നിയമം മാറ്റിയത് കര്‍ണാടകയെ പേടിച്ച്: തേക്ക് തടികള്‍ കൊണ്ടുപോകാന്‍ ഇനി റെഡ് പാസ് നിര്‍ബന്ധം
നിലമ്പൂര്‍: വനംവകുപ്പിന്റെ അംഗീകൃത തടി ഡിപ്പോകളില്‍ നിന്നും വ്യാപാരികളും, മറ്റു സ്വകാര്യ വ്യക്തികളും ലേലത്തില്‍ വിളിച്ചെടുക്കുന്ന തേക്കുതടികള്‍ ഉള്‍പ്പെടെയുള്ള മരങ്ങള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് കൊണ്ടു പോകുന്നതിന് വനം വകുപ്പ് റെഡ് പാസ് നിര്‍ബന്ധമാക്കി.
ഇതോടെ വ്യാപാരികള്‍ പ്രതിസന്ധിയിലുമായി. ഡിപ്പോകളില്‍ നിന്നും വിളിച്ചെടുക്കുന്ന മരങ്ങള്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആവശ്യക്കാരെത്തിയാല്‍ റെഡ്പാസ് നല്‍കേണ്ടതുണ്ട്. തടികള്‍ ലേലം ചെയ്യുന്നത് ഡിപ്പോകളിലാണെങ്കിലും റെഡ്പാസ് നല്‍കാന്‍ സെയില്‍സ് ഡിവിഷന്റെ ചാര്‍ജ്ജുള്ള ഡി.എഫ്.ഒക്കാണ് അധികാരം. മുന്‍പ് ഡിപ്പോകളില്‍നിന്നും റെയ്ഞ്ച് ഓഫിസര്‍മാര്‍ നല്‍കുന്ന വൈറ്റ് പാസ് ഉപയോഗിച്ചാണ് തടികള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോയിരുന്നത്. ഈ സംവിധാനമാണ് കര്‍ണാടകയുടെ നിര്‍ബന്ധത്താല്‍ മാറ്റിയത്.
റെഡ്പാസ് വന്നതോടെ നിലമ്പൂര്‍ അരുവാക്കോട്, നെടുങ്കയം ടിമ്പര്‍ സെയില്‍സ് ഡിപ്പോകളില്‍ നിന്നും ലേലത്തിലെടുക്കുന്ന മരങ്ങള്‍ക്ക് പാലക്കാട് ഡിവിഷന്‍ ഓഫിസിലെത്തി വേണം വ്യാപാരികള്‍ക്ക് റെഡ്പാസ് വാങ്ങാന്‍. ഇതിന് പലപ്പോഴും നിരവധി തവണ ഡിവിഷന്‍ ഓഫിസില്‍ കയറിയിറങ്ങേണ്ട അവസ്ഥയിലാണ് വ്യാപാരികള്‍.
സര്‍ക്കാറിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് വ്യാപാരികള്‍ മരം ലേലത്തിലെടുക്കുന്നത്. വിളിക്കുന്ന തുകയുടെ 26 ശതമാനം ടാക്‌സ് ഉള്‍പ്പെടെ മൊത്തം വരുന്ന സംഖ്യയുടെ 35 ശതമാനം വിളിക്കുന്ന ദിവസം തന്നെ അടക്കണം.
40 ദിവസത്തിനുള്ളില്‍ മുഴുവന്‍ തുകയും അടക്കണം. 40 ദിവസത്തിന് ശേഷം ഡിപ്പോയില്‍ മരം സ്റ്റോക്ക് ചെയ്യണമെങ്കില്‍ ഘനമീറ്ററിന് ആദ്യമാസം 150, തുടര്‍ന്നുള്ള മൂന്ന് മാസങ്ങളില്‍ 300,450,600 രൂപ പ്രകാരം പിഴ നല്‍കണം. ഇതര സംസ്ഥാനത്തുനിന്നും വരുന്ന ഒരാള്‍ക്ക് തടി കയറ്റി പോകുമ്പോള്‍ റെഡ്പാസ് കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ കച്ചവടം നഷ്ടമാകും.
കര്‍ണാടക വനം വകുപ്പ്, കേരളത്തില്‍ നിന്നുള്ള തടികള്‍ക്ക് റെഡ്പാസ് ആവശ്യപ്പെട്ടതോടെയാണ് പ്രതിസന്ധിക്ക് തുടക്കമായത്. ഇതോടെ ലേലത്തില്‍ പങ്കെടുക്കുന്ന വ്യാപാരികളുടെ എണ്ണത്തിലും കുറവുണ്ടായി. ശേഷിക്കുന്ന വ്യാപാരികള്‍ വിളിച്ചെടുക്കുന്ന മരങ്ങളുടെ അളവിലും കുറവ് വരുത്തിയിട്ടുണ്ട്. സര്‍ക്കാറിന് ഓരോ മാസവും വനം വകുപ്പ് ഡിപ്പോകളില്‍ നിന്നും റവന്യൂ ഇനത്തില്‍ കോടികളുടെ വരുമാനമാണ് ലഭിക്കുന്നത്.
റെഡ്പാസ് നല്‍കാനുള്ള അധികാരം ഡിപ്പോ റെയ്ഞ്ചര്‍മാര്‍ക്ക് നല്‍കിയാല്‍ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാനാകും. ലേലം ഡിപ്പോകളിലും റെഡ്പാസ് ഡിവിഷനിലും എന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതു മൂലം ഇതര സംസ്ഥാനത്തു നിന്നുള്ള വ്യാപാരികള്‍ നിലമ്പൂര്‍ ഉള്‍പ്പെടെയുള്ള തേക്ക് ഡിപ്പോകളില്‍ നടക്കുന്ന ലേലങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനിടയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."