കൂടത്തായി കൊലപാതകങ്ങള്‍: ആറ് മൃതദേഹങ്ങള്‍ ഒരുമിച്ചു പരിശോധിച്ചത് കേരളത്തിലെ ആദ്യ സംഭവം ദുരൂഹതകള്‍ നീങ്ങുന്നു
താമരശ്ശേരി: തുടര്‍മരണങ്ങളിലെ ദുരൂഹതകള്‍ ചുരുളഴിക്കുന്നതിനായി പൊലിസ് നടത്തുന്ന ശ്രമങ്ങള്‍ അന്വേഷണ ചരിത്രത്തിലെ ഏടുകളിലേക്ക്. ആറ് മൃതദേഹങ്ങള്‍ ഒരുമിച്ചു പരിശോധിക്കുന്നത് കേരളത്തില്‍ ആദ്യ സംഭവമാണെന്ന് പൊലിസ് വ്യക്തമാക്കി. ജില്ലയില്‍ കോടഞ്ചേരി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ ഒന്നര പതിറ്റാണ്ടിനിടയില്‍ മരണപ്പെട്ടിരുന്നു. ഈ മരണങ്ങളെല്ലാം സമാന സ്വഭാവമുള്ളതായിരുന്നു.
മരിച്ച റോയ് തോമസിന്റെ മൃതദേഹം മാത്രമായിരുന്നു നേരത്തെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നത്. ഇയാളുടെ മരണവുമായി ബന്ധപ്പെട്ട് കോടഞ്ചേരി പൊലിസ് സ്റ്റേഷനില്‍ സി.ആര്‍.പി.സി 174 പ്രകാരം അസ്വാഭാവിക മരണത്തിനു കേസ് എടുത്തിരുന്നു.
റോയിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് സയനൈഡ് ലഭിച്ചത് എവിടെ നിന്നാണെന്നും എന്തിനാണ് ഇത് ഉപയോഗിച്ചതെന്നും അന്വേഷണം നടത്തുന്നതിനിടെയാണ് സമാനമായ രീതിയില്‍ ഈ കുടുംബത്തില്‍ മറ്റ് അഞ്ചുപേര്‍ കൂടി 2002 മുതല്‍ 2016 വരെ മരണപ്പെട്ടതായി മനസിലായത്. വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥനായ കൂടത്തായി പൊന്നാമറ്റം ടോം തോമസിന്റെ മകന്‍ റോജോ ജില്ലാ പൊലിസ് മേധാവിക്ക് പുനരന്വേഷണത്തിനു പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി പുനരന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ പൊലിസ് മേധാവിയുടെ കീഴില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷണ ഉദ്യോഗസ്ഥനായി സ്‌ക്വാഡ് രൂപീകരിച്ചാണ് തുടരന്വേഷണം.
2002 ഓഗസ്റ്റ് 22ന് ടോം തോമസിന്റെ ഭാര്യ അന്നമ്മ (57) ആണ് ആദ്യം മരണപ്പെട്ടത്. ഇവര്‍ ആട്ടിന്‍ സൂപ്പ് കഴിച്ച ശേഷം അസ്വസ്ഥ തോന്നി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഇതില്‍ ആര്‍ക്കും സംശയം തോന്നിയില്ല. പിന്നീട് ആറു വര്‍ഷത്തിനു ശേഷം 2008 ഓഗസ്റ്റ്് 26ന് ടോം തോമസ് (66) സമാന രീതിയില്‍ മരിച്ചു. മൂന്നു വര്‍ഷം കഴിഞ്ഞ് 2011 സെപ്റ്റംബര്‍ 30ന് ടോം തോമസിന്റെ മൂത്ത മകന്‍ റോയ് തോമസ് മരണപ്പെട്ടു. ഈ മരണത്തില്‍ മാത്രമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതും മരണ കാരണം സയനൈഡ് ഉള്ളില്‍ ചെന്നുമാണെന്നും മനസിലായത്. പിന്നീട് 2014 ഏപ്രില്‍ 24ന് അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (67) ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു. ഒരു മാസത്തിനു ശേഷം മെയ് മൂന്നിന് ടോം തോമസിന്റെ അനുജന്‍ സക്കറിയയുടെ മകന്‍ ഷാജുവിന്റെ ഒന്നേമുക്കാല്‍ വയസുള്ള അല്‍ഫൈന്‍ ഷാജു ആശുപത്രിയില്‍ മരണപ്പെട്ടു. ഈ മരണ പരമ്പരയില്‍ ഷാജു സക്കറിയയുടെ ഭാര്യ സിലി സെബാസ്റ്റ്യനും (43) 2016 ജനുവരി 11ന് അവസാനമായി മരണപ്പെട്ടു.
ഈ മരണങ്ങള്‍ക്കെല്ലാം സമാനതകള്‍ ഉള്ളതിനെ തുടര്‍ന്നാണ് ശവക്കല്ലറകള്‍ തുറന്ന് പരിശോധന നടത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കോഴിക്കോട് റൂറല്‍ ജില്ലാ എസ്.പി കെ.ജി സൈമണ്‍, എ.എസ്.പി ടി.കെ സുബ്രഹ്മണ്യന്‍, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഹരിദാസന്‍, എസ്.ഐ ജീവന്‍ ജോര്‍ജ് തുടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. താമരശ്ശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ്, അഡിഷണല്‍ തഹസില്‍ദാര്‍ ലാല്‍ ചന്ദ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് ഇന്‍ക്വസ്റ്റ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."