സംസ്ഥാന കായികമേളയില്‍ ലിയോ അക്കാദമിക്ക് നൂറുമേനി
ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ആലപ്പുഴയുടെ കായികകരുത്ത് വിളിച്ചറിയിച്ച് ലിയോ അത്‌ലറ്റിക് അക്കാദമി ജൈത്രയാത്ര തുടരുന്നു. ഇക്കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആറുമെഡലുകള്‍ നേടിയാണ് വിജയം കൈപിടിയിലൊതുക്കിയത്. രണ്ടു സ്വര്‍ണവും നാലു വെങ്കലവും. രണ്ടുപതിറ്റാണ്ടുകള്‍ക്കുശേഷം ജില്ലയ്ക്ക് സംസ്ഥാനത്ത് ഏഴാം സ്ഥാനത്ത് എത്താന്‍ അക്കാദമിയുടെ താരങ്ങളുടെ വിജയത്തിലൂടെ സാധ്യമായി.
ഡിസ്‌കസ് ത്രോയില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ മഹേഷും സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആരതിയും സ്വര്‍ണം നേടി.
ആന്‍ഡ്രിക് മൈക്കിള്‍ ഫെര്‍ണാണ്ടസും ആഷ്‌ലിയും രാഹുലും ത്രോസ് ഇനങ്ങളില്‍ വെങ്കല മെഡലുകള്‍ നേടി. ലക്ഷങ്ങള്‍ ചെലവിട്ട് ത്രോസ് അക്കാദമിയും ജംപ് അക്കാദമികളും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടക്കുമ്പോഴാണ് പ്രതിസന്ധികളെ അതിജീവിച്ച് ഇടുങ്ങിയ ട്രാക്കില്‍ അക്കാദമിയുടെ താരങ്ങള്‍ മെഡലുകള്‍ നേടിയത്. രാജ്യത്തിന്റെ കായിക ഭൂപടത്തില്‍ ആലപ്പുഴയുടെ പേര് എഴുതി ചേര്‍ക്കാന്‍ പ്രാപ്തരും കരുത്തരുമായ ഒരുപിടി കായിക താരങ്ങളാണ് അക്കാദമിയില്‍ പരിശീലനം നേടുന്നത്. നിവര്‍ന്നോടാന്‍ ഇവര്‍ക്കായി ഒരു മൈതാനി നല്‍കിയാല്‍ രാജ്യാന്തര കായിക താരങ്ങളെ സൃഷ്ടിക്കാന്‍ യാതൊരു വിഷമമില്ലെന്ന് അക്കാദമിയുടെ പ്രസിഡന്റ് സെബാസ്റ്റ്യന്‍ വാര്‍ഗീസും സെക്രട്ടറി ഷാജഹാന്‍ കെ ബാവയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അക്കാദമിയില്‍ ഇപ്പോള്‍ പരിശീലിക്കുന്ന പത്തോളം താരങ്ങള്‍ ദേശീയ നിലവാരം പുലര്‍ത്തുന്നവരും ദേശീയ കായിക മല്‍സരത്തിന് കേരളത്തില്‍നിന്നുളള താരങ്ങളുടെ പട്ടികയിലുളളവരുമാണ്. ഡിസംബറില്‍ തിരുപ്പതിയില്‍ നടക്കുന്ന ദേശീയ മല്‍സരത്തില്‍ പങ്കെടുക്കുന്നതിന് അക്കാദമിയില്‍നിന്നു നാലുപേര്‍ തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു.
നല്ല ട്രാക്കിന്റെ അഭാവമാണ് ആലപ്പുഴയില്‍ നിന്നുളള താരങ്ങള്‍ക്ക് ട്രാക്ക് ഇനങ്ങളില്‍ തിളങ്ങാന്‍ കഴിയാതെ പോയത്. അക്കാദമിയില്‍നിന്നുള്ള അഞ്ചോളം പേര്‍ ജംപ് ഇനത്തിലും ഓട്ട മത്സരങ്ങളിലും നാലും ആറും സ്ഥാനങ്ങളില്‍ എത്തിയവരാണ്.
നല്ല ട്രാക്കിന്റെ അഭാവം ഇവരെ മോശം പ്രകടനത്തിലേക്കാണ് തളളിവിട്ടത്. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് അധികൃതര്‍ ജില്ലക്കായി ഒരു 400 മീറ്റര്‍ ട്രാക്ക് നിര്‍മിച്ചുനല്‍കണമെന്നാണ് അക്കാദമിയുടെ ആവശ്യം. വാര്‍ത്താസമ്മേളനത്തില്‍ അക്കാദമി ഡയറക്ടര്‍ ആന്റണി ഫെര്‍ണാണ്ടസും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."