ഡോ. ടി.കെ രവീന്ദ്രനോടൊപ്പം പടിയിറങ്ങുന്നത് ഒരു കാലഘട്ടത്തിന്റെ ഓര്‍മ
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും ചരിത്രകാരനും എഴുത്തുകാരനുമായ ഡോ. ടി.കെ രവീന്ദ്രന്‍ ജീവിതത്തില്‍നിന്ന് പടിയിറങ്ങുമ്പോള്‍ ബാക്കിയാകുന്നത് ഒരു കാലഘട്ടത്തിന്റെ ഓര്‍മ. 1987 മുതല്‍ 1992 വരെയാണു അദ്ദേഹം സര്‍വകലാശാലാ വൈസ് ചാന്‍സലറാകുന്നത്. എങ്കിലും സര്‍വകലാശാലയുടെ ചരിത്രത്തോടൊപ്പം തന്നെ അദ്ദേഹവും ഉണ്ടായിരുന്നു.
1968 ജൂലൈ 23നാണ് മലയാളത്തിന്റെ വൈജ്ഞാനിക മുന്നേറ്റത്തിനായി കാലിക്കറ്റ് സര്‍വകലാശാല സ്ഥാപിതമാകുന്നത്. ഇവിടേക്ക് 1969ല്‍ ചരിത്ര വിഭാഗത്തില്‍ റീഡറായിട്ടായിരുന്നു അദ്ദേഹത്തിന്റെ ആദ്യ നിയമനം. അടുത്ത വര്‍ഷം കേരളസര്‍വകലാശാലയിലെ ചരിത്രവിഭാഗം പ്രൊഫസറായി.
പിന്നീട് ചരിത്രത്തോടൊപ്പമായിരുന്നു യാത്ര, ഇഷ്ടവും. എഴുത്തിലും ഗവേഷണത്തിലും ചരിത്രവും കവിതയും നിരൂപണവുമെല്ലാം നിറഞ്ഞു. ഇന്റര്‍നാഷനല്‍ പോയറ്റ് ഓഫ് മെറിറ്റ് അവാര്‍ഡ് ഉള്‍പ്പെടെയുള്ള ബഹുമതികളും ലഭിച്ചു. മലയാളത്തിലും ഇംഗ്ലിഷിലും എഴുതിയ അദ്ദേഹത്തിന്റെ കവിതകള്‍ ബി.ബി.സിയടക്കം പ്രക്ഷേപണം ചെയ്തിട്ടുണ്ട്.
തൃശൂര്‍ ജില്ലയിലെ വലപ്പാട്ട് എടമുട്ടം തണ്ടയംപറമ്പില്‍ കുഞ്ഞികൃഷ്ണന്റെയും കാര്‍ത്യായനിയുടെയും നാലാമത്തെ മകനായി 1932 ഒക്ടോബര്‍ 15നായിരുന്നു ജനനം. ബോംബെ യൂനിവേഴ്‌സിറ്റിയിലെ വില്‍സണ്‍ കോളജില്‍ നിന്ന് ചരിത്രത്തില്‍ എം.എയും എല്‍ഫിന്‍സ്റ്റണ്‍ കോളജില്‍ നിന്ന് പി എച്ച്ഡിയും നേടി. ന്യൂ ലോ കോളജില്‍ നിന്ന് നിയമ ബിരുദവുമെടുത്തു.
1957ല്‍ ബോംബെ നാഷനല്‍ കോളജില്‍ ചരിത്രാധ്യാപകനായാണ് അധ്യാപകജീവിതം ആരംഭിക്കുന്നത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അന്ത്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."