അരൂരില്‍ അങ്കം മുറുകി; വാക്‌പോരുമായി നേതാക്കള്‍
ആലപ്പുഴ: പദപ്പയറ്റുമായി നേതാക്കള്‍ ഉപതെരഞ്ഞെടുപ്പ് ഗോദയെ സജീവമാക്കിയതോടെ അരൂരിലെ അങ്കം മുറുകി. അരൂര്‍ നിയമസഭ മണ്ഡലത്തെ പത്താമതും ചുവപ്പിക്കാന്‍ എല്‍.ഡി.എഫും സി.പി.എമ്മും പതിനെട്ടടവും പയറ്റുകയാണ്. അഞ്ച് തവണ മാത്രം ചുവപ്പുരാശിയെ മറികടക്കാനായ യു.ഡി.എഫും കോണ്‍ഗ്രസും ആറാമതൊരു വിജയം പ്രതീക്ഷിച്ച് കൈമെയ് മറന്നുള്ള പോരാട്ടത്തിലാണ്.
അരൂരിനായി പ്രമുഖരെ തന്നെ ചുമതലകള്‍ നല്‍കി രംഗത്തിറക്കിയാണ് മുന്നണികള്‍ തെരഞ്ഞെടുപ്പ് ഗോദയെ നിയന്ത്രിക്കുന്നത്. അതേസമയം അരൂരിനോടുള്ള സ്‌നേഹം കൂടിയതോടെ നേതാക്കളുടെ നാവില്‍ ഗുളികന്‍ വിളയാടുകയാണ്. വിവാദത്തിന് തുടക്കമിട്ടത് യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനും യു.ഡി.എഫുമായിരുന്നു. അരൂരില്‍ തമ്പടിച്ചു ഇടതുപ്രചാരണത്തെ നയിക്കുന്ന പി. ജയരാജനെതിരേ ഗുരുതരമായ ആരോപണവുമായി ഇതിനിടെ ആലപ്പുഴ ഡി.സി.സി അധ്യക്ഷന്‍ എം. ലിജുവും രംഗത്തെത്തി.
ബി.ജെ.പി - ആര്‍.എസ്.എസ് വോട്ടുകള്‍ വാങ്ങാന്‍ കണ്ണൂര്‍ ലോബി അരൂരില്‍ സജീവമാണെന്നാണ് ലിജുവിന്റെ ആരോപണം. അരൂരിലെ ബി.ജെ.പി നേതാക്കളുടെ വീടുകളില്‍ പി. ജയരാജന്‍ അടക്കം സി.പി.എം നേതാക്കള്‍ കയറി ഇറങ്ങുകയാണെന്നും ലിജു ആരോപിക്കുന്നു.
നേതാക്കള്‍ തമ്മില്‍ വാക്‌പോര് കത്തിക്കയറി തുടങ്ങിയതോടെ അണികളും ആവേശത്തിലാണ്. ചിത്രത്തില്‍ തെളിഞ്ഞു മിന്നിനില്‍ക്കുന്നത് ഇടതും വലതും മാത്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."