വരുന്നു ട്രാഫിക് പൊലിസിനും സ്വൈപിങ് മെഷിന്‍
തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിന് റോഡില്‍ ട്രാഫിക് പൊലിസ് പിടികൂടിയാല്‍ കൈയില്‍ പണമില്ലെങ്കിലും സാരമില്ല, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളിലേതെങ്കിലും ഉണ്ടായാല്‍ മതി. പിഴ അടയ്ക്കാന്‍ ട്രാഫിക് പൊലിസ് സ്വൈപിങ് മെഷിന്‍ ഏര്‍പ്പെടുത്തുന്നതോടെയാണ് ഈ സൗകര്യം ലഭിക്കുക. നവംബര്‍ ഒന്നു മുതല്‍ പരിശോധനയ്ക്ക് ഇറങ്ങുന്ന ട്രാഫിക് പൊലിസുകാരുടെ കൈയില്‍ കാര്‍ഡ് സ്വൈപിങ് മെഷിനുകള്‍ ഉണ്ടാകും.
ഗതാഗത നിയമ ലംഘനം നടത്തുന്നവരെ പിടികൂടുമ്പോള്‍ കൈയില്‍ പണമില്ലെന്നും ബാങ്കില്‍ അടച്ചു കൊള്ളാമെന്ന് പറഞ്ഞ് പോകുന്നവര്‍ പിഴ അടയ്ക്കാതെയിരിക്കുന്നതും, പിഴ ഈടാക്കിയതിനു ശേഷം പരിശോധനയ്ക്ക് ഇറങ്ങുന്ന ചില ട്രാഫിക് പൊലിസുകാര്‍ വെട്ടിപ്പു നടത്തുന്നതും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഖജനാവില്‍ പണമെത്താന്‍ ഡിജിറ്റല്‍ ആശയവുമായി പൊലിസ് രംഗത്തെത്തുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ 1,000 സ്വൈപിങ് മെഷീനുകള്‍ എച്ച്.ഡി.എഫ്.സി ബാങ്ക് സ്പോണ്‍സര്‍ ചെയ്യും.
ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കുന്നതില്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകാന്‍ വേണ്ടിയാണ് പി.ഒ.എസ് മെഷിനുകള്‍ ട്രാഫിക് പൊലിസുകാര്‍ക്ക് അനുവദിക്കുന്നത്. നിയമലംഘകരുടെ അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്ത പണം ബാങ്ക് വഴി സംസ്ഥാന ട്രഷറിയിലേക്ക് റീഡയറക്ട് ചെയ്യുന്നതിനുള്ള ക്രമീകരണവും ഒരുക്കും.
കൂടാതെ മെഷിനിന്റെ മുകളില്‍ ഒരു ആന്‍ഡ്രോയിഡ് ഫോണിലുള്ളതിന് സമാനമായ ഒരു കാമറയുമുണ്ടായിരിക്കും. ചിത്രങ്ങള്‍ എടുക്കാനും വിഡിയോകള്‍ ഷൂട്ട് ചെയ്യാനും ഇതിനു കഴിയും. സംസ്ഥാനപാതകള്‍ ഉള്‍പ്പെടെ എല്ലാ പ്രധാന ദേശീയപാതകളിലും പരിശോധന നടത്തുന്ന പൊലിസുകര്‍ക്ക് മെഷിന്‍ അനുവദിക്കും.
ട്രാഫിക് പൊലിസിന്റെ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ ഡിസംബര്‍ വരെ ഗതാഗത നിയമലംഘനങ്ങള്‍ക്ക് 70.9 കോടി രൂപയുടെ ചലാനുകള്‍ പൊലിസ് നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ 46.1 കോടി രൂപ മാത്രമാണ് ബാങ്കുകളില്‍ അടച്ചിട്ടുള്ളത്.
ഡിസംബര്‍ വരെ നല്‍കിയ 17.80 ലക്ഷം ചലാനുകളില്‍ 6.23 ലക്ഷം ചലാനുകള്‍ കഴിഞ്ഞ മാര്‍ച്ച് 31 വരെ തീര്‍പ്പു കല്‍പ്പിച്ചിട്ടില്ല. കാര്‍ഡ് സൈ്വപ്പിങ്ങ് മെഷീന്‍ വരുന്നതോടെ ചലാന്‍ നല്‍കുന്നതിന് കുറവു വരുമെന്നും പിഴത്തുക കൂടുതല്‍ പിരിച്ചെടുക്കാന്‍ കഴിയുമെന്നും പൊലിസ് കണക്ക് കൂട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."