ആര്‍.എസ്.എസും മോദിയും ഗാന്ധിജിയെ ഏറ്റെടുക്കുമ്പോള്‍
മഹാത്മാഗാന്ധിയുടെ മഹത്വം ഘാതകര്‍തന്നെ ഏറ്റെടുക്കുന്നതും അതിന്റെ അവകാശികളായി ചമയുന്നതുമാണ് 150ാം ഗാന്ധിജയന്തി വാര്‍ഷികത്തില്‍ ലോകം കണ്ട് അമ്പരന്നത്. സബര്‍മതി ആശ്രമം സന്ദര്‍ശിച്ചും ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുമെന്ന് പ്രസംഗിച്ചും അക്രമത്തിനും വെറുപ്പിനുമെതിരേ 'ന്യൂയോര്‍ക്ക് ടൈംസി'ല്‍ ലേഖനമെഴുതിയും പ്രധാനമന്ത്രി മോദിതന്നെ ഇതിനു നേതൃത്വം നല്‍കി. ഗാന്ധിജിയുടെ ജീവിതവീക്ഷണം സ്വായത്തമാക്കാന്‍ ആര്‍.എസ്.എസ് കേഡര്‍മാരെ സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് തന്നെ ആഹ്വാനം ചെയ്തു. ഏകാത്മ സ്‌തോത്രത്തിലൂടെ അവര്‍ ദിവസവും പ്രഭാതത്തില്‍ ഗാന്ധിജിയെ സ്മരിക്കുന്നുണ്ടെന്ന് ഭാഗവത് വെളിപ്പെടുത്തിയത് അതിലുംവലിയ ഫലിതമായി.
മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍, നെല്‍സണ്‍ മണ്ടേല, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ തുടങ്ങിയ വിശ്വപ്രമുഖരുടെ ഗാന്ധിജിയെപ്പറ്റിയുള്ള ഉദ്ധരണികളാണ് 'ന്യൂയോര്‍ക്ക് ടൈംസി'ലെ മോദിയുടെ ലേഖനത്തിലെ ഏറിയഭാഗവും. എന്നാല്‍ അദ്ദേഹത്തിന്റെ സത്യാന്വേഷണ പരീക്ഷണങ്ങളെക്കുറിച്ചോ അക്രമരാഹിത്യത്തെപ്പറ്റിയോ മതനിരപേക്ഷതയ്ക്കും ലോകസമാധാനത്തിനുംവേണ്ടി സ്വന്തം ജീവിതം സമര്‍പ്പിച്ചതിനെപ്പറ്റിയോ മോദി ഉത്ക്കണ്ഠപ്പെട്ടില്ല. വിശ്വപ്രതിഭകളുടെ ആദരത്തിന്റെ കാരണമെന്താണെന്നും പ്രധാനമന്ത്രി ചിന്തിച്ചു കണ്ടില്ല.
ജാതി- ഉപജാതികളുടെയും മതത്തിന്റെയും ഭാഷയുടെയും പേരില്‍ ബ്രിട്ടീഷുകാര്‍ ഭിന്നിപ്പിച്ച ഇന്ത്യയെ ധാര്‍മികതയിലും അഹിംസയിലുമൂന്നി നിസ്സഹകരണം ആയുധമാക്കി ഒന്നിപ്പിച്ചതാണ് ഗാന്ധിജി ലോകത്തിനു നല്‍കിയ പുതിയ പാഠമെന്നതുപോലും അദ്ദേഹം സ്മരിച്ചില്ല. അസഹിഷ്ണുതയും അധാര്‍മികതയും കാപട്യങ്ങളും അസത്യത്തിന്റെ ഇരുട്ടും നിറഞ്ഞ ഇന്ത്യയുടെ സമകാലിക രാഷ്ട്രീയത്തെ നയിക്കുന്ന ഒരു ഭരണാധികാരിയില്‍നിന്ന് അത് ആരും പ്രതീക്ഷിക്കുന്നില്ലെന്നത് മറ്റൊരു കാര്യം.
