പകര്‍ച്ചപ്പനി: ചക്കിട്ടപാറയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം
പേരാമ്പ്ര: ഡെങ്കി ഉള്‍പ്പടെ പകര്‍ച്ച പനിക്കെതിരേ ഊര്‍ജിതമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി.
സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 1500 തൊഴിലുറപ്പു തൊഴിലാളികളെ അണിനിരത്തി 15 വാര്‍ഡുകളിലെ ഓരോ വീടും കേന്ദ്രീകരിച്ചു ഇന്നലെ ശുചീകരണ പ്രവര്‍ത്തനം നടത്തി. അയല്‍ക്കൂട്ട സഭകളുടെ നേതൃത്വത്തില്‍ രോഗ പ്രതിരോധ ഹോമിയോ മരുന്ന് മുഴുവന്‍ വീടുകളിലും എത്തിച്ചു.
ഇന്ന് പഞ്ചായത്തിലെ 4 കേന്ദ്രങ്ങളില്‍ മെഗാ മെഡിക്കല്‍ ക്യാംപ് നടത്തും. ചക്കിട്ടപാറ പഞ്ചായത്ത് ഓഫിസ് പരിസരത്ത് രണ്ടും പെരുവണ്ണാമൂഴി പന്നിക്കോട്ടൂര്‍ പി.എച്ച്.സികള്‍ കേന്ദ്രീകരിച്ചുമാണ് രാവിലെ 10 മുതല്‍ ഉച്ചക്കു 2 വരെ ക്യാംപ് നടത്തുക.
കോഴിക്കോട് നാഷനല്‍ ഹോസ്പിറ്റല്‍, ജില്ലാ ഹോമിയോ ആശുപത്രി, ജെ.സി.ഐ ചക്കിട്ടപാറ ചാപ്റ്റര്‍ എന്നിവരുമായി സഹകരിച്ചാണ് ക്യാംപുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. 23 ന് ആയുര്വേദാശുപത്രിയുമായി സഹകരിച്ച് കൊതുക് നശീകരണ പ്രവര്‍ത്തനം നടത്തും. 25, 26 തിയതികളില്‍ ഓടകളും തോടുകളും ഗ്രാമ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ചു വൃത്തിയാക്കുമെന്നും പ്രസിഡന്റ് ഷീജാ ശശി, വൈസ് പ്രസിഡന്റ് കെ. സുനില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."