കൈത്തറി യൂനിഫോം: അഞ്ചുവരെ നിക്കര്‍ മതിയെന്ന് സര്‍ക്കാര്‍
മലപ്പുറം: അഞ്ചാംക്ലാസ് വരെയുള്ള പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന മുഴുവന്‍ ആണ്‍കുട്ടികളും നിക്കറിട്ടാല്‍ മതിയെന്ന് സര്‍ക്കാര്‍. ഈ വര്‍ഷം മുതല്‍ സംസ്ഥാനത്ത് ആരംഭിച്ച കൈത്തറി യൂനിഫോം വിതരണത്തിന്റെ മറവിലാണ് അഞ്ചാംക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് യൂനിഫോമായി നിക്കര്‍മതിയെന്ന് തീരുമാനിച്ചിരിക്കുന്നത്. കൈത്തറി മേഖലയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് എട്ടാംക്ലാസ് വരെയുള്ള സ്‌കൂള്‍ കുട്ടികള്‍ക്ക് കൈത്തറി യൂനിഫോം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആവശ്യത്തിനനുസരിച്ച് ലഭ്യമല്ലാത്തതിനെ തുടര്‍ന്നാണ് ഈ വര്‍ഷം എല്‍.പി സ്‌കൂളുകളില്‍ മാത്രമാക്കിയത്. ഒരു വിദ്യാര്‍ഥിക്ക് രണ്ടു ജോഡി എന്ന തോതില്‍ 2.30 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് 9.25 ലക്ഷം മീറ്റര്‍ തുണിയാണ് സര്‍ക്കാര്‍ വിതരണം ചെയ്തത്. ഒരു വിദ്യാര്‍ഥിക്ക് രണ്ടു നിക്കര്‍ തയ്പ്പിക്കാന്‍ ആവശ്യമായ തുണിയാണ് നല്‍കിയത്. എന്നാല്‍ ഒന്നാംക്ലാസ് മുതലുള്ള ആണ്‍കുട്ടികളില്‍ ഭൂരിഭാഗവും പാന്റ്‌സാണ് ധരിക്കുന്നത്. ഇവര്‍ക്ക് രണ്ടു നിക്കറിന്റെ തുണികൊണ്ട് കഷ്ടിച്ച് ഒരു പാന്റസ് തയ്പ്പിക്കാന്‍ മാത്രമേ തികയൂ. സ്‌കൂളുകളില്‍ ആഴ്ചയില്‍ മിക്കദിവസവും യൂനിഫോം നിര്‍ബന്ധമായതിനാല്‍ ഒരു ജോഡി വസ്ത്രം മതിയാവുകയുമില്ല. സര്‍ക്കാര്‍ വിതരണം ചെയ്യുന്ന കൈത്തറി യൂനിഫോം മറ്റു വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും ലഭ്യമല്ല. ഇതുമൂലം സ്വന്തമായി പണം കൊടുത്ത് വാങ്ങാനും കഴിയാത്ത സാഹചര്യത്തിലാണ് രക്ഷിതാക്കള്‍.
നിക്കറിന് ആവശ്യമായ തുണി നല്‍കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും പല സ്‌കൂളുകള്‍ക്കും ലഭിച്ച കൈത്തറി വസ്ത്രങ്ങള്‍ ഇതിനും തികയുന്നില്ലെന്നാണ് പ്രധാനാധ്യാപകരുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."