ഗാന്ധിജി വധിക്കപ്പെടുമ്പോള്‍ നാഗ്പൂരില്‍ പി.ടി.ഐയുടെ ലേഖകനായി പ്രവര്‍ത്തിച്ചിരുന്ന വാള്‍ട്ടര്‍ ആല്‍ഫ്രഡ് 99ാം വയസില്‍ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖം പുറത്തുവന്നതും ഈ ദിവസംതന്നെ. ഗാന്ധിവധം നടന്നതിന്റെ പിറ്റേദിവസം നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് കണ്ട കാഴ്ച തന്നെ അമ്പരപ്പിച്ചെന്ന് 71 വര്‍ഷങ്ങള്‍ക്കു ശേഷവും വാള്‍ട്ടര്‍ ആല്‍ഫ്രഡ് പറയുന്നു: 'അവര്‍ പലരും ആഹ്ലാദം മറച്ചുപിടിച്ചില്ല. ഗാന്ധിജിയെയും നെഹ്‌റുവിനെയും ആര്‍.എസ്.എസിന് ഇഷ്ടമല്ലെന്ന് അറിയാമായിരുന്നു. പക്ഷെ, അവര്‍ ഇങ്ങനെ പെരുമാറുമെന്ന് ഒരിക്കലും സങ്കല്‍പ്പിച്ചിരുന്നില്ല'.
ഗാന്ധിവധത്തിന്റെ ഞെട്ടലിലും ദുഃഖത്തിലും രാജ്യത്തോട് നടത്തിയ പ്രക്ഷേപണ പ്രസംഗത്തില്‍തന്നെ പ്രധാനമന്ത്രി നെഹ്‌റു ഗാന്ധി ഘാതകനെ മതഭ്രാന്തനെന്നും കുറച്ചുകാലമായി രാജ്യത്തു സൃഷ്ടിക്കപ്പെട്ട മതദ്വേഷത്തിന്റെ വിഷം കുത്തിവെക്കപ്പെട്ട യുവാവാണെന്നുമാണ് വിശേഷിപ്പിച്ചിരുന്നത്. ഗാന്ധിവധത്തിന്റെ ആറാംദിവസം പ്രധാനമന്ത്രി നെഹ്‌റു മുഖ്യമന്ത്രിമാര്‍ക്ക് അയച്ച രഹസ്യ കത്തില്‍ ഗാന്ധിവധത്തിന്റെ പേരില്‍ ആര്‍.എസ്.എസിനെ നിരോധിച്ചതും പതിനേഴായിരത്തിലേറെ സംഘ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതും ചൂണ്ടിക്കാട്ടിയിരുന്നു.
ഒന്നു പറയുകയും മറ്റൊന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് നാം നേരിടുന്ന ശക്തികളെന്ന് മുന്നറിയിപ്പു നല്‍കി. ഗാന്ധിജിയെ വധിക്കാനുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ട ഒരു ഉയര്‍ന്ന നേതാവ് തനിക്ക് അനുശോചനസന്ദേശം അയച്ചതും അതേസമയം ഗാന്ധിവധത്തില്‍ സന്തോഷിച്ച് മധുരപലഹാരം വിതരണം ചെയ്തതും നെഹ്‌റു വെളിപ്പെടുത്തി. ഈ ഗുരുതര സ്ഥിതിവിശേഷം ഉള്‍ക്കൊണ്ട് ഭരണതലത്തില്‍നിന്നടക്കം ആ പൈശാചിക ശക്തികളെ പിഴുതെറിയാന്‍ നടപടി സ്വീകരിക്കാനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.
