മരടിലെ ഫ്‌ളാറ്റുകള്‍ ആറുസെക്കന്‍ഡിനുള്ളില്‍ നിലംപൊത്തും; പത്ത് മീറ്ററിനപ്പുറം പ്രകമ്പനമുണ്ടാകില്ല
കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ വേണ്ടത് ആറ് സെക്കന്‍ഡില്‍ താഴെ സമയമെന്ന് പൊളിക്കല്‍ ചുമതല ഏറ്റെടുത്ത കമ്പനികള്‍ അറിയിച്ചു. ഇതിനുള്ള നടപടികള്‍ ഒന്നരമാസം കൊണ്ട് പൂര്‍ത്തിയാകും. പൊളിക്കുന്ന സമയത്ത് ഫ്‌ളാറ്റിന്റെ പത്തുമീറ്റര്‍ ചുറ്റളവിനപ്പുറത്തേയ്ക്ക് പ്രകമ്പനമുണ്ടാകില്ല.
രണ്ടു രീതികളാണ് സാധാരണയായി ഉപയോഗിക്കുന്നത്. ഒന്ന് കെട്ടിടം പാടെ നിലംപൊത്തുന്ന രീതിയാണ്.അപ്രകാരം 19 നിലകളുള്ള ഒരു കെട്ടിടത്തിന്റെ അഞ്ചുനിലകളില്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിക്കും. കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ ആദ്യം സ്‌ഫോടനമുണ്ടാകും. നിമിഷങ്ങള്‍ക്കുള്ളില്‍ കെട്ടിടം നിലംപതിക്കും. മറ്റൊരു രീതി ലംബാകൃതിയിലുള്ള മൂന്നു ഭാഗങ്ങളായി കെട്ടിടം പൊളിക്കുന്നതാണ്. ഫ്‌ളാറ്റുകള്‍ നില്‍ക്കുന്ന സ്ഥലവും പരിസരവും പരിഗണിച്ചായിരിക്കും ഏതു രീതി സ്വീകരിക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.
കൗണ്‍സിലിന്റെ അനുമതിയോടെ ഫ്‌ളാറ്റുകള്‍ കരാര്‍ ഏറ്റെടുക്കുന്ന കമ്പനികള്‍ക്ക് ഔദ്യോഗികമായി ഇന്ന് കൈമാറും. പത്തുദിവസത്തിനകം പൊളിക്കല്‍ തുടങ്ങണമെന്നാണ് നിര്‍ദേശമെന്ന് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ മരട് നഗരസഭാ സ്‌പെഷല്‍ സെക്രട്ടറി സ്‌നേഹില്‍ കുമാര്‍ അറിയിച്ചു. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനു മുന്‍പായി സുരക്ഷിതത്വ മാനദണ്ഡങ്ങള്‍ നിശ്ചയിക്കും. പരിസരവാസികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളോ, വീടുകള്‍ക്കും മറ്റും നാശനഷ്ടമോ പരമാവധി ഒഴിവാക്കുന്ന വിധത്തിലായിരിക്കും കെട്ടിടങ്ങള്‍ പൊളിക്കല്‍. പാരിസ്ഥിതിക നാശവും ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തും. നാശനഷ്ടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കാന്‍ കമ്പനികള്‍ നടപടി സ്വീകരിക്കും.
പൊളിക്കുന്നതിന് മുന്‍പുതന്നെ നൂറു മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് രേഖാമൂലം അറിയിപ്പ് നല്‍കും. വേണ്ട മുന്‍കരുതലുകള്‍ എടുത്ത ശേഷമായിരിക്കും പൊളിക്കല്‍ തുടങ്ങുകയെന്ന് ടെക്‌നിക്കല്‍ കമ്മിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."