വാറന്റ് കേസിലെ പ്രതിയെ പൊലിസും അഭിഭാഷകനും ചേര്‍ന്ന് മര്‍ദിച്ചെന്ന്
മാനന്തവാടി: ചെക്ക് കേസിലെ വാറണ്ട് പ്രതിയെ പൊലിസുകാരനും അഭിഭാഷകനും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. അപ്പപ്പാറ പി.എച്ച്.സി ജീവനക്കാരനായ ഒണ്ടയങ്ങാടി പേടപ്പാട്ട് ബേബി (52) നാണ് മര്‍ദനമേറ്റത്. മുഖത്തും ചുണ്ടിലും മുറിവേല്‍ക്കുകയും കൈക്കും കാലിനു ബൂട്ടുകൊണ്ട് ചവിട്ടിയപാടുകകളും ഉണ്ട്.
തൊടുപുഴ സി.ജെ.എം കോടതിയിലെ രണ്ട് ചെക്ക് കേസുകളില്‍ ബേബിക്കെതിരേ വാറണ്ട് നിലനില്‍ക്കുന്നുണ്ട്. ഈ കേസില്‍ പ്രതിയെ പൊലിസ് സഹായത്തോടെ പിടികൂടാനായി തൊടുപുഴ ബാറിലെ അഭിഭാഷകന് ഷാജി ജോസഫ് മാനന്തവാടി സ്റ്റേഷനിലെ സി.പി.ഒ കെ.ജി ശശിയുടെ സഹായത്തോടെ വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ ബേബിയുടെ വീട്ടില്‍ എത്തുകയും സ്റ്റേഷനിലേക്ക് വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ കേസ് ഈ മാസം 23ന് കോടതി പരിഗണിക്കുന്നുണ്ടെന്നും മാതാവ് മരിച്ചിട്ട് നാല് ദിവസം മാത്രമേ ആയിട്ടുള്ളൂവെന്ന് പറഞ്ഞതോടെ ഇരുവരും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് ജില്ല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബേബി പറയുന്നു.
അതേസമയം സ്റ്റേഷനിലേക്ക് വരാനായി കാത്തു നില്‍ക്കുകയും അകത്ത് നിന്ന് ഫോണ്‍ ചെയ്തുകൊണ്ടിരുന്ന ബേബി തന്നെ തള്ളിയിട്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നെന്നും ഓടുന്നത് തടയാന്‍ ശ്രമിച്ച തന്നെയും അഭിഭാഷകനെയും ബേബി മര്‍ദിക്കുകയായിരുന്നുവെന്നും പൊലിസുകാരന് ശശിയും പറയുന്നു. വിവരമറിഞ്ഞ് മാനന്തവാടിയില്‍ നിന്നും കൂടുതല്‍ പൊലിസ് എത്തി ബേബിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പരുക്കേറ്റ ശശിയും ജില്ല ആശുപത്രിയില്‍ ചികിത്സ തേടി. അഭിഭാഷകന് പ്രാഥമിക ചികിത്സയും തേടി. സംഭവം അറിഞ്ഞ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ആശുപത്രിയില്‍ തടിച്ചുകൂടിയത് ബഹളത്തിന് ഇടയാക്കി. മാനന്തവാടി സി.ഐ പി.കെ മണിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലിസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."