അന്നും ഇന്നും പറയുന്നതൊന്നും പ്രവര്‍ത്തിക്കുന്നത് മറ്റൊന്നുമാണെന്ന് തെളിയിക്കുകയാണ് ആര്‍.എസ്.എസും ജനസംഘത്തിന്റെ തുടര്‍ച്ചയായ ബി.ജെ.പിയും ചെയ്യുന്നത്. ആ വൈരുദ്ധ്യത്തിന് പ്രധാനമന്ത്രിയും ആര്‍.എസ്.എസ് സര്‍സംഘ് ചാലകും പുതിയൊരു മുഖംകൂടി നല്‍കി. ഗാന്ധിജിയെ വിഗ്രഹവത്കരിച്ച പുതിയ നീക്കത്തിലൂടെ. അതിന്റെ മറുവശത്ത് നാഥുറാം ഗോഡ്‌സെയെ രാഷ്ട്രപിതാവിനു പകരംവെക്കുകയും ഗാന്ധിജിയെ രാജ്യദ്രോഹിയെന്ന് അവഹേളിക്കുകയും ചെയ്തുകൊണ്ട്.
എന്തിന് ഗാന്ധിജിയെ വധിച്ചെന്ന നാഥുറാം ഗോഡ്‌സെയുടെ കോടതിയിലെ വെളിപ്പെടുത്തല്‍ രാജ്യത്താകെ ഈ സന്ദര്‍ഭത്തില്‍ ഒരു പുനര്‍വായന ആവശ്യപ്പെടുന്നു. ഗോഡ്‌സെയുടെ നിലപാടുകള്‍ വെളിപ്പെടുത്തുന്നതിനേക്കാളേറെ ആര്‍.എസ്.എസിന്റെയും മോദി ഗവണ്‍മെന്റിന്റെയും വിനാശകരമായ ദേശ-വിദേശ നയ-നിലപാടുകളും അതില്‍ ഒളിഞ്ഞുകിടപ്പുള്ള അതിനിഗൂഢ ലക്ഷ്യങ്ങളും മനസ്സിലാക്കാന്‍ ഇതനിവാര്യമാണ്: ആര്‍.എസ്.എസിന്റെ ജാതിവിരുദ്ധ പ്രസ്ഥാനത്തില്‍ പരസ്യമായി ചേര്‍ന്ന, ഹിന്ദുമതത്തില്‍ അഭിമാനംകൊള്ളുന്ന ഒരു ബ്രാഹ്മണ കുടുംബാംഗമാണ് താനെന്ന് നാഥുറാം ഗോഡ്‌സെ 1949 മെയ് 5ന് കോടതിമുമ്പാകെ നല്‍കിയ പ്രസ്താവനയുടെ ആദ്യ ഖണ്ഡികയില്‍ വെളിപ്പെടുത്തുന്നു.
ഹിന്ദുത്വത്തിനുവേണ്ടി മാതൃരാജ്യത്തെ സേവിക്കുകയാണ് തന്റെ ആദ്യ ചുമതലയെന്നും വീര്‍ സവര്‍ക്കറുടെ വീരാരാധകനായ ഗോഡ്‌സെ, ഗാന്ധിജിയാണ് ഹിന്ദുക്കളുടെയും അഖണ്ഡഭാരതത്തിന്റെയും മുഖ്യ ശത്രുവെന്നു വിശ്വസിക്കുന്നു. കഴിഞ്ഞ 32 വര്‍ഷങ്ങളില്‍ ഗാന്ധിജി സൃഷ്ടിച്ച പ്രകോപനങ്ങളുടെ പാരമ്യമാണ് മുസ്‌ലിംകള്‍ക്കനുകൂലമായി അദ്ദേഹം നടത്തിയ അവസാന ഉപവാസമെന്ന് പറയുന്നു. ഗാന്ധിജിയുടെ കഥ ഉടനെ കഴിക്കേണ്ടത് അത്യാവശ്യമായി. അതിനുള്ള കാരണങ്ങളും ഗോഡ്‌സെ നിരത്തി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഗാന്ധിജിയുടെ അനുമതിയോടെയാണ് രാജ്യം പിളര്‍ത്തിയത്.
സത്യത്തിന്റെയും അക്രമരാഹിത്യത്തിന്റെയും പേരില്‍ ഈ മഹാ യുദ്ധവിരോധി രാജ്യത്ത് പറഞ്ഞാല്‍ തീരാത്ത ദുരന്തങ്ങളാണ് സൃഷ്ടിച്ചത്.
