സിംഗപ്പൂരില്‍ ജോലി വാഗ്ദാനം ചെയ്ത് 16 ലക്ഷം രൂപ തട്ടി
വടക്കാഞ്ചേരി: സിംഗപ്പൂരില്‍ സ്റ്റാര്‍ ഹോട്ടലുകളിലും ഉയര്‍ന്നസ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് 16 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തെക്കുംകര പഞ്ചായത്തിലെ വിരുപ്പാക്ക സ്വദേശികളായ ഒന്‍പത് പേരും, ചെറുതുരുത്തി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ച് പേരുമാണ് തട്ടിപ്പിനിരയായത്.
കബളിപ്പിക്കപ്പെട്ടവരില്‍ വിരുപ്പാക്ക ജുമാ മസ്ജിദിലെ ഇമാമും ഉള്‍പ്പെടുന്നു. ഇദ്ദേഹം ട്രെയിന്‍ യാത്രയ്ക്കിടെ പരിചയപ്പെട്ട രമേശ്കുമാര്‍ എന്ന യുവാവാണ് ലക്ഷങ്ങള്‍ തട്ടിയെടുത്തത്. വിസയ്ക്കും യാത്രാടിക്കറ്റിനുമുള്ള സംഖ്യയായി 14 പേര്‍ ചേര്‍ന്ന് ചെന്നൈ നുങ്കം പാക്കത്തുള്ള എസ്.ബി.ഐ ബ്രാഞ്ചിലേക്കാണ് 16 ലക്ഷം രൂപ അയച്ചുകൊടുത്തത്. ഇതേ തുടര്‍ന്ന് വിസയും ടിക്കറ്റും അയച്ച് കൊടുക്കുകയും ചെയ്തു. ഈ ടിക്കറ്റുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ സംഘം എമിഗ്രേഷന്‍ പരിശോധനക്കിടയിലാണ് തട്ടിപ്പിനിരയായതായി അറിയുന്നത്. ടിക്കറ്റിന്റെ പണം അടയ്ക്കുകയോ, വിസ സ്റ്റാമ്പ് ചെയ്യുകയോ ചെയ്തിരുന്നില്ല. യാത്ര മുടങ്ങിയ സംഘം നാട്ടിലെത്തി പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."