ആളിപ്പടരുന്ന ജനകീയ സമരങ്ങള്‍ക്ക് തീവ്രവാദം ചമയ്ക്കുന്ന പൊലിസ്
അടുത്തകാലത്തായി പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളുടെ വഴിപാട് സമരങ്ങളില്‍ നിന്നും വ്യത്യസ്തമായി ജനങ്ങള്‍ ജാതി മത കക്ഷി രാഷ്ട്രീയ ഭേദമന്യേ സംഘടിച്ച് ജീവിക്കാനുള്ള അവകാശത്തിനായി പോരാടുന്ന കാഴ്ച്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. പ്ലാച്ചിമടയിലായാലും എന്‍ഡോസള്‍ഫാന്‍ ഇരകളുടെ സമരമായാലും ലോ അക്കാദമി സമരമായാലും പാമ്പാടി നെഹ്‌റു കോളജിനെതിരേയുള്ള സമരമായാലും പെമ്പിളൈ ഒരുമൈ സമരമായാലും ജിഷ്ണു പ്രണോയുടെ അമ്മ മഹിജയുടെ സമരമായാലും ഇവയിലൊന്നും വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളുടെ പൊടിപോലും ഇല്ലാതെയാണ് മുന്നോട്ട് നീങ്ങിയതും വിജയിച്ചതും. ഇത്തരം സമരങ്ങളുടെ അഭൂതപൂര്‍വമായ മുന്നേറ്റങ്ങള്‍ കണ്ടാവാം തീവ്രവാദം ആരോപിച്ച് പൊലിസ് അവരുടെ ക്രൂരമര്‍ദനങ്ങള്‍ക്ക് ന്യായീകരണം കണ്ടെത്തുന്നത്. മഹിജയുടെ സമരത്തിലും പെമ്പിളൈ ഒരുമൈ സമരത്തിലും പൊലിസ് തീവ്രവാദ ബന്ധം ആരോപിച്ചിരുന്നു. വി.എസ് അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം ഷാജഹാനെ വരെ തീവ്രവാദ മുദ്രകുത്തി അറസ്റ്റ് ചെയ്തു.ആ പല്ലവി തന്നെയാണ് പുതുവൈപ്പിനിലും പൊലിസ് ആവര്‍ത്തിക്കുന്നത്. പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടന്ന പൊലിസിന്റെ പൈശാചികാക്രമണത്തിന് റൂറല്‍ എസ്.പി എ.വി ജോര്‍ജ് സാധൂകരണം കണ്ടെത്തിയിരിക്കുകയാണ് തീവ്രവാദ ബന്ധത്തിലൂടെ. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാരിനും വിശദീകരണം നല്‍കാന്‍ ഇത്തരം കള്ളക്കഥകള്‍ ഉപകാരപ്പെട്ടേക്കാം. പക്ഷേ, പുതുവൈപ്പിനിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി നടത്തുന്ന പോരാട്ടം അവര്‍ വിജയം കണ്ടാലല്ലാതെ പിന്തിരിയുകയില്ലെന്ന് സമരപോരാളികളുടെ മുഖങ്ങള്‍ വിളിച്ചുപറയുന്നു. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത കിരാതമായ ആക്രമണമാണ് കഴിഞ്ഞ ദിവസം പുതുവൈപ്പിനില്‍ എല്‍.പി.ജി പ്ലാന്റിനെതിരേ സമരം നടത്തുകയായിരുന്ന തദ്ദേശവാസികള്‍ക്കെതിരേ പൊലിസ് നടത്തിയത്. കലിബാധിച്ചവരെപ്പോലെയാണ് പൊലിസ് ഉറഞ്ഞുതുള്ളിയത്. ഇടതുപക്ഷ സര്‍ക്കാരിന്റെ നയമല്ലെങ്കില്‍ പിന്നെ ആരുടെ നയമാണ് പൊലിസ് ജനകീയ സമരങ്ങള്‍ക്ക് നേരെ നിഷ്ഠൂരമായ ആക്രമണത്തിലൂടെ നടത്തുന്നത്? ഐ.ഒ.സിക്ക് പ്ലാന്റ് സ്ഥാപിക്കാന്‍ എല്ലാവിധ സംരക്ഷണവും നല്‍കുമെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായത് പൊലിസിന് നിസഹായരായ ജനതക്കു മേല്‍ നരനായാട്ട് നടത്താനുള്ള സമ്മതപത്രമായിരുന്നുവോ?
