ജെറമി കോര്‍ബിന്‍: പ്രത്യാശ നല്‍കുന്ന ജനനേതാവ്
ബ്രിട്ടീഷ് പാര്‍ലമെന്റിലേയ്ക്കു നടന്ന തെരഞ്ഞെടുപ്പില്‍ മുഖ്യധാരാ പാര്‍ട്ടികള്‍ക്കൊന്നും കേവല ഭൂരിപക്ഷം നേടാനായില്ല. തെരേസാ മേയുടെ അമിത ആത്മവിശ്വാസമാണു ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്കു തിരിച്ചടിയായത്. മൂന്നുവര്‍ഷംകൂടി ഒരു പ്രശ്‌നവുമില്ലാതെ ഭരിക്കാന്‍വേണ്ട എല്ലാ സാഹചര്യങ്ങളും വ്യക്തമായ ഭൂരിപക്ഷവും ഉണ്ടായിരുന്നിട്ടും ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് ഒരു സുപ്രഭാതത്തില്‍ തെരേസാ മേ തെരെഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. മുഖ്യപ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ മുതലെടുത്ത് തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റു നേടി അനായാസവിജയം ഉറപ്പിക്കാമെന്നും ദീര്‍ഘകാലം അധികാരം നിലനിര്‍ത്താമെന്നുള്ള മേയുടെ അത്യാഗ്രഹത്തിനാണു ബ്രിട്ടീഷ് ജനത തിരിച്ചടി നല്‍കിയത്.
തെരേസാ മെയ്ക്കു ഭരണംനിലനിര്‍ത്താന്‍ കഴിയുമെന്നുതന്നെയാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. കാരണം, മുഖ്യപ്രതിപക്ഷകക്ഷിയായ ലേബര്‍പാര്‍ട്ടി ആഭ്യന്തരപ്രശ്‌നംമൂലം നട്ടംതിരിയുകയായിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പു പ്രഖ്യാപിക്കപ്പെട്ടതോടെ ജെര്‍മി കോര്‍ബിന്റെ നേതൃത്വത്തില്‍ ദിനംപ്രതി ശക്തിയാര്‍ജിച്ചുവരുന്ന ലേബര്‍പാര്‍ട്ടിയെയാണു നാട്ടുകാര്‍ കണ്ടത്. സാധാരണക്കാരായ വോട്ടര്‍മാരെ കൈയിലെടുക്കാന്‍ ജെര്‍മി കോര്‍ബിന്‍ ഓരോ ദിവസവും പുതിയ ജനപ്രിയപ്രഖ്യാപനങ്ങള്‍ നടത്തി. ധനികര്‍ കൂടുതല്‍ ധനികരും പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരുമാകുന്ന തെരേസാ മേയുടെ സാമ്പത്തികനയം കോര്‍ബിന്‍ തുറന്നു കാണിച്ചു.
ജെറമി കോര്‍ബിന്‍ തെരേസാ മേയെ ടെലിവിഷന്‍ സംവാദത്തിനു വെല്ലുവിളിച്ചു. ജെറമി കോര്‍ബിന്റെ വെല്ലുവിളി സ്വീകരിക്കാതിരുന്ന തെരേസ മേയുടെ ജനപ്രിയതയ്ക്കു കോട്ടം സംഭവിച്ചു. മറുവശത്ത്, ജെറമി കോര്‍ബിനോടുള്ള ജനങ്ങളുടെ പ്രിയം ദിവസങ്ങള്‍ കഴിയുന്തോറും കൂടിക്കൂടി വന്നു. ദേശീയതലത്തില്‍ നേടിയ വോട്ടുവിഹിതത്തിലും ഇത്തവണ വലിയൊരു കുതിപ്പാണു ജെറമി കോര്‍ബിന്റെ നേതൃത്വത്തില്‍ ലേബര്‍പാര്‍ട്ടി നടത്തിയിട്ടുള്ളത്. 30 ശതമാനത്തില്‍നിന്നും 40 ശതമാനമായാണ് അതുയര്‍ന്നത്. സീറ്റിന്റെ കാര്യത്തിലും വലിയ നേട്ടമുണ്ടാക്കി. 30 സീറ്റുകള്‍ അവര്‍ അധികമായി സ്വന്തമാക്കി.
