വട്ടിയൂര്‍ക്കാവില്‍ പോരാട്ടം പ്രശാന്തും മോഹന്‍കുമാറും തമ്മില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ പോരാട്ടം പരമ്പരാഗത രീതിയില്‍ ഇടതുമുന്നണിയും യു.ഡി.എഫും തമ്മില്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തുടങ്ങിയ അപാകതകള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലും ബാധിച്ചതോടെ ബി.ജെ.പി സ്ഥാനാര്‍ഥി അപ്രസക്തനായി. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മോഹന്‍കുമാറോ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്തോ ആരാണ് രണ്ടാം സ്ഥാനത്തേക്ക് പോവുകയെന്ന കാര്യത്തില്‍ മാത്രമാണ് വട്ടിയൂര്‍ക്കാവിലെ വോട്ടര്‍മാര്‍ക്കു പോലും തര്‍ക്കമുള്ളത്.
കുമ്മനം രാജശേഖരനെ സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ അനുപമമായ ത്രികോണ പോരാട്ടത്തിന് വട്ടിയൂര്‍ക്കാവ് മണ്ഡലം സാക്ഷിയാകുമെന്നാണ് രാഷ്ട്രീയ കേരളം കരുതിയിരുന്നത്. പക്ഷേ ഗ്രൂപ്പ് പോരിലൂടെ കുമ്മനത്തെ വെട്ടി ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് സ്ഥാനാര്‍ഥിയായതോടെ പാര്‍ട്ടിക്കാര്‍ നിരാശരാവുകയായിരുന്നു. കുമ്മനത്തെ ഒഴിവാക്കിയതിനെ തുടര്‍ന്ന് ആര്‍.എസ്.എസ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനിന്നതും ബി.ജെ.പി സ്ഥാനാര്‍ഥിക്ക് തിരിച്ചടിയായി. ജയസാധ്യതയില്ലെന്നും ദുര്‍ബല സ്ഥാനാര്‍ഥിയെന്നുമുള്ള പ്രചാരണവും സുരേഷിന് പ്രതികൂലമായിട്ടുണ്ട്.
പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിട്ടുള്ള മന്ദഗതി വോട്ടിങ്ങിലും പ്രകടമായാല്‍ കുമ്മനത്തിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍നിന്ന് ലഭിച്ച വോട്ടിന്റെ പകുതി മാത്രമേ ലഭിക്കാനിടയുള്ളൂ എന്നാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ തന്നെ വിലയിരുത്തുന്നത്. ബി.ജെ.പി സ്ഥാനാര്‍ഥി അപ്രസക്തനായതോടെ എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ പൊരിഞ്ഞ പോരാട്ടത്തിലാണ്.
കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായുള്ള ജയം ആവര്‍ത്തിക്കാന്‍ മുന്‍ എം.എല്‍.എ കൂടിയായ മോഹന്‍കുമാറിനു വേണ്ടി മികച്ച പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് കാഴ്ചവയ്ക്കുന്നത്. പ്രവര്‍ത്തനത്തിലെ മെല്ലെപ്പോക്ക് സംബന്ധിച്ച് മോഹന്‍കുമാര്‍ പരാതി പറഞ്ഞതോടെ പ്രവര്‍ത്തനങ്ങള്‍ ഉഷാറാക്കാന്‍ യു.ഡി.എഫിന്റെ കൂടുതല്‍ നേതാക്കളെ മണ്ഡലത്തില്‍ ഇറക്കിയിട്ടുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് മേയറെന്ന നിലയില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടി വി.കെ പ്രശാന്തിനെ മുന്നിലെത്തിക്കാന്‍ എല്‍.ഡി.എഫ് ശ്രമിക്കുമ്പോള്‍, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി മനഃപൂര്‍വമായിരുന്നു ഇതെന്നു പറഞ്ഞാണ് യു.ഡി.എഫ് തിരിച്ചടിക്കുന്നത്. മറ്റു സ്ഥലങ്ങളില്‍നിന്ന് പ്രവര്‍ത്തകരെ കൊണ്ടുവന്ന് ശക്തമായ സ്‌ക്വാഡ് പ്രവര്‍ത്തനവും സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. പ്രചാരണം രണ്ടാംഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തില്‍ പരമാവധി വോട്ടര്‍മാരെ കാണാനുള്ള പ്രവര്‍ത്തനത്തിലാണ് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."