ഒരോവറില്‍ 43 റണ്‍സ്, ക്രിക്കറ്റ് ലോകത്ത് പുതിയ റെക്കോര്‍ഡ്
വെല്ലിങ്ടണ്‍: ക്രിക്കറ്റിന്റെ ചരിത്ര പുസ്തകത്തില്‍ പുതിയൊരു റെക്കോര്‍ഡ് കൂടി എഴുതിച്ചേര്‍ത്തിരിക്കുകയാണ് ന്യൂസിലന്റ് താരങ്ങള്‍. ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുക എന്ന നേട്ടമാണ് ന്യൂസിലന്റ് താരങ്ങള്‍ സ്വന്തമാക്കിയത്.
ന്യൂസിലന്റില്‍ നടന്ന ഒരു ലിസ്റ്റ് എ മത്സരത്തില്‍ ഒരോവറില്‍ 43 റണ്‍സാണ് അടിച്ചെടുത്തത്. ന്യൂസിലന്റിലെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ ഫോര്‍ഡ് ട്രോഫിയിലാണ് രണ്ട് ന്യൂസിലന്റ് താരങ്ങള്‍ ചേര്‍ന്ന് 43 റണ്‍സ് അടിച്ചുകൂട്ടിയത്. ഒരോവറില്‍ നേടുന്ന ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന നിലയിലാണ് ഇത് ചരിത്രത്തില്‍ ഇടം നേടിയത്.
നേരത്തെ പല താരങ്ങളും ഒരോവറില്‍ 36 റണ്‍സ് അടിച്ചെടുത്തിരുന്നു. എന്നാല്‍ ബൗളര്‍ നോബോള്‍ കൂടി എറിഞ്ഞാലോ. അതാണ് ഇവിടെ സംഭവിച്ചത്.
നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്‌സും സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ്‌സും തമ്മില്‍ നടന്ന ഏകദിന മത്സരത്തിനിടെ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ്‌സ് ബൗളര്‍ വില്ല്യം ലൂഡിക്കിനെയാണ് രണ്ട് ബാറ്റ്‌സ്മാന്‍മാര്‍ ചേര്‍ന്ന് നാണംകെടുത്തിയത്. നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റിന്റെ ബാറ്റ്‌സ്മാന്‍മാരായ ജോ കാര്‍ട്ടറും ബ്രെറ്റ് ഹാംപ്ടണും ചേര്‍ന്ന് വില്ല്യമിനെ അടിച്ചൊതുക്കുകയായിരുന്നു. 4, 6 (നോ ബോള്‍), 6 (നോ ബോള്‍), 6, 1, 6, 6, 6 എന്നിങ്ങനെയായിരുന്നു റെക്കോര്‍ഡ് പിറന്ന ഓവറിലെ റണ്‍സ്. കാര്‍ട്ടര്‍ 102 റണ്‍സും ഹാംപ്ടണ്‍ 95 റണ്‍സും അടിച്ചെടുത്ത മത്സരത്തില്‍ 313 റണ്‍സാണ് നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്‌സ് പടുത്തുയര്‍ത്തിയത്. എതിര്‍ ടീമിന് 50 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 288 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
നേരത്തെ, സിംബാബ് വേയുടെ എല്‍ട്ടന്‍ ചിഗുംബരയുടെ പേരിലായിരുന്നു ഈ ലോക റെക്കോഡ്. 2013-14ല്‍ ധാക്കയില്‍ ഷെയ്ഖ് ജമാലിന് വേണ്ടണ്ടി കളിക്കുമ്പോള്‍ അബഹാനി ലിമിറ്റഡിന്റെ അലാവുദ്ദീന്‍ ബാബുവിനേതിരേ ഒരോവറില്‍ 39 റണ്‍സാണ് താരം നേടിയത്. മൊമെന്റം കപ്പില്‍ കെയ്പ് കോബ്രാസിന് വേണ്ടണ്ടി ദക്ഷിണാഫ്രിക്കയുടെ ജെപി ഡുമിനി ഒരോവറില്‍ 37 റണ്‍സടിച്ചിരുന്നു.
2007 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിന്റെ ഡാന്‍ വാന്‍ ബുന്‍ഗിനെതിരെ 37 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കയുടെ ഹെര്‍ഷല്‍ ഗിബ്‌സിന്റെ പേരിലാണ് ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചെടുത്ത അന്താരാഷ്ട ഏകദിനത്തിലെ റെക്കോര്‍ഡ്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ യുവരാജ് സിങ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഒരു ഓവറില്‍ 36 റണ്‍സെടുത്ത് ചരിത്രം സൃഷ്ടിച്ചിരുന്നു.
ഇംഗ്ലണ്ട് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഓവറിലായിരുന്നു യുവരാജ് സിങ് ആറു സിക്‌സറുകള്‍ പായിച്ച് 36 റണ്‍സ് സ്വന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."