17 വര്‍ഷത്തിനിടെ അമേരിക്ക കൊന്നത് അഞ്ചു ലക്ഷത്തിലേറെ പേരെ
വാഷിങ്ടണ്‍: തീവ്രവാദത്തിനെതിരേയുള്ള യുദ്ധത്തിന്റെ പേരില്‍ 17 വര്‍ഷത്തിനിടെ അമേരിക്കയുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് അഞ്ചു ലക്ഷത്തില്‍ കൂടുതല്‍ പേരെന്നു റിപ്പോര്‍ട്ട്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം ഇറാഖ്, അഫ്ഗാനിസ്താന്‍, പാകിസ്താന്‍ എന്നിവിടങ്ങളിലെ ആക്രമണങ്ങളിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നു യു.എസിലെ ബ്രോണ്‍ യൂനിവേഴ്‌സിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
നാലു ലക്ഷത്തി എണ്‍പതിനായിരത്തിനും അഞ്ചു ലക്ഷത്തി ഏഴായിരത്തിനുമിടയിലാണ് മരണസംഖ്യ.എന്നാല്‍, പൂര്‍ണമായ കണക്ക് ഇതിലും കൂടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം അഫ്ഗാനിസ്താനില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍, സിവിലിയന്മാര്‍, തീവ്രവാദികള്‍ എന്നിവര്‍ ഉള്‍പ്പെടെ 1,47,000 പേര്‍ കൊല്ലപ്പെട്ടു. അയല്‍രാജ്യമായ പാകിസ്താനില്‍ 9,000 പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 65,000 പേര്‍ കൊല്ലപ്പെട്ടു.
2003 മുതല്‍ ഇറാഖില്‍ ആരംഭിച്ച യു.എസ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏകദേശം 2,95,000മാണ്. ആക്രമണങ്ങളില്‍ അഫ്ഗാനിസ്താനിലും ഇറാഖിലുമായി 7,000 യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു. 2016 ഓഗസ്റ്റ് വരെയുള്ള സൈനികരുടെ കണക്കാണിതെന്നും ഇതിനു ശേഷമുള്ളത് പരിഗണിക്കുകയാണെങ്കില്‍ മരണസംഖ്യ വര്‍ധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മരണനിരക്കുകളില്‍ 22 ശതമാനം വര്‍ധനവുണ്ടായി. തീവ്രവാദ വിരുദ്ധമെന്ന പേരിലുള്ള ആക്രമണങ്ങള്‍ കാരണം രോഗങ്ങള്‍, പട്ടിണി ഉള്‍പ്പെടെയുള്ളവയാല്‍ മരിച്ചവരുടെ എണ്ണം പത്തു ലക്ഷം കവിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്താനിലെ മരണനിരക്കില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കുറവുവന്നിട്ടുണ്ട്. എന്നാല്‍, അഫ്ഗാനിസ്താനിലെ ആക്രമണങ്ങളിലും കൊലപാതകങ്ങളിലും വന്‍തോതില്‍ വര്‍ധനവുണ്ടായി. 17 വര്‍ഷത്തിനിടെ അഫ്ഗാനില്‍ ഏറ്റവും കൂടുതല്‍ ആക്രമണങ്ങളുണ്ടായത് ഈ വര്‍ഷമാണ്.
യുദ്ധത്തിന്റെ ഭാഗമായി പുറപ്പെട്ട ആഭ്യന്തര യുദ്ധങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കണക്കുകള്‍ വ്യക്തമല്ലെന്നു റിപ്പോര്‍ട്ട് തയാറാക്കിയ നേതാ ക്രോഫാര്‍ട് പറഞ്ഞു. മൊസൂള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഐ.എസില്‍നിന്നു പിടിച്ചെടുക്കുന്നതിനിടെ പതിനായിരക്കണക്കിനു പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അവരില്‍ പലരുടെയും മൃതദേഹങ്ങള്‍പോലും കണ്ടെത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."