റോഡ് സേഫ്റ്റി അതോറിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയില്ല സംസ്ഥാനപാതകള്‍ കുരുതിക്കളമാകുന്നു
എടപ്പാള്‍: മഴ ആരംഭിച്ചതോടെ അപകടങ്ങള്‍ തുടര്‍ക്കഥയായ സംസ്ഥാനപാതയിലെ അപകടങ്ങള്‍ കുറയ്ക്കാനുള്ള നടപടികള്‍ എങ്ങുമെത്തിയില്ല. അമിത വേഗവും അശ്രദ്ധയുംമൂലം ഒട്ടേറെ അപകടങ്ങളാണ് നിത്യേനെ സംഭവിക്കുന്നത്.
ഇത് മുന്നില്‍ക്കണ്ട് റോഡ് സേഫ്റ്റി അതോറിറ്റി അധികൃതരും പൊലിസും കടവല്ലൂര്‍ മുതല്‍ തൃക്കണാപുരം വരെയുള്ള ഭാഗങ്ങളില്‍ പരിശോധന നടത്തി ഒട്ടേറെ നിര്‍ദേശങ്ങള്‍ അധികൃതര്‍ക്കു മുന്നില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല. അപകടമേഖലകളില്‍ ഡിവൈഡറുകള്‍ സ്ഥാപിക്കുക, വളവും ഇറക്കവും സംഗമിക്കുന്ന ഭാഗങ്ങളില്‍ സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കുക, ചെറിയ ഹംപുകള്‍ നിര്‍മിക്കുക തുടങ്ങിയവയാണ് ഇവയില്‍ പ്രധാനം.
മരാമത്ത് വകുപ്പ് അധികൃതരോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ഇത്തരം നിര്‍ദേശങ്ങളൊന്നും നടപ്പാക്കാന്‍ ഇനിയും തയാറായിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംസ്ഥാനപാത നിര്‍മാണം പൂര്‍ത്തിയായ ഘട്ടത്തില്‍ സ്ഥാപിച്ച മുന്നറിയിപ്പു ബോര്‍ഡുകളാണ് ഇപ്പോഴുമുള്ളത്.
ഇവയില്‍ പലതും കാലപ്പഴക്കത്താലും ചെടികള്‍ വളര്‍ന്നും കാണാന്‍കഴിയാത്ത അവസ്ഥയിലാണ്. വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച കാമറകളില്‍ മിക്കവയും പ്രവര്‍ത്തനരഹിതമാണ്.അവശേഷിക്കുന്നവ സാധാരണ വേഗത്തില്‍ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍പോലും പ്രവര്‍ത്തിച്ച് കുറ്റക്കാരല്ലാത്ത വാഹനമുടമകള്‍ക്കു വരെ നോട്ടിസ് ലഭ്യമാക്കുന്ന അവസ്ഥയിലുമാണ്. ഇവയുടെ തകരാര്‍ പരിഹരിക്കാന്‍പോലും അധികൃതര്‍ ശ്രമിക്കുന്നില്ല. വഴിവിളക്കുകള്‍ പ്രകാശിക്കാത്തതും അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ സംസ്ഥാന പാത കൂടുതല്‍ അപകടങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."