിച്ച് അടര്‍ത്തി മാറ്റി പണവും വിലപ്പെട്ട രേഖകളും സാധങ്ങളും മോഷ്ടിച്ചു.
ഇത്തിത്താനം ചിറവംമുട്ടം ക്ഷേത്രത്തിന് സമീപത്തുള്ള വിജയശേഖരന്‍ നായരുടെ കടയിലാണ് ഇന്നലെ പുലര്‍ച്ചെ മോഷണം നടന്നത്. കടയുടെ ഷട്ടര്‍ വലിയ കമ്പി പാര ഉപയോഗിച്ച് ഭിത്തിയില്‍ നിന്നും ഒരു വശത്ത് ബന്ധം വേര്‍പ്പെടുത്തിയ നിലയിലായിരുന്നു.
ഇന്നലെ പുലര്‍ച്ചെയാണ് മോഷണം നടന്നത്. രാത്രി കടയടച്ചു വീട്ടിലേയ്ക്കു പോയ വിജയശേഖരന്‍ നായര്‍ രാവിലെയാണ് മോഷണം നടന്ന വിവരം അറിയുന്നത്.
നാണയ തട്ടുകളായി സൂക്ഷിച്ചിരുന്ന 4000 രൂപയും മേശയില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന 2000 രൂപയും മോഷണം പോയി. കൂടാതെ മക്കളുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളും കടയുടെയും വീട്ടിലെയും മറ്റു വിലപ്പെട്ട രേഖകളും അടങ്ങിയ ഫയലും നഷ്ടമായി. കടയിലെ സാധനങ്ങള്‍ എല്ലാം വലിച്ചു വാരിയിട്ടു നിലയിലാണ്. കുറെ സാധനങ്ങളും നഷ്ടമായി. കടയുടെ മുന്‍ഭാഗത്ത് റോഡ് കോണ്‍ക്രീറ്റിങ് മൂലം ഗതാഗതം തടസപ്പെട്ട നിലയിലായിരുന്നു. ഇതും മോഷ്ട്ടാക്കള്‍ക്കു സഹായകമായി.
ശബ്ദം കേള്‍ക്കാതിരിക്കാന്‍ ട്രെയിന്‍ കടന്നു പോയ സമയത്തതാണ് ഷട്ടര്‍ തകര്‍ത്തത്.
ചിങ്ങവനം പൊലിസ് സ്ഥലത്തെത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു. വിശദമായ അന്വേഷണം ആരംഭിച്ചെന്നു പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."