ഗാന്ധിജിയുടെ മുസ്‌ലിം അനുകൂല നയത്തിന് മറ്റൊരു ഉദാഹരണമാണ് ഹിന്ദിക്കു പകരം ലിപിയും വ്യാകരണവും ഇല്ലാത്ത ഹിന്ദുസ്ഥാനിയെ അദ്ദേഹം അംഗീകരിച്ചത്.
ഗാന്ധിജി ഇല്ലാതായാല്‍ ഇന്ത്യന്‍ രാഷ്ട്രീയം പ്രായോഗികമായിത്തീരും. പകരം വീട്ടാനാകും. സൈനിക ശക്തിയോടെ രാജ്യം ശക്തമാകും. പാകിസ്താന്റെ ആക്രമണത്തില്‍നിന്ന് രാജ്യത്തെ രക്ഷിക്കാനാകും.
രാഷ്ട്രപിതാവെന്ന നിലയ്ക്ക് ഗാന്ധിജി പരാജയപ്പെട്ടു. പാകിസ്താന്റെ പിതാവെന്ന് തെളിയിച്ചു.
ലക്ഷക്കണക്കായ ഹിന്ദുക്കളുടെ നാശത്തിനിടയാക്കിയ നയങ്ങളുടെ ഉടമയായ വ്യക്തിയെയാണ് ഇരുകൈകളിലും ധൈര്യം സംഭരിച്ച് താന്‍ വെടിവെച്ചത്. അത്തരമൊരു കുറ്റവാളിയെ ശിക്ഷിക്കാനുള്ള ഒരു നിയമസംവിധാനവും ഇല്ലെന്ന ബോധ്യത്തിലാണ് ആ മാരകവെടികള്‍ ഉതിര്‍ത്തത്.
മുസ്‌ലിംകള്‍ക്കനുകൂലമായ നിലപാടെടുത്ത നിലവിലെ ഗവണ്‍മെന്റിനോട് തനിക്കൊട്ടും ആദരവില്ല. വ്യക്തികളോട് വിരോധവുമില്ല. ഗാന്ധിജിയുടെ സാന്നിധ്യമാണ് സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് പൂര്‍ണമായും കാരണം. അതിന്റെ അടിസ്ഥാനത്തിലുള്ള തന്റെ നടപടിക്കെതിരേ എല്ലാ ഭാഗത്തുനിന്നും ഉയരുന്ന വിമര്‍ശനം കണക്കാക്കുന്നില്ല. തന്റെ കൃത്യത്തിന്റെ ധാര്‍മികതയെക്കുറിച്ചുള്ള വിശ്വാസത്തിന് അത് തെല്ലും കോട്ടമുണ്ടാക്കിയിട്ടുമില്ല. ഭാവിയില്‍ സത്യസന്ധരായ ചരിത്രകാരന്മാര്‍ തന്റെ നടപടിയെ വിലയിരുത്തും. അതിന്റെ യഥാര്‍ഥമൂല്യം കണ്ടെത്തും.
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ നടപ്പാക്കുകയാണെന്നാണ് രണ്ടാംതവണയും അധികാരത്തില്‍വന്ന മോദി ഗവണ്മെന്റും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും അവകാശപ്പെടുന്നത്. എന്തിനു ഞാന്‍ ഗാന്ധിയെ കൊന്നു എന്ന നാഥുറാം ഗോഡ്‌സെയുടെ കുറ്റമേറ്റു പറച്ചിലിന്റെ അന്തഃസത്തയായ രാഷ്ട്രീയമാണ് പക്ഷെ, അവര്‍ നടപ്പാക്കുന്നത്. ജമ്മു-കശ്മിരിലും ദേശീയ പൗരത്വ രജിസ്റ്ററിന്റെ കാര്യത്തിലും മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആള്‍ക്കൂട്ട ആക്രമണങ്ങളുടെയും, പ്രതിഷേധത്തെ തുടര്‍ന്ന് തല്‍ക്കാലം പിന്‍വലിക്കേണ്ടിവന്ന ഹിന്ദി ദേശീയഭാഷയാക്കണമെന്ന നിലപാടുകളിലൂടെയും ലക്ഷ്യമാക്കുന്നത് ഇത്തരം അജണ്ടകള്‍ തന്നെയാണ്.
