'ജീവനം' യൂസര്‍ ഫീ വര്‍ധനവ്; വ്യാപാരികളുടെ പരാതികള്‍ പരിശോധിക്കും
പെരിന്തല്‍മണ്ണ: നഗരസഭയിലെ 'ജീവനം' ശുചിത്വ പദ്ധതിക്ക് കീഴില്‍ വ്യാപാരസ്ഥാപങ്ങളിലെ മാലിന്യസംസ്‌കരണത്തിന് ഫീസ് വര്‍ധിപ്പിച്ചതുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ ഉന്നയിച്ച പരാതികള്‍ പരിശോധിക്കാന്‍ ധാരണയായി. വ്യാപാരി വ്യവസായി സംഘടനകളും 'ജീവനം സൊലൂഷന്‍' പ്രതിനിധികളും ചെയര്‍മാന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. മാലിന്യം തൂക്കി കണക്കാക്കുന്നത് വ്യാപാരികളുടെ കൂടി സാന്നിധ്യത്തില്‍ ആകണമെന്നും അതിനുശേഷം തൂക്കത്തിനുസൃതമായ ഫീസ് കൂട്ടായ തീരുമാനത്തിലൂടെ നിശ്ചയിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് പത്തുമുതല്‍ ഡിസംബര്‍ പത്തുവരെ നഗരത്തിലെ മുഴുവന്‍ കടകളിലെയും മാലിന്യം വീണ്ടും തൂക്കി തിട്ടപ്പെടുത്തും. തുടര്‍ന്ന് ഓരോ സ്ഥാപനങ്ങളിലെയും മാലിന്യത്തിന്റെ അളവ്, ഉടമകളെ കൃത്യമായി ബോധിപ്പിക്കുകയും ശുചിത്വ കാര്‍ഡില്‍ എഴുതി ഒപ്പിട്ട് വാങ്ങുകയും ചെയ്യും. തൂക്കത്തിനുസൃതമായി വ്യാപാരികള്‍ നല്‍കേണ്ട ശുചിത്വ യൂസര്‍ ഫീസ് പിന്നീട് കൂടിയാലോചനയിലൂടെ തീരുമാനിക്കും.
വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മാലിന്യ ശേഖരണത്തിന് പ്രതിമാസം നിശ്ചിത തുക ഈടാക്കിയിരുന്ന നഗരസഭ ഈ മാസം മാലിന്യത്തിന്റെ തൂക്കത്തിനുസരിച്ച് കച്ചവടക്കാരെ കൊള്ളയടിക്കുംവിധം ഫീസ് വര്‍ധിപ്പിച്ചത് കടുത്ത പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നഗരസഭയിലെ പ്രതിപക്ഷ അംഗങ്ങളും നഗരത്തിലെ ഇരു വ്യാപാരസംഘടനകളും പ്രത്യക്ഷ സമരവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ചര്‍ച്ചയിലൂടെ അനുരഞ്ജന ശ്രമമുണ്ടായിരിക്കുന്നത്. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍രാജ്, വ്യാപാരി നേതാക്കളായ ചമയം ബാപ്പു, ഷാലിമാര്‍ ഷൗക്കത്ത്, പി.ടി.എസ് മൂസു, കെ. സുബ്രമണ്യന്‍, പി.പി അബ്ബാസ്, ഇമേജ് ഹുസൈന്‍, നഗരസഭാ സെക്രട്ടറി അബ്ദുല്‍ സജീം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."