വികസന മുന്നേറ്റത്തിന് കേന്ദ്രസഹായം ആവശ്യം: മുഖ്യമന്ത്രി
കൊച്ചി: വികസന കാര്യത്തില്‍ കേരളത്തിന് ഒരുപാട് മുന്നേറാനുണ്ടെന്നും ഈ മുന്നേറ്റത്തിന് കേന്ദ്രസഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന മുന്നേറ്റത്തിനാവശ്യമായ വിഭവശേഷി സംസ്ഥാനത്തിനില്ലെന്നും, എന്നാല്‍ വികസനത്തോട് പോസിറ്റീവായ സമീപനമാണ് സര്‍ക്കാരിന്റേതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഏത് വികസന പ്രവര്‍ത്തനവും സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന സന്ദേശമാണ് കൊച്ചി മെട്രോ യാഥാര്‍ഥ്യമാക്കിയതിലൂടെ കേരളം ലോകത്തിന് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വികസന പ്രവൃത്തികള്‍ നടപ്പാകുമ്പോള്‍ ചിലരെങ്കിലും അതിന്റെ ഇരകളാവാറുണ്ട്. അത്തരക്കാരെ പുനരധിവസിപ്പിക്കണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. അതിനുളള നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളും.
പുനരധിവാസ പദ്ധതികള്‍ ഒരുക്കിയിട്ടും വികസന പ്രവൃത്തികള്‍ക്കെതിരേ എതിര്‍പ്പുമായി വന്നാല്‍ സര്‍ക്കാര്‍ പിന്നോട്ട് പോകില്ല.
വിമര്‍ശനത്തിന് വേണ്ടി വിമര്‍ശനമുയര്‍ത്തി വികസന പദ്ധതികളില്‍ നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കാന്‍ ആരും ശ്രമിക്കേണ്ടതില്ല.ദേശീയ ജലപാത സഞ്ചാര യോഗ്യമാക്കാനുളള തീവ്രശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാരെന്നും പിണറായി അറിയിച്ചു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് നടപ്പാക്കിയ കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യേണ്ടതാരാണെന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് സംശയം ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യണമെന്ന് തന്നെയായിരുന്നു സര്‍ക്കാര്‍ നിലപാട്.
നമ്മുടെ രാജ്യത്തിന്റെ ആകെ സംഭാവനയാണ് കൊച്ചി മെട്രോയെന്നും ഇക്കാര്യത്തില്‍ ഇ.ശ്രീധരന്റെ നേതൃപാടവം ആര്‍ക്കും മറക്കാനാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."