ഗാന്ധിവധത്തെ തുടര്‍ന്നുള്ള ആര്‍.എസ്.എസിന്റെ നിരോധനം പിന്നീട് നീക്കിയത് ആഭ്യന്തരമന്ത്രി പട്ടേലിനു നല്‍കിയ ഉറപ്പുകളുടെയും കേന്ദ്ര സര്‍ക്കാരുമായുണ്ടാക്കിയ കരാറിന്റെയും അടിസ്ഥാനത്തിലായിരുന്നു. അക്രമമാര്‍ഗങ്ങള്‍ സ്വീകരിക്കില്ലെന്നും രാഷ്ട്രീയത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുമെന്നും സാമൂഹിക- സാംസ്‌കാരിക രംഗത്തുമാത്രമേ പ്രവര്‍ത്തിക്കൂ എന്നും സമ്മതിച്ച്. സുതാര്യതയും തെരഞ്ഞെടുപ്പും ഉറപ്പുവരുത്താമെന്നും സംഘിന്റെ കരട് ഭരണഘടന ആഭ്യന്തര മന്ത്രാലയത്തിനു നല്‍കിയുമാണ് നിരോധനം നീക്കിയത്.
1925ല്‍ രൂപീകരിച്ച രാഷ്ട്രീയ സ്വയം സേവക് സംഘ് എഴുതപ്പെട്ട ഭരണഘടന 1949 ഓഗസ്റ്റ് ഒന്നിന് അംഗീകരിച്ചത് കേന്ദ്രസര്‍ക്കാരുമായുള്ള കരാറിന്റെ ഭാഗമാണ്. പക്ഷെ, സംഘിന്റെ ഹിന്ദുത്വ-വര്‍ഗീയ- മുസ്‌ലിംവിരുദ്ധ രാഷ്ട്രീയ അജണ്ട നടപ്പാക്കത്തക്ക തരത്തില്‍ ഭരണഘടനയില്‍ പിന്നീട് ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. ദേശീയ പതാകയും ഇന്ത്യന്‍ ഭരണഘടനയും അംഗീകരിക്കാത്ത ആര്‍.എസ്.എസ് ബി.ജെ.പിയെ മുന്‍നിര്‍ത്തിയാണ് ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും ഇപ്പോള്‍ അമ്മാനമാടുന്നത്. പാര്‍ലമെന്റിലെ ഭൂരിപക്ഷവും മിക്ക ഭരണഘടനാ സ്ഥാപനങ്ങളും രണ്ടാംവരവില്‍ കയ്യടക്കാന്‍ കഴിയുന്നതിന്റെ പിന്‍ബലത്തിലുമാണത്.
പ്രധാനമന്ത്രി മോദിയുടെ ഗാന്ധിലേഖനത്തെക്കുറിച്ചുള്ള പ്രതികരണം അറിയിക്കാന്‍ 'ന്യൂയോര്‍ക്ക് ടൈംസ്' വായനക്കാരോട് അഭ്യര്‍ത്ഥിച്ചിരുന്നു. പ്രസിദ്ധീകരിച്ച ഉടന്‍തന്നെ പ്രതികരണങ്ങളും പ്രവഹിച്ചു. ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ അസഹിഷ്ണുതയുടെ വിത്ത് വിതയ്ക്കുന്നത് മോദിയുടെ ഗവണ്മെന്റുതന്നെയാണെന്ന് ആദ്യ പ്രതികരണത്തില്‍ പറഞ്ഞു. 'ഇന്ത്യയ്ക്ക്, താങ്കളുടെ സര്‍ക്കാറിന് ഗാന്ധിജിയുടെ മൂല്യങ്ങളിലേക്ക് തിരിച്ചുപോകാന്‍ കഴിയുമോ' എന്ന ചോദ്യത്തോടെ. സര്‍ക്കാര്‍ അനുമതിയോടെ ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങളോട് സ്വീകരിക്കുന്ന ഭയാനകമായ നടപടികളെക്കുറിച്ച് പ്രധാനമന്ത്രിക്ക് എന്താണ് പറയാനുള്ളതെന്നാണ് പല പ്രതികരണങ്ങളിലും ഉയര്‍ന്നത്. ദേശീയ സ്വാശ്രയത്തിലൂന്നിയുള്ള വികസന മാതൃകയാണ് ഗാന്ധിജി പഠിപ്പിച്ചത്. ബഹുരാഷ്ട്ര കോര്‍പ്പറേഷന്റെ കനത്ത വിദേശ നിക്ഷേപങ്ങളുടെ അടിസ്ഥാനത്തിലാണ് മോദിയുടെ വികസനമെന്ന് മറ്റൊരു കത്തില്‍ പറഞ്ഞു.
