ഡാര്‍ജിലിങ് കലാപം തുടരുന്നു; ബംഗാള്‍ സര്‍ക്കാര്‍ പ്രതിസന്ധിയില്‍
കൊല്‍ക്കത്ത: ഡാര്‍ജിലിങ് കേന്ദ്രീകരിച്ച് സംസ്ഥാന രൂപീകരണത്തിനായി നടക്കുന്ന പ്രക്ഷോഭം ശക്തമായതോടെ ബംഗാള്‍ ഭരണവും കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു.
ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചയുടെ നേതൃത്വത്തില്‍ തുടങ്ങിയ പ്രക്ഷോഭത്തിനിടയില്‍ ഇന്നലെ ഒരു പൊലിസ് ഉദ്യോഗസ്ഥന് കുത്തേറ്റു. എന്നാല്‍ പൊലിസ് നടത്തിയ വെടിവയ്പില്‍ പ്രക്ഷോഭകരില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായി ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച ആരോപിച്ചു.
ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ കിരണ്‍ തമാങിനാണ് പ്രക്ഷോഭകരില്‍ നിന്ന് ആക്രമണമുണ്ടായത്. ഗൂര്‍ഖാ കത്തി ഉപയോഗിച്ചാണ് ഇദ്ദേഹത്തെ ആക്രമിച്ചതെന്നാണ് പൊലിസ് പറയുന്നത്. ആയിരക്കണക്കിന് ആളുകള്‍ സംഘടിച്ചെത്തി പൊലിസിനു നേരെ ആക്രമണം നടത്തുകയായിരുന്നു. ഇതിനിടയിലാണ് പൊലിസ് ഉദ്യോഗസ്ഥന് കുത്തേറ്റത്. പ്രക്ഷോഭകര്‍ പൊലിസ് വാഹനം അഗ്നിക്കിരയാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യവുമായാണ് പ്രക്ഷോഭകര്‍ പൊലിസിനെ നേരിട്ടത്.
അഞ്ചുവര്‍ഷക്കാലം സര്‍ക്കാരില്‍ നിന്ന് പലതും അനുഭവിച്ച് നിശബ്ദരായിരുന്നവര്‍, തെരഞ്ഞെടുപ്പ് അടുക്കാറായപ്പോള്‍ വീണ്ടും അക്രമത്തിന്റെ മാര്‍ഗം സ്വീകരിച്ചിരിക്കുകയാണ്. ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചയുടെ വിശ്വാസ്യത നഷ്ടപ്പെട്ടതാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്ന നടപടിക്ക് കാരണമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി കൊല്‍ക്കത്തയില്‍ ആരോപിച്ചു.
പ്രക്ഷോഭത്തിനെതിരേയുള്ള പൊലിസ് നടപടിയില്‍ ആര്‍ക്കും ജീവഹാനി നേരിട്ടിട്ടില്ല. എന്നാല്‍ പൊലിസ് ഉദ്യോഗസ്ഥനുനേരെയുണ്ടായ അക്രമം അപലപനീയമാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം പൊലിസ് നടത്തിയ വെടിവയ്പില്‍ തങ്ങളുടെ രണ്ട് പ്രവര്‍ത്തകര്‍ മരിച്ചതായി ജി.ജെ.എം അസി. സെക്രട്ടറി ബിനയ് തമാങ് ആരോപിച്ചു. ഇക്കാര്യം പൊലിസ് അഡീ. ഡയരക്ടര്‍ ജനറല്‍ അനുജ് ശര്‍മ നിഷേധിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലിസ് ആകാശത്തേക്കാണ് വെടിവച്ചത്. പ്രാദേശിക ടി.വി ചാനലിന്റെ ദൃശ്യങ്ങളില്‍ ഇക്കാര്യം വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ജി.ജെ.എം ആവശ്യപ്പെട്ടിട്ടുണ്ട്. റബര്‍ ബുള്ളറ്റുകള്‍ക്കുപകരം വെടിയുണ്ടകളാണ് പ്രക്ഷോഭകര്‍ക്കുനേരെ പൊലിസ് ഉപയോഗിച്ചതെന്നും നേതാക്കള്‍ ആരോപിച്ചു.