അപക്വമായ നിലപാട് സ്വീകരിക്കുന്ന പൊലിസ് ഉദ്യോഗസ്ഥരെ നിലക്കുനിര്‍ത്താന്‍ സര്‍ക്കാരിനാകുന്നില്ല. പൊലിസ് തലപ്പത്തെ തമ്മില്‍ത്തല്ലുകണ്ട് രസിക്കുകയാണ് ഭരണകൂടം. പിന്നെ താഴെക്കിടയില്‍ പൊലിസ് അഴിഞ്ഞാടുന്നതില്‍ എന്തദ്ഭുതം. 121 ദിവസമായി വൈപ്പിന്‍ സ്വദേശികളുടെ എല്‍.പി.ജി പ്ലാന്റിനെതിരായ സമരം തുടരുന്നു. ഒരു തീരുമാനമുണ്ടാകുന്നതു വരെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുകയില്ലെന്ന ഐ.ഒ.സി അധികൃതര്‍ നല്‍കിയ ഉറപ്പുലംഘിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം പദ്ധതിപ്രദേശത്ത് നിര്‍മാണപ്രവര്‍ത്തനം തുടങ്ങിയത്. ഇതിനെതിരേ സംഘടിച്ചെത്തിയ ജനത്തെ പൊലിസ് തടഞ്ഞു. ഈ നേരത്ത് പ്ലാന്റിനകത്തുനിന്ന് വന്ന കല്ല് പൊലിസിന് മേല്‍ വന്നുവീണപ്പോള്‍ മുന്‍പിലുള്ള ജനങ്ങള്‍ക്കു നേരെയാണ് പൊലിസ് അവരുടെ അരിശം തീര്‍ത്തത്.ഈ നരനായാട്ടില്‍ കുട്ടികളും പ്രായമായവരും സ്ത്രീകളും വാവിട്ടു കരയുകയും ചോരയില്‍ കുതിര്‍ന്ന് തളര്‍ന്നു വീഴുകയും ചെയ്തു . ഇതുപോലുള്ളൊരു ദയനീയ രംഗം അടുത്തകാലത്തൊന്നും ഒരു സമരമുഖത്തും കണ്ടിട്ടില്ല. ഈ നിഷ്ഠൂരാക്രമണത്തെയാണ് റൂറല്‍ എസ്.പി എ.വി ജോര്‍ജ് മനുഷ്യാവകാശ ലംഘനമല്ലെന്നു പറയുന്നത്. പുറത്തുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ കയറിയാണ് അക്രമാസക്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്? സ്ഥലം എം.എല്‍.എ എസ്. ശര്‍മ മുഖ്യമന്ത്രിയെക്കണ്ട് സ്ഥലത്ത് രൂപപ്പെട്ടുവരുന്ന സംഘര്‍ഷാവസ്ഥയെ സംബന്ധിച്ച് ബോധ്യപ്പെടുത്തിയതാണ്. എന്നിട്ടും മുഖ്യമന്ത്രി നടപടിയെടുത്തില്ല. ഹരിത ട്രൈബൂണലിന്റെ അന്തിമവിധി വരുന്നതുവരെ നിര്‍മാണപ്രവര്‍ത്തനം നടത്തില്ലെന്ന് തീരുമാനിച്ചതാണ്. ഇതാണ് ഐ.ഒ.സി ലംഘിച്ചിരിക്കുന്നത്. ഈ പ്ലാന്റ് പുതുവൈപ്പിനില്‍ തന്നെ സ്ഥാപിക്കാന്‍ ഐ.ഒ.സി വാശിപിടിക്കുന്നത് ചുളുവിലക്ക് ഭൂമി ലഭ്യമായതിനാലാണ്. കൊച്ചിയില്‍ തന്നെ എത്രയോ ഒഴിഞ്ഞ പ്രദേശങ്ങളുണ്ടായിട്ടും ഏഷ്യയിലെ ഏറ്റവും അധികം ജനസാന്ദ്രതയുള്ള പ്രദേശമായ പുതുവൈപ്പിനില്‍ മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് തന്നെ ഈ 'ബോംബ്' സ്ഥാപിക്കുന്നതില്‍ നിക്ഷിപ്ത താല്‍പര്യം മാത്രമാണുള്ളത്.
2009 ല്‍ ആണ് ഈ പ്ലാന്റിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. പാചകവാതകം നിറച്ച ടാങ്കര്‍ ലോറികള്‍ വഴിയില്‍ മറിഞ്ഞ് ഭീമമായ നഷ്ടവും അപകടവും വരുത്തുന്നത് പ്ലാന്റ് നിലവില്‍ വരുന്നതോടെ ഇല്ലാതാകുമെന്നും റോഡ് മാര്‍ഗമുള്ള പാചകവാതക ടാങ്കര്‍ ലോറികളുടെ ഓട്ടം അവസാനിക്കുമെന്നും പറഞ്ഞാണ് പദ്ധതി ആരംഭിച്ചത്. എന്നാല്‍ ഇവിടെ നിന്ന് സിലിണ്ടറുകളില്‍ ഗ്യാസ് നിറയ്ക്കാനാണ് പദ്ധതിയെന്ന് ജനങ്ങള്‍ സംശയിക്കുന്നു. ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള പുതുവൈപ്പിനില്‍ തന്നെ ഈ 'അപകടം' വേണമെന്ന നിര്‍ബന്ധ ബുദ്ധിയാണ് പരിശോധിക്കപ്പെടേണ്ടത്. തീ പാറുന്ന ജനകീയ സമരങ്ങള്‍ക്ക് തീവ്രവാദ ബന്ധം ആരോപിച്ചാല്‍ അവസാനിക്കുന്നതല്ല ജീവിക്കാനുള്ള സാധാരണ ജനങ്ങളുടെ പോരാട്ടമെന്ന് സര്‍ക്കാര്‍ ഇനിയെങ്കിലും മനസിലാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."