മനസിന്റെ താളം വീണ്ടെടുത്ത് പഴന്തുണിയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്നു
ബോബന്‍ സുനില്‍
കാട്ടാക്കട: മനസിന്റെ താളം തെറ്റിയവരായി മാറ്റി നിര്‍ത്തപ്പെട്ടവരാണ് ഇവര്‍. ഇന്നവര്‍ മനസിന്റെ താളം വീണ്ടെടുത്ത് പഴന്തുണിയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്നു. വിളപ്പില്‍ശാല ഊറ്റുകുഴിയില്‍ പ്രവര്‍ത്തിക്കുന്ന എസ്.എച്ച് ചാരിറ്റി ഹോമിലെ അന്തേവാസികളാണ് ആളുകള്‍ വലിച്ചെറിയുന്ന പഴയ തുണിയില്‍ ചവിട്ടുമെത്തകള്‍ നിര്‍മിച്ച് വരുമാനം കണ്ടെത്തുന്നത്.
പഴയ സാരികള്‍, നൈറ്റികള്‍, ഷര്‍ട്ടുകള്‍, പാവാടകള്‍ തുടങ്ങി കിട്ടുന്നവയൊക്കെ പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങളാക്കി വിപണിയിലെത്തിക്കുകയാണ് ഇവര്‍. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ അസുഖം ഭേദമായിട്ടും ബന്ധുക്കള്‍ കൂട്ടിക്കൊണ്ടു പോകാതെ ഉപേക്ഷിക്കപ്പെട്ട 24 പേരാണ് ചാരിറ്റി ഹോമിലുള്ളത്. എല്ലാവരും 40നും 80നും ഇടയില്‍ പ്രായമുള്ളവര്‍. ഹോമിലെ അധ്യാപിക ഷീജയും സിസ്റ്റര്‍മാരായ ആന്‍സ് ജോണും ലിസ് മരിയയും ചേര്‍ന്നാണ് ചവിട്ടുമെത്തയുടെ നിര്‍മാണം ഇവരെ പഠിപ്പിച്ചത്. എന്തെങ്കിലും ഇവരെക്കൊണ്ട് ചെയ്യിക്കുക എന്ന ഉദ്ദേശത്തിലായിരുന്നു തുടക്കം. പിന്നീടത് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഹോമിന് വരുമാനമാര്‍ഗമായി.
100 രൂപയ്ക്കാണ് ഒരു ചവിട്ടുമെത്ത വില്‍ക്കുന്നത്. നിര്‍മാണ ചിലവ് 10 രൂപയില്‍ താഴെയും. സുമനസുകള്‍ സമ്മാനിക്കുന്ന പഴകിയതും കീറിയതുമായ തുണികളിലാണ് ഇപ്പോള്‍ ചവിട്ടുമെത്തകള്‍ ഉണ്ടാക്കുന്നത്. ദിവസം രണ്ടോ മൂന്നോ ചവിട്ടികള്‍ ഉണ്ടാക്കാനേ ഇത് തികയറുള്ളു. തുണികള്‍ കൂടുതല്‍ കിട്ടിയാല്‍ ധാരാളം ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാനാവുമെന്ന് ഹോമിന്റെ ചുമതലക്കാരി സിസ്റ്റര്‍ പുഷ്പ ജോണ്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."