ഡാര്‍ജിലിങും തൊട്ടടുത്ത ഖൂം പ്രദേശവും യുദ്ധക്കളമായി മാറിയിരിക്കുകയാണ്. പൊലിസ് വാഹനങ്ങള്‍ക്കു നേരെ ശക്തമായ ആക്രമണമാണ് ഉണ്ടാകുന്നത്. പൊലിസിനു നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ തടയുന്നതിനായി കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കുന്നത് ശക്തമാക്കിയിട്ടുണ്ട്. പ്രാദേശിക തലങ്ങളില്‍ നിന്ന് പ്രക്ഷോഭകര്‍ക്ക് ലഭിക്കുന്ന പിന്തുണ ശക്തമാണ്.
ഏറ്റുമുട്ടല്‍ രൂക്ഷമായതിനെത്തുടര്‍ന്ന് കലുഷിതമായ അന്തരീക്ഷം രൂപപ്പെട്ട ഡാര്‍ജിലിങ്ങില്‍ നിന്ന് വിനോദ സഞ്ചാരികള്‍ ഒഴിഞ്ഞുപോയിക്കൊണ്ടിരിക്കുകയാണ്. ജൂണ്‍ എട്ടുമുതലാണ് ഇവിടെ സംഘര്‍ഷം തുടങ്ങിയത്. പ.ബംഗാളില്‍ നിന്ന് മാറി ഡാര്‍ജിലിങ് കേന്ദ്രീകരിച്ച് പ്രത്യേക സംസ്ഥാനം വേണമെന്നാവശ്യപ്പെട്ട് ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി സമരം നടന്നുവരികയാണ്. അതിനിടയില്‍ ജി.ജെ.എം അധ്യക്ഷന്‍ ബിമല്‍ ഗുരുങിനെ തേടിയുള്ള പൊലിസ് നടപടി ശക്തമാക്കിയതോടെ അദ്ദേഹം ഒളിവില്‍ പോയിരിക്കുകയാണ്. 1980കളില്‍ ഡാര്‍ജിലിങ് സംസ്ഥാനത്തിനുവേണ്ടിയുള്ള പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തില്‍ 100ഓളം പേരാണ് കൊല്ലപ്പെട്ടിരുന്നത്. പ്രക്ഷോഭം തണുപ്പിക്കുന്നതിനുവേണ്ടി ഡാര്‍ജിലിങിന് സ്വതന്ത്രാധികാരം നല്‍കുന്ന കൗണ്‍സില്‍ രൂപീകരിച്ചിരുന്നു. എന്നാല്‍ കൗണ്‍സിലിനെതിരേ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നത്. സ്വതന്ത്രാധികാരം ഉണ്ടായതോടെ കൗണ്‍സില്‍ വ്യാപകമായ അഴിമതി നടത്തുന്നതും വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ തടസപ്പെടുത്തുകയും ചെയ്യുന്നതായി ആരോപണം ഉയര്‍ന്നു. തുടര്‍ന്ന് സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണം തുടരുന്നതിനിടയിലാണ് വീണ്ടും ഇവിടെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.
പ്രക്ഷോഭം അവസാനിപ്പിക്കുന്നതിനായി ഡാര്‍ജിലിങ്ങിലുള്ള 17 വികസന സമിതികളുടെ അധ്യക്ഷന്മാരുടെ യോഗം ഇന്നലെ കൊല്‍ക്കത്തയില്‍ വിളിച്ചു ചേര്‍ത്തിരുന്നു. എന്നാല്‍ വികസന സമിതികളെ ഉപയോഗിച്ച് ജി.ജെ.എം മുന്നോട്ടുവയ്ക്കുന്ന ആവശ്യത്തെ ദുര്‍ബലപ്പെടുത്താനും മേഖലയിലെ ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള നീക്കമാണിതെന്നും നേതാക്കള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."