തീരനിയമ ലംഘനം: വള്ളിക്കാവ് അമൃതാനന്ദമയി മഠത്തിനെതിരേ അന്വേഷണം
കരുനാഗപ്പള്ളി (കൊല്ലം): തീരനിയമങ്ങള്‍ ലംഘിച്ച് നിര്‍മിച്ച മരടിലെ ഫ്‌ളാറ്റ് വിവാദത്തിന് പിന്നാലെ വള്ളിക്കാവ് അമൃതാനന്ദമയി മഠത്തിലെ അനധികൃത കെട്ടിട നിര്‍മാണങ്ങള്‍ക്കെതിരേ ആലപ്പാട് പഞ്ചായത്ത് നിയമ നടപടികള്‍ തുടങ്ങി. പഞ്ചായത്ത് എന്‍ജിനീയറിങ് വിഭാഗവും പഞ്ചായത്ത് ജീവനക്കാരും ഉള്‍പ്പെട്ട സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് തീരനിയമം ലംഘിച്ച് പണിത കെട്ടിടങ്ങള്‍ കണ്ടെത്താനുള്ള സര്‍വേ തുടങ്ങിയത്.
ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം.ബി സഞ്ജീവ്, കോണ്‍ഗ്രസ് അംഗങ്ങളായ ഷീബാ ബാബു, കമലം എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് അനധികൃത കെട്ടിടങ്ങള്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്തത്. മൂന്ന് ബി.ജെ.പി അംഗങ്ങള്‍ ഉള്‍പ്പെടെ 19 അംഗ പഞ്ചായത്ത് ഭരണസമിതി ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റിയുടെ നിര്‍ദേശം ഏകകണ്ഠമായി അംഗീകരിച്ചു. ആലപ്പാട് പഞ്ചായത്തിലെ 6,7,8 വാര്‍ഡുകളിലാണ് മഠത്തിന്റെ കെട്ടിടങ്ങള്‍, എട്ടാം വാര്‍ഡിലാണ് മഠത്തിന്റെ മാലിന്യ സംസ്‌കരണ ശാല പ്രവര്‍ത്തിക്കുന്നത്. 2012മുതല്‍ 2015 വരെ നടന്ന ലോക്കല്‍ ഫണ്ട് ഓഡിറ്റുകളില്‍ അമൃതാനന്ദമയിയുടെ കെട്ടിടങ്ങളില്‍നിന്ന് നികുതി വാങ്ങാത്തതിനെതിരേ വിമര്‍ശനം ഉണ്ടായിരുന്നു. കെട്ടിടം പൊളിക്കണമെന്ന് കാട്ടി പഞ്ചായത്ത് നോട്ടിസ് നല്‍കിയെങ്കിലും മഠം മറുപടി നല്‍കിയിരുന്നില്ല.
2017-18 ല്‍ ഏഴ് അനധികൃത കെട്ടിടങ്ങള്‍ക്ക് താല്‍ക്കാലിക നമ്പര്‍ പഞ്ചായത്ത് നല്‍കിയതിനെ തുടര്‍ന്ന് മൂന്നു വര്‍ഷത്തെ കുടിശ്ശികയടക്കം 29,43,730 രൂപ മഠം ഒടുക്കി. 2018-19 ലും മഠം നികുതി ഒടുക്കിയെങ്കിലും രേഖകള്‍ പൂര്‍ണമായി ഹാജരാക്കിയില്ല. സുനാമിയില്‍ രേഖകള്‍ നഷ്ടപ്പെട്ടുവെന്നും റീസര്‍വേ രേഖകള്‍ തിരുവനന്തപുരത്തുപോലും ലഭ്യമല്ലെന്നുമാണ് മഠത്തിന്റെ വാദം. പലരില്‍നിന്ന് വാങ്ങിയ ഭൂമിയാണിതെന്നാണ് പറയുന്നതെങ്കിലും ഒന്നിനും പ്രമാണം രജിസ്റ്റര്‍ ചെയ്തിട്ടില്ല.
തീരദേശ നിയന്ത്രണ നിയമ പ്രകാരം കടലില്‍നിന്ന് ആദ്യത്തെ 100 മീറ്ററില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി വീട് പുതുക്കിപ്പണിയുന്നതിനു തടസമില്ല. എന്നാല്‍ നിലവിലുള്ള കെട്ടിടത്തിന്റെ വിസ്തീര്‍ണം കൂട്ടരുത്. 100 നും 200 നും ഇടയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രം പുതിയവീട് നിര്‍മിക്കാം. 200 മീറ്റര്‍ മാറിമാത്രമെ മറ്റു കെട്ടിടനിര്‍മാണത്തിന് അനുമതിയുള്ളൂ. അതേ സമയം ടി.എസ് കനാലിന്റെ 100 മീറ്റര്‍ തീരം വിട്ടേ നിര്‍മാണം പാടുള്ളൂ. ആലപ്പാട് പഞ്ചായത്തിന്റെ കിഴക്കുമുതല്‍ പടിഞ്ഞാറുവരെ കനാല്‍ തീരത്തുള്ള മഠത്തിന്റെ കെട്ടിടങ്ങള്‍ നിയമങ്ങള്‍ ലംഘിച്ച് നിര്‍മിച്ചുവെന്നാണ് കണ്ടെത്തല്‍. 1996നു മുന്‍പ് നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് ഇളവ് ലഭിക്കും. എന്നാല്‍ ഇത് സ്ഥാപിച്ചെടുക്കാനുള്ള തെളിവുകളോ രേഖകളോ മഠം ഇതുവരെ ഹാജരാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."