മോദി ഇപ്പോള്‍ നയിക്കുന്ന പ്രസ്ഥാനത്തിലെ ഹിന്ദുത്വ ദേശീയവാദിയാണ് ഗാന്ധിയെ വധിച്ചതെന്നുകൂടി ചിന്തിക്കണമെന്ന് മറ്റൊരുകത്തില്‍ പറഞ്ഞു. മതനിരപേക്ഷതയ്ക്ക് പരസ്യമായി പുറന്തിരിഞ്ഞിരിക്കുന്ന ശ്രീ മോദിയുടെ പാര്‍ട്ടിക്ക് ഗാന്ധി ഒരിക്കലും തന്റെ പിന്തുണ നല്‍കുമായിരുന്നില്ലെന്ന് മറ്റൊരു പ്രതികരണത്തിലും ചൂണ്ടിക്കാട്ടി. മോദിക്കെതിരായ വിമര്‍ശനങ്ങള്‍കണ്ട് പ്രതികരണങ്ങള്‍ അവസാനിപ്പിച്ചതായി പിറ്റേന്നുതന്നെ ന്യൂയോര്‍ക്ക് ടൈംസ് പരസ്യപ്പെടുത്തി.'ഗാന്ധി മഹാരാജ്' എന്നൊരു കവിതതന്നെ ഗാന്ധിജിയെക്കുറിച്ച് രവീന്ദ്രനാഥ് ടാഗോര്‍ എഴുതി. ഗാന്ധിജിയുടെ അനുയായികള്‍ ആരെന്ന് വിശദീകരിച്ച്; പിച്ചച്ചട്ടിയില്‍നിന്ന് കയ്യിട്ടുവാരാത്തവര്‍. പണക്കാരന്റെ ഹുങ്കിനുമുമ്പില്‍ മുട്ടുമടക്കാത്തവര്‍. ശിക്ഷാനിയമത്തെ വളച്ചൊടിക്കാത്തവര്‍....
ജി.എസ്.ടികൊണ്ട് പാവപ്പെട്ടവരുടെ പിച്ചച്ചട്ടിവരെ തകര്‍ത്തതിന്റെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ് രാജ്യമെന്ന് ഇപ്പോള്‍ പറയുന്നത് റിസര്‍വ് ബാങ്കാണ്. അമേരിക്കക്കാര്‍തന്നെ തള്ളിപ്പറയുന്ന പ്രസിഡന്റ് ട്രംപിന്റെ ഭ്രാന്തന്‍ സൈനിക കൂട്ടുകെട്ടിലും റാഫേല്‍ വിമാനത്തിന്റെയടക്കം ആക്രമണ ശക്തിയിലും അദ്ദേഹം അഭിരമിക്കുന്നു. മുസ്‌ലിംകള്‍ ഒഴികെ മറ്റെല്ലാ മതസ്ഥര്‍ക്കും ഇന്ത്യയില്‍ സുരക്ഷിതത്വം ഉറപ്പാണെന്ന് ആഭ്യന്തരമന്ത്രി പ്രഖ്യാപിക്കുന്നു. മഹാത്മാഗാന്ധിക്ക് ഇങ്ങനെയും ഇപ്പോള്‍ അനുയായികളും അവകാശികളും!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."