ജിന്‍സണ്‍ ഇന്നിറങ്ങും
ദോഹ: നിലവിലെ 1500 മീറ്റര്‍ ഏഷ്യന്‍ ഗെയിംസ് ചാംപ്യന്‍ ജിന്‍സണ്‍ ജേണ്‍സന്‍ ഒരിക്കല്‍ കൂടി ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ് ട്രാക്കിലെ മലയാളി സാന്നിധ്യമാവാന്‍ ഇന്നിറങ്ങും. ഇന്ന് രാത്രി നടക്കുന്ന 1500 മീറ്റര്‍ ഹീറ്റ്‌സിലാണ് താരം ഇറങ്ങുക. ഈ ഇനത്തില്‍ ഈ മാസം ജര്‍മനിയില്‍ കുറിച്ച മൂന്നു മിനുട്ട് 35.24 സെക്കന്‍ഡ് സമയമാണ് സീസണിലേയും താരത്തിന്റെയും മികച്ച പ്രകടനമെന്നതിനാല്‍ ലോക ചാംപ്യന്‍ശഷിപ്പില്‍നിന്ന് ഇന്ത്യ ഒരു മെഡല്‍ സ്വപ്നം കാണുന്നു. കഴിഞ്ഞ വര്‍ഷം ഒസ്ട്രാവയില്‍ നടന്ന ഐ.എ.എഫ്.എഫ് കോണ്ടിനെന്റല്‍ കപ്പില്‍ മത്സരിച്ചെങ്കിലും ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. അന്ന് മൂന്നു മിനുട്ട് 41.72 സെക്കന്‍ഡ് കൊണ്ടാണ് മത്സരം പൂര്‍ത്തിയാക്കിയത്.
പുരുഷന്‍മാരുടെ ഷോട്ട്പുട്ടില്‍ തജീന്ദര്‍പാല്‍ സിങ് ടൂറും ഇന്ത്യക്കായി യോഗ്യതാ റൗണ്ടില്‍ ഇറങ്ങുന്നുണ്ട്. നിലവിലെ ഏഷ്യന്‍ ചാംപ്യനും കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവും കൂടിയായ ഈ പഞ്ചാബ് താരത്തിലും ഇന്ത്യക്ക് പ്രതീക്ഷയുണ്ട്.
കുതിച്ചോടി നോഹ് ലൈല്‍സ്
100 മീറ്ററില്‍ വേഗ താരമായത് അമേരിക്കയുടെ ക്രിസ്റ്റ്യന്‍ കോള്‍മാനെങ്കില്‍ 200 മീറ്ററിലും അമേരിക്ക വിജയക്കൊടി പാറിച്ചു. നിലവിലെ ജൂനിയര്‍ ലോക ചാംപ്യന്‍ അമേരിക്കയുടെ നോഹ് ലൈല്‍സാണ് 200 മീറ്ററിലെ പുതിയ വേഗ രാജാവായത്. ഫൈനലില്‍ 19.83 സെക്കന്‍ഡ് കൊണ്ടാണ് മത്സരം പൂര്‍ത്തിയാക്കിയത്. 100 മീറ്ററിലെ മെഡല്‍ വേട്ടക്കാരന്‍ കാനഡയുടെ ആന്‍ഡെ ഡി ഗ്രാസിയെയും(19.95) ഇക്വഡോറിന്റെ അലക്‌സ് ക്വിനോനെസിനേയും(19.98) പിന്നിലാക്കിയായിരുന്നു താരത്തിന്റെ കുതിപ്പ്. റിയോ ഒളിംപിക്‌സ് 200 മീറ്ററില്‍ ഡി ഗ്രാസി വെള്ളി നേടിയിരുന്നു. ഈ ഇനത്തില്‍ 2017ലെ ലോക രാജാവ് തുര്‍ക്കിയുടെ റമില്‍ ഗുളിയേവിന് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അതേസമയം, ചാംപ്യന്‍ഷിപ്പ് ചരിത്രത്തില്‍ ഇക്വഡോറിന്റെ രണ്ടാം മെഡലാണ് ക്വിനോനെസ് സ്വന്തമാക്കിയത്.
800ല്‍ ബ്രേസിയര്‍
800 മീറ്ററില്‍ സ്വര്‍ണം നേടിയ ഡോണവന്‍ ബ്രേസിയര്‍, ഈ ഇനത്തില്‍ ആദ്യ സ്വര്‍ണം നേടുന്ന അമേരിക്കന്‍ താരമായി മാറി. ഒരു മിനുട്ട് 42.44 സെക്കന്‍ഡ് കൊണ്ട് മത്സരം പൂര്‍ത്തിയാക്കിയ താരം ചാംപ്യന്‍ഷിപ്പ് റെക്കോര്‍ഡും സ്വന്തമാക്കി. സീസണിലെ മികച്ച സമയത്തോടെ ബോസ്‌നിയയുടെ അമേല്‍ തുക്ക (1,43,47) വെള്ളി നേടിയപ്പോള്‍ കെനിയയുടെ ചെറിയോട്ട് റോട്ടിച്ച് (1.43.82) വെങ്കലവും നേടി.
പോള്‍വാള്‍ട്ടില്‍ സ്വര്‍ണം നിലനിര്‍ത്തി കെന്‍ഡ്രിക്‌സ്
പുരുഷന്‍മാരുടെ പോള്‍വാള്‍ട്ടില്‍ വീണ്ടും സ്വര്‍ണമുയര്‍ത്തി അമേരിക്കയുടെ സാം കെന്‍ഡ്രിക്‌സ്. ഫൈനലിലെ അവസാന സമയത്ത് സ്വീഡന്റെ യുവതാരം അര്‍മാന്റ് ഡുപ്ലാന്റിസും പോളണ്ടിന്റെ പീറ്റര്‍ ലിസെക്കും കെന്‍ഡ്രിക്‌സിന് കടുത്ത എതിരാളികളായി. ഒടുവില്‍ ഡുപ്ലാന്റിസും കെന്‍ഡ്രിക്‌സും 6.02 ഉയരം താണ്ടാന്‍ ശ്രമിച്ചെങ്കിലും ഇരുവര്‍ക്കും കഴിഞ്ഞില്ല. ഒടുവില്‍ മുന്‍പത്തെ ദൂരമായ 5.97 ആദ്യ ശ്രമത്തില്‍ തന്നെ താണ്ടിയ കെന്‍ഡ്രിക്‌സിനെ സ്വര്‍ണ മെഡല്‍ ജേതാവായി പ്രഖ്യാപിക്കുകയായിരുന്നു. പീറ്റര്‍ ലീസെക്കിനാണ് വെങ്കലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."