ഈ അപ്രതീക്ഷിതവിജയം ലേബര്‍പാര്‍ട്ടിയില്‍ ജെറമി കോര്‍ബിന്റെ നേതൃത്വം അരക്കിട്ടുറപ്പിച്ചു. രണ്ടരവര്‍ഷംമുന്‍പുണ്ടായ കനത്തപരാജയം ഏറ്റെടുത്ത് എഡ്വേര്‍ഡ് സാമുവല്‍ മില്ലി ബാന്‍ഡ് സ്ഥാനമൊഴിഞ്ഞപ്പോള്‍ ലേബര്‍പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്നയാളായിരുന്നു ജെറമി കോര്‍ബിന്‍. നേതാവാകാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. വെനസ്വേല മുന്‍ നേതാവ് ഹ്യൂഗോഷാവോസിനെ ഇഷ്ടപ്പെടുന്ന ജെറമി കോര്‍ബിന്‍ സാധാരണക്കാര്‍ക്കിടയിലും പട്ടിണിപാവങ്ങള്‍ക്കിടയിലും പ്രവര്‍ത്തിച്ച് ഉയര്‍ന്നുവന്നയാളാണ്.
മദ്യപിക്കാത്ത, മാംസാഹാരിയല്ലാത്ത ജെറമി കോര്‍ബിന്‍ വിലകുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച്, കാല്‍നടയായും സൈക്കിളിലും യാത്ര ചെയ്യുന്ന ജനനേതാവാണ്. ജെറമി കോര്‍ബിന് ഇതുവരെയായിട്ട് സ്വന്തമായി ഒരു വീടുപോലുമില്ല. വാടകവീട്ടിലാണ് ഈ നേതാവിന്റെ താമസം. രാഷ്ട്രീയത്തില്‍നിന്ന് ഇതുവരെയായി ഒന്നും നേടിയിട്ടില്ല. പാവങ്ങള്‍ക്കുവേണ്ടിയും രാഷ്ട്രത്തിനുവേണ്ടിയുമാണു ജെറമി കോര്‍ബിന്‍ തന്റെ ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്നത്. സമാധാനത്തിനും നീതിക്കും വേണ്ടി എന്നും നിലകൊള്ളുന്ന നേതാവാണു ജെറമി കോര്‍ബിന്‍.
ഭീകരതയ്‌ക്കെതിരേ പോരാടാനെന്ന പേരില്‍ അമേരിക്കയോടൊപ്പം ചേര്‍ന്നു മറ്റു രാജ്യങ്ങള്‍ക്കുമേല്‍ സൈനികനടപടിക്കു മുതിരുന്ന തന്റെ രാജ്യത്തിനെപ്പോലും നിശിതമായി വിമര്‍ശിച്ചിട്ടുണ്ട് അദ്ദേഹം. യുദ്ധങ്ങള്‍ക്കെതിരേ പ്രത്യേകിച്ച്, ഇറാന്‍ യുദ്ധത്തിനെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത നേതാവാണു ജെറമി കോര്‍ബിന്‍. ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മിയെയും ഫലസ്തീനിലെ ഹമാസിനെയും പിന്തുണയ്ക്കുന്ന നേതാവുകൂടിയാണ്.
ഇതുകൊണ്ടെല്ലാം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ കണ്ണിലെ കരടായിരുന്നു ജെറമി കോര്‍ബിന്‍. അദ്ദേഹത്തെ നേതൃസ്ഥാനത്തുനിന്നു പുറത്താക്കാന്‍ സഹ എം.പിമാര്‍ ശ്രമിച്ചിരുന്നു. സഹപ്രവര്‍ത്തകരില്‍നിന്ന് കടുത്ത വിമര്‍ശനം നേരിടേണ്ടിവന്ന ജെറമി കോര്‍ബിന്റെ പാര്‍ലമെന്റിലെ സ്ഥാനവും അക്കാരണത്താല്‍ പിന്‍ബെഞ്ചിലായിരുന്നു. സ്വകാര്യവല്‍ക്കരണത്തിനെതിരേയും യുദ്ധങ്ങള്‍ക്കെതിരേയും നിലപാടെടുത്ത ജെറമി കോര്‍ബിനെ ജനവിരുദ്ധനായാണ് ലേബര്‍പാര്‍ട്ടിക്കാര്‍പോലും കരുതിയിരുന്നത്.
അതേസമയം, അദ്ദേഹത്തിന്റെ ജനപിന്തുണ വര്‍ധിക്കുകയാണുണ്ടായത്. ലേബര്‍പാര്‍ട്ടിയുടെ തെറ്റായ നയങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്താന്‍ ജെറമി കോര്‍ബിനു മടിയുണ്ടായിരുന്നില്ല. 2015 ല്‍ ബ്രിട്ടന്റെ ഏറ്റവും ജനകീയനായ നേതാവായി ജെറമി കോര്‍ബിന്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 62 ശതമാനത്തിലധികംപേരുടെ പിന്തുണയാണു കോര്‍ബിന് അഭിപ്രായ വോട്ടെടുപ്പില്‍ ലഭിച്ചത്. ബഹുഭൂരിപക്ഷം യുവാക്കളുടെയും പിന്തുണ ലഭിച്ചത് ജെറമി കോര്‍ബിനായിരുന്നു.
ബ്രിട്ടനിലെ ഷ്രോപ്പ് ഷെയറിലാണ് ജെറമി കോര്‍ബിന്‍ ജനിച്ചത്. സോഷ്യലിസ്റ്റുകളായിരുന്നു മാതാപിതാക്കള്‍. അവര്‍ നടത്തിയിരുന്ന രാഷ്ട്രീയചര്‍ച്ചകള്‍ കേട്ടാണു വളര്‍ന്നത്. നാട്ടിലെ പബ്ലിക്ക് സ്‌കൂളിലും നോര്‍ത്ത് ലണ്ടന്‍ കോളജിലുമാണു പഠിച്ചത്. ബിരുദപഠനം പൂര്‍ത്തീകരിച്ചില്ല. അപ്പോഴേക്കും രാഷ്ട്രീയം തലയ്ക്കുപിടിച്ചിരുന്നു. 15 ാം വയസില്‍ ലേബര്‍പാര്‍ട്ടിയുടെ അനുയായിയായി. 25 ാം വയസില്‍ നോര്‍ത്ത് ലണ്ടനിലെ ഹാരിഗേയില്‍ കൗണ്‍സില്‍ സീറ്റില്‍ വിജയിച്ചു. ഇതു രാഷ്ട്രീയജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ പ്രചോദനമായി. 34 ാം വയസില്‍ ലണ്ടനിലെ ഇസ്ലിങ്ടണ്‍ നോര്‍ത്തില്‍നിന്നു പാര്‍ലമെന്റ് അംഗമായി.
ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും സര്‍ക്കാര്‍ കൂടുതല്‍ പണം ചെലവഴിക്കണമെന്നും കോര്‍പ്പറേറ്റുകള്‍ക്കുമേല്‍ ഉയര്‍ന്ന നികുതി ചുമത്തണമെന്നും ശക്തമായി വാദിക്കുന്ന നേതാവാണു ജെറമി കോര്‍ബിന്‍. മുപ്പതുവര്‍ഷത്തിലധികമായി അദ്ദേഹം ഈ ആവശ്യങ്ങളില്‍ അടിയുറച്ചു നില്‍ക്കുന്നുണ്ട്. മറ്റു ബ്രിട്ടീഷ് രാഷ്ട്രീയനേതാക്കളില്‍നിന്നു ജെറമി കോര്‍ബിനെ വേറിട്ടു നിര്‍ത്തുന്നത് ഇതുപോലെയുള്ള പെരുമാറ്റരീതികളും വിട്ടുവീഴ്ചയില്ലാത്ത സമീപനങ്ങളുമാണ്. നയസമീപനങ്ങളില്‍ വളരെ വേഗത്തില്‍ മാറ്റം വരുത്തുന്ന മറ്റു നേതാക്കളില്‍നിന്നു വ്യത്യസ്തനാണ് അദ്ദേഹം.
ഓസ്‌ട്രേലിയയിലെ 'ഇന്ത്യന്‍ ടൈംസ് '
എഡിറ്ററാണു ലേഖകന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."