തീരദേശവും പനിച്ചു വിറക്കുന്നു ഒപ്പം പകര്‍ച്ച വ്യാധികളും
വാടാനപ്പള്ളി: തീരദേശമേഖലയില്‍ പനിയും പകര്‍ച്ച വ്യാധികളും പടര്‍ന്നു പിടിക്കുന്നു. കഴിഞ്ഞ ദിവസങളില്‍ നിരവധി പേര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തി. തൃത്തല്ലൂര്‍ ഗവ: ആശുപത്രിയില്‍ ഉന്നലെ മാത്രം അഞ്ഞൂറിലധികം പേരാണ് പനി ബാധിച്ച് ചികിത്സക്കെത്തിയത്.
തൃപ്രയാര്‍ പ്രാധമീക ആരോഗ്യ കേന്ദ്രം, വലപ്പാട് ഗവണ്‍മെന്റ് ആശുപത്രി, ഏങ്ങണ്ടിയൂര്‍, നാട്ടിക പി.എച്ച് സെന്റര്‍, തളിക്കുളം സര്‍ക്കാര്‍ ആശുപത്രി എന്നിവിടങ്ങളിലും നൂറുകണക്കിനാളുകളാണ് ദിവസേന ചികിത്സ തേടി എത്തുന്നത്. കുട്ടികള്‍ക്ക് തക്കാളി പനിയും പിടിപെടുന്നതായി റിപ്പോര്‍ട്ടുണ്ട്.
കൂടാതെ ചേറ്റുവയിലെയും ഏങ്ങണ്ടിയൂരിലെയും സ്വകാര്യ ആശുപത്രികളിലും ,സ്വകാര്യ ക്ലിനിക്കുകളിലും പനി ബാധിതരുടെ തിരക്കാണ്. വാടാനപ്പിള്ളിയിലും വലപ്പാടും നേരത്തേ ഓരോ ആള്‍ക്ക് വീതം ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇവരെ പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി തൃശൂരിലേക്ക് മാറ്റി. വാടാനപ്പിള്ളിയില്‍ ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റേയും സഹകരണത്തില്‍ വാര്‍ഡുകള്‍ തോറും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായി വാടാനപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് വടക്കുംഞ്ചേരി അറിയിച്ചു.
തൃത്തല്ലൂര്‍ ഗവ: ആശുപത്രിയില്‍ അഞ്ച് ഡോക്ടര്‍മാര്‍ നിത്യേന രോഗികളെ പരിശോധിക്കുന്നു. വലപ്പാട് ആശുപത്രിയില്‍ സൂപ്രണ്ട് ലീവിലാണ്. നാലു ഡോകടര്‍മാരാണിവിടെ രോഗികളെ പരിശോധിക്കുന്നത്.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വലപ്പാട് ,തളിക്കുളം പഞ്ചായത്തുകളില്‍ ഫോഗിംഗ് ആരംഭിച്ചു. നാട്ടികയില്‍ പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. ഈയാഴ്ച മൂന്ന് മെഡിക്കല്‍ ക്യാമ്പുകള്‍ നടക്കും. കൊതുക് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. നാട്ടിക പി.എച്ച് സെന്ററില്‍ രണ്ട് ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുന്നുണ്ട്. ഏപ്രില്‍, മെയ് മാസങ്ങളിലാണ് കൊതുക് ഉറവിട നശികരണപ്രവര്‍ത്തനം നടത്തേണ്ടതെന്ന് ആരോഗ്യവകുപ്പധികൃതര്‍ പറയുന്നു. എന്നാല്‍ തിരദേശത്തെ പല പഞ്ചായത്തുകളിലും കൊതുക് നശീകരണം ആരംഭിച്ചിട്ടില്ല.
കാലവര്‍ഷമായതോടെ വെള്ളം കെട്ടിനിന്ന് മിക്കയിടത്തും മാലിന്യം നറഞ്ഞിരിക്കുകയാണ്. നേരത്തേ കൊതുക് നശീകരണം നടത്തിയിരുന്നെങ്കില്‍ തുടക്കത്തിലേ പനി ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്നാണ് ആരോഗ്യവകുപ്പധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."