നെട്ടയം മാര്‍ക്കറ്റിന് പുതുജീവന്‍
വട്ടിയൂര്‍ക്കാവ്: ഒരുകാലത്ത് പുഴുക്കള്‍ നിറഞ്ഞ് പകര്‍ച്ചപ്പനി ഭീതിയില്‍ ജീവിതം തള്ളിനീക്കിയിരുന്ന വ്യാപാരികള്‍ ഇന്നിപ്പോള്‍ ആശ്വാസത്തിലാണ്.
നെട്ടയം പൊതുമാര്‍ക്കറ്റ് 11 ലക്ഷം രൂപ ചെലവിട്ടാണ് കോര്പ്പറേഷന് നവീകരിച്ചിരിക്കുന്നത്. ആവശ്യത്തിന് സ്ഥലസൗകര്യമില്ലാതിരുന്ന പൊതുചന്തയില്‍ മാലിന്യവും മത്സ്യങ്ങളുടെ അവശിഷ്ടങ്ങളും ഒഴുകിപ്പരന്ന് കെട്ടിക്കിടന്ന് പുഴുക്കള്‍ വമിക്കുന്ന അവസ്ഥയിലായിരുന്നു.
പൊതുജനങ്ങള്‍ക്ക് റോഡിലൂടെ കടന്നുപോകാന്‍പോലും സാധിക്കാത്തവിധം മാലിന്യം റോഡുനിറഞ്ഞ് കിടന്നിരുന്നു. കുടുംബശ്രീപ്രവര്‍ത്തകരും ഒരു ഘട്ടത്തില്‍ നാട്ടുകാരും ചേര്‍ന്നാണ് മാലിന്യം സംസ്കരിച്ചിരുന്നത്.
ലക്ഷങ്ങളുടെ തുക ചെലവിട്ടതോടെ നെട്ടയം മാര്‍ക്കറ്റ് പുതുമോടിയായി. ചന്തയ്ക്കു നാലുപാടും ടൈലുകള്‍ പാകിയതോടെ മാലിന്യത്തിന് എന്നെന്നേക്കുമായി വിടപറഞ്ഞു.
വ്യാപാരികള്‍ക്ക് സ്വസ്ഥമായി ഇരിക്കുന്നതിന് ഇരിപ്പിടങ്ങള്‍ കെട്ടി. ചന്തയ്ക്ക് പുതിയൊരു ചുറ്റുമതിലായി. മാലിന്യവും മത്സ്യമാലിന്യവും ഒഴുക്കിക്കിക്കളയുന്നതിനും അവയെ സംസ്കരിക്കുന്നതിനും ഒരിടമുണ്ടാക്കി.
പുതിയൊരു മേല്‍ക്കൂരയ്ക്കു താഴെ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിയതോടെ ഇവിടെയുള്ള വ്യാപാരികള്‍ സന്തോഷത്തിലായി.
ഒരു രൂപ പോലും വാടക ഈടാക്കാതെയാണ് വ്യാപാരികള്‍ക്ക് കച്ചവടത്തിന് അവസരമൊരുക്കിയിരിക്കുന്നത്. നവീകരിച്ച മത്സ്യസ്റ്റാളുകളുടെയും ചന്തയുമായി ബന്ധപ്പെട്ട മറ്റു നിര്‍മാണപ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം അടുത്തയാഴ്ചയുണ്ടാകുമെന്നു വാര്‍ഡ് കൗണ്‍സിലര്‍ രാജിമോള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."