മഹാരാഷ്ട്രയില്‍ 28 ശിവസേന കൗണ്‍സിലര്‍മാരും 300 പ്രവര്‍ത്തകരും രാജിവച്ചു
മുംബൈ: മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായുള്ള സീറ്റ് പങ്കിടലിനെച്ചൊല്ലി ശിവസേനയില്‍ ഉരുണ്ടുകൂടിയ അതൃപ്തി പൊട്ടിത്തെറിയില്‍ കലാശിച്ചു. നേതൃത്വത്തോടുള്ള വിയോജിപ്പ് പ്രഖ്യാപിച്ച് ശിവസേന നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ മുന്നൂറിലധികം പേര്‍ പാര്‍ട്ടിവിട്ടു.
പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചവരില്‍ 208 കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരും ഉള്‍പ്പെടും. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്കു നീങ്ങുന്ന സാഹചര്യത്തില്‍ ശിവസേനയിലുണ്ടായ പൊട്ടിത്തെറി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സാധ്യതകളെ പ്രതികൂലമായി ബാധിക്കും.
കല്യാണ്‍ നിയമസഭ മണ്ഡലം ബി.ജെ.പിക്ക് വിട്ടുകൊടുത്തതാണ് ശിവസേന പ്രവര്‍ത്തകരെ കൂടുതല്‍ പ്രകോപിച്ചത്. രണ്ടുതവണ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഗണപത് ഗെയ്ക്ക്‌വാദ് തന്നെയാണ് മൂന്നാം തവണയും ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുന്നത്. ഗണപത് മണ്ഡലത്തിനായി ഒന്നും ചെയ്തില്ലാത്തതിനാല്‍ സീറ്റ് ഏറ്റെടുക്കണമെന്ന് ശിവസേന പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടുവരികയായിരുന്നു.
27 വര്‍ഷമായി ശിവസേന പ്രവര്‍ത്തകനായിരുന്ന എന്‍ജിനീയര്‍ ധനഞ്ജയ് ബോദ്രെ ബി.ജെ.പി സ്ഥാനാര്‍ഥിക്കെതിരെ സ്വതന്ത്രനായി മണ്ഡലത്തില്‍ പത്രിക നല്‍കിയിട്ടുമുണ്ട്. ആകെയുള്ള 288 സീറ്റില്‍ 124 സീറ്റില്‍ മാത്രമാണ് ശിവസേന മത്സരിക്കുന്നത്. 150 സീറ്റുകളില്‍ ബി.ജെ.പിയും ബാക്കിയുള്ള 14 സീറ്റുകളില്‍ സഖ്യകക്ഷികളുമാണ് മത്സരിക്കുന്നത്.
സീറ്റ് വിഭജനത്തിന്റെ സമയത്ത് 135 സീറ്റുകള്‍ക്കായി ശിവസേന സമ്മര്‍ദം ചെലുത്തിയെങ്കിലും ബി.ജെ.പി അംഗീകരിച്ചിരുന്നില്ല. ഇതില്‍ പ്രവര്‍ത്തകര്‍ അതൃപ്തിയിലായിരുന്നു. ഈ സാഹചര്യത്തില്‍ വിവിധ മണ്ഡലങ്ങളില്‍ വിമതശല്യം നിലനില്‍ക്കുന്നുണ്ട്.
ഇതിന് പുറമെ മുഖ്യമന്ത്രിപദവും ശിസേന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മുഖ്യമന്ത്രി പദത്തിനായുള്ള ശിവസേനയുടെ അവകാശവാദത്തെ പരിഹസിക്കുകയാണ് കഴിഞ്ഞദിവസം മുതിര്‍ന്ന ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് ചെയ്തത്. ഇത്തരത്തിലുള്ള അമര്‍ഷമാണ് ഇന്നലെ പൊട്ടിത്തെറിയില്‍ കലാശിച്ചത്. ശിവസേനാ മേധാവി ഉദ്ധവ് താക്കറെ ഇക്കാര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് മാപ്പുചോദിച്ചെങ്കിലും അതുവകവയ്ക്കാതെയാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത്. സീറ്റ് വിഭജനത്തില്‍ അതൃപ്തി അറിയിച്ച് കഴിഞ്ഞമാസം 200 ശിവസേന പ്രവര്‍ത്തകര്‍ പാര്‍ട്ടിവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."