തന്നെ ഇംപീച്ച് ചെയ്യാന്‍ സാധിക്കില്ലെന്ന് ട്രംപ്
വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ള ജോ ബൈഡനെതിരേ ഡൊണാള്‍ഡ് ട്രംപ് നടത്തിയ നീക്കങ്ങളെക്കുറിച്ചുള്ള രേഖകള്‍ നല്‍കാന്‍ ഡെമോക്രാറ്റുകള്‍ വൈറ്റ്ഹൗസിനോട് ആവശ്യപ്പെട്ടു. നേരത്തെ രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കാത്തതിനെ തുടര്‍ന്നാണ് നിയമപരമായ അധികാരത്തോടെ ഇവ ആവശ്യപ്പെട്ടത്.
രേഖകള്‍ ഇനിയും കൈമാറിയില്ലെങ്കില്‍ ഇംപീച്ച്‌മെന്റ് അന്വേഷണത്തെ തടസ്സപ്പെടുത്തിയതിന്റെ തെളിവായി കണക്കാക്കുമെന്ന് വൈറ്റ്ഹൗസിന് നല്‍കിയ ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി. അതിനിടെ ഡെമോക്രാറ്റുകള്‍ക്ക് കൂടുതല്‍ വോട്ടുണ്ടെങ്കിലും തന്നെ ഇംപീച്ച് ചെയ്യാനാകില്ലെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ വോട്ടെടുപ്പ് നടത്താതിരിക്കാന്‍ സ്പീക്കര്‍ ശ്രമിക്കണം. സെനറ്റില്‍ ഡെമോക്രാറ്റുകളുടെ നീക്കം പരാജയപ്പെടുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനോടും ഉക്രൈന്‍ ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ 18നകം കൈമാറാന്‍ ഡെമോക്രാറ്റുകള്‍ അഭ്യര്‍ഥിച്ചു. ആക്ടിങ് ചീഫ് സ്റ്റാഫ് മിക്ക് മുല്‍വാനിയെ അഭിസംബോധന ചെയ്ത് പ്രതിനിധികളായ എലിയാ കമ്മിംഗ്‌സ്, ആദം ഷിഫ്, എലിയറ്റ് ഏംഗല്‍ എന്നിവര്‍ ഒപ്പിട്ടുനല്‍കിയ കത്തില്‍ പ്രസിഡന്റിനെ കുറ്റപ്പെടുത്തുകയും ഇംപീച്ച്‌മെന്റ് നടപടികളുമായി മുന്നോട്ടുപോവുകയല്ലാതെ വേറെ വഴിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.
അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ള മുന്‍ യു.എസ് വൈസ് പ്രസിഡന്റ് ജോ ബൈഡന് എതിരേ അന്വേഷണം നടത്തണമെന്നായിരുന്നു ട്രംപ് ഉക്രെനിനോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ചൈനയോടും ട്രംപ് ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ബിഡന്റെ ബിസിനസ് ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്താന്‍ ട്രംപ് ആവശ്യപ്പെട്ടുവെന്നാണ് ആരോപണം.
സെപ്റ്റംബര്‍ ഒന്നിന് പെന്‍സ് ഉക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുമായി ട്രംപ് നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് കൂടുതലറിയാനും അന്വേഷണസംഘം ശ്രമിക്കുന്നുണ്ട്. സെലെന്‍സ്‌കിയെ ട്രംപ് പലതവണ ഫോണില്‍ വിളിച്ചെന്ന് ഒരു വിസില്‍ ബ്ലോവര്‍ ആണ് വെളിപ്പെടുത്തിയത്. ആരോപണത്തില്‍ അടുത്ത ആഴ്ച വാദം കേട്ട് തുടങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇംപീച്ച്‌മെന്റ് നടപടികളുമായി താന്‍ സഹകരിക്കുമെന്ന് ഉറപ്പു പറയാനാകില്ലെന്നു ട്രംപ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."