പുനരവതരിച്ച് രോഹിതശതകം
വിശാഖപട്ടണം: നാലാം ദിനം ആദ്യം ദക്ഷിണാഫ്രിക്കയെ 431ല്‍ ഒതുക്കി. പിന്നീട് രോഹിത് ശര്‍മയുടെ വീണ്ടുമൊരു സെഞ്ചുറിപ്പോരാട്ടം. ശേഷം ഏകദിന ടി20 ശൈലിയിലെ ബാറ്റിങ്ങിനൊടുവില്‍ നാല് വിക്കറ്റിന് 323 റണ്‍സിന് ഡിക്ലയര്‍ഡ് ചെയ്ത ഇന്ത്യ ആദ്യ ടെസ്റ്റിന്റെ വിജയതുലാസിന്റെ ഭാരം തങ്ങളുടെ നേരെയാക്കി. രണ്ടാം ഇന്നിങ്‌സില്‍ വീണ്ടും സെഞ്ചുറിയുമായി തിളങ്ങിയ രോഹിത് ശര്‍മയുടെയും അര്‍ധ സെഞ്ചുറി കുറിച്ച ചേതേശ്വര്‍ പൂജാരയുടെയും പിന്‍ബലത്തിലാണ് ഇന്ത്യ ടെസ്റ്റില്‍ അതിവേഗം നാലു വിക്കറ്റിന് 323 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തത്. 149 പന്തില്‍ 10 ബൗണ്ടറിയും ഏഴ് സിക്‌സറും അടക്കം 127 റണ്‍സുമായാണ് താരം മടങ്ങിയത്. ഇതോടെ ഒരുപിടി റെക്കോര്‍ഡുകള്‍ സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞു. മറുപടിയില്‍ 395 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റിന് 11 റണ്‍സെന്ന നിലയിലാണ്. ആദ്യ ടെസ്റ്റില്‍ സെഞ്ചുറിയുമായി തിളങ്ങിയ ഡീല്‍ എല്‍ഗാറിനെയാണ് (2) പ്രോട്ടിയന്‍സിന് നഷ്ടമായത്. ഒരു ദിനം മാത്രം ബാക്കി നില്‍ക്കേ 384 റണ്‍സിനിടെ ദക്ഷിണാഫ്രിക്കയുടെ ഒന്‍പത് വിക്കറ്റ് വീഴ്ത്തിയാല്‍ ആദ്യ ടെസ്റ്റ് ഇന്ത്യക്ക് സ്വന്തം.
71 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് സ്വന്തമാക്കിയ ശേഷം രണ്ടാമിന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് സ്‌കോര്‍ ബോര്‍ഡില്‍ 21 റണ്‍സെത്തിയപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. ആദ്യ ഇന്നിങ്‌സിലെ ഡബിള്‍ സെഞ്ചുറി വീരന്‍ മായങ്ക് അഗര്‍വാളിന് (7) ഇത്തവണ ശോഭിക്കാനായില്ല. തുടര്‍ന്ന് ഒത്തുചേര്‍ന്ന രോഹിത് ശര്‍മയും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. വീണ്ടും ഫോം തുടര്‍ന്ന രോഹിത് ഏകദിന ശൈലിയില്‍ ബാറ്റ് വീശിയപ്പോള്‍ ടെസ്റ്റിലെ കളിക്കരുത്തുമായി പൂജാര മികച്ച പിന്തുണ നല്‍കി. അനായാസം ബൗണ്ടറികളും സിക്‌സറുകളും കണ്ടെത്തിയ രോഹിത് 72 പന്തില്‍ അര്‍ധ ശതകവും തികച്ചു. പിന്നാലെ പൂജാരയും അര്‍ധ സെഞ്ചുറി കുറിച്ചതോടെ ഇന്ത്യ വീണ്ടുമൊരു കൂറ്റന്‍ സ്‌കോര്‍ അഭിമുഖീകരിച്ചു. എന്നാല്‍ സ്‌കോര്‍ 190ല്‍ നില്‍ക്കേ 81 റണ്‍സെടുത്ത പൂജാരയെ എല്‍ബിയില്‍ കുരുക്കി ഫിലാണ്ടര്‍ സന്ദര്‍ശകര്‍ക്ക് ആശ്വാസം നല്‍കി. ഇരുവരും ചേര്‍ന്ന് നിര്‍ണായക 169 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്. ശേഷം ടി20 ശൈലി ലക്ഷ്യംവച്ച് തനിക്ക് മുന്‍പായി ജഡേജയെ ഇറക്കിയുള്ള കോഹ്‌ലിയുടെ തന്ത്രം വിജയിച്ചു. രോഹിതും ജഡേജയും ചേര്‍ന്നെടുത്തത് 35 പന്തില്‍ 49 റണ്‍സ്. ഡബിള്‍ സെഞ്ചുറി ലക്ഷ്യംവച്ച് ബാറ്റ് വീശിയ രോഹിത്തിന് കേശവ് മഹാരാജാണ് വില്ലനായത്. താരത്തെ വിക്കറ്റ് കീപ്പര്‍ ഡി കോക്കിന്റെ കൈകളിലെത്തിക്കുകയായിരുന്നു. തുടര്‍ന്നെത്തിയ നായകനും ജഡേജയും ടി20 ബാറ്റിങ് ശൈലി തന്നെ തുടര്‍ന്നു. എന്നാല്‍ മികച്ചൊരു കൂട്ടുകെട്ട് പിറന്നില്ല. 40 റണ്‍സുമായാണ് ജഡേജ ക്രീസ് വിട്ടത്. പിന്നീടെത്തിയ രഹാനെയെ (17 പന്തില്‍ 27) കൂട്ടുപിടിച്ച് കോഹ്‌ലി സ്‌കോര്‍ 323ലെത്തിച്ച് ഇന്ത്യന്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
നാലാം ദിനം എട്ടിന് 385 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടര്‍ന്ന ദക്ഷിണാഫ്രിക്ക 45 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് അവശേഷിച്ച രണ്ട് വിക്കറ്റുകള്‍ കളഞ്ഞത്. നേരത്തേ മൂന്നാം ദിനം അഞ്ച് വിക്കറ്റുമായി തിളങ്ങിയ അശ്വിന്‍ ശേഷിച്ച രണ്ട് വിക്കറ്റും വീഴ്ത്തിയതോടെ ആദ്യ ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നേട്ടവുമായാണ് കളം വിട്ടത്. സേനുരന്‍ മുത്തുസ്വാമിയുടേതായിരുന്നു (33*) ഭേദപ്പെട്ട സംഭാവന. കേശവ് മഹാരാജ് (9), കാഗിസോ റബാദ (15) എന്നിവരുടെ വിക്കറ്റുകളാണ് നാലാം ദിനം ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."