മീരയോ, ഷിന്‍ഡെയോ...ബി.ജെ.പിയുടെ ദലിത് കാര്‍ഡിനെ പ്രതിരോധിക്കാന്‍ കച്ചകെട്ടി കോണ്‍ഗ്രസും
ന്യൂഡല്‍ഹി: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ദലിത് കാര്‍ഡിറക്കി കളിക്കുന്ന ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് കച്ചകെട്ടുന്നു. കൂടുതല്‍ സ്വീകാര്യതയുള്ള ദലിത് സ്ഥാനാര്‍ഥിയെയോ രാഷ്ട്രീയത്തിനും മതത്തിനുമപ്പുറം പ്രതിച്ഛായയുള്ള സ്ഥാനാര്‍ഥിയെയോ കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം. മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാറും മുന്‍ ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുമാണ് കോണ്‍ഗ്രസ് സാധ്യതാ ലിസ്റ്റിലെന്നാണ് വിവരം.
ജഗ്ജീവന് റാമിന്റെ മകളായ മീര ബിഹാറുകാരിയാണെന്നത് സാധ്യതയ്ക്ക് ആക്കം കൂട്ടുന്നു. നിതീഷ് കുമാറിനു പുറമെ മായാവതിയുടെ പിന്തുണയും മീരയ്ക്ക് പാര്‍ട്ടി പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ചെറിയ ചില അഴിമതി ആരോപണങ്ങള്‍ അവര്‍ക്കെതിരെ ഉണ്ടെന്നത് പ്രതികൂലമാവുമോ എന്ന് ഒരു ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
മുന്‍ ഗവര്‍ണറും മഹാത്മാഗാന്ധിയുടെ കൊച്ചുമകനുമായ ഗോപാല്‍കൃഷ്ണ ഗാന്ധിയുടെ പേരു നേരത്തെ മുതല്‍ പരിഗണയിലുണ്ടെങ്കിലും ബി.ജെ.പി ദലിത് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിന്റെ സാധ്യത മങ്ങി. ഭരണഘടനാ ശില്പി ബി.ആര്. അംബേദ്കറുടെ കൊച്ചുമകന് പ്രകാശ് അംബേദ്കറുടെ പേരും പറഞ്ഞു കേള്‍ക്കുന്നുണ്ട്.
മറ്റു പാര്‍ട്ടികളോടും കൂടി ചര്‍ച്ച ചെയ്തതിനു ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ. ദലിത് സ്ഥാനാര്‍ഥിയില്ലെങ്കില്‍ ബി.ജെ.പിയെ പിന്തുണയ്ക്കുമെന്ന് ബി.എസ്.പി നേതാവ് മായാവതി വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ എസ്.പി (മുലായം), ബിജു ജനതാദള്‍ എന്നീ പാര്‍ട്ടികളും റാം നാഥ് കോവിന്ദിനെ പിന